തിരുവനന്തപുരം> ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അടുപ്പക്കാരനും യുഡിഎഫ് ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായിരുന്ന ടി പി ശ്രീനിവാസൻകൂടി ബിജെപിയിൽ ചേക്കേറി. ഇതോടെ ഇനി ബിജെപിയിലേക്ക് അടുത്തതാര് എന്ന ചോദ്യമാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കളുടെ ഏറ്റവും അടുത്ത ആളായിരുന്ന മുൻ അംബാസഡർകൂടിയായ ശ്രീനിവാസൻ. കഴിഞ്ഞദിവസം മോഡി പങ്കെടുത്ത ബിജെപി പൊതുയോഗത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്തായിരുന്നു ബിജെപി പ്രവേശം.
യുഡിഎഫ് സർക്കാരുകൾ വൈസ് ചാൻസലർ പദവിയും പിന്നീട് പിഎസ്സി ചെയർമാൻ പദവിയും നൽകിയ കെ എസ് രാധാകൃഷ്ണൻ ഇപ്പോൾ ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയാണ്. രാധാകൃഷ്ണനു പിന്നാലെ ശ്രീനിവാസനും ചേർന്നതോടെ ചില കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചനയുണ്ട്. കെപിസിസി സംഘടിപ്പിക്കുന്ന മിക്ക പരിപാടികളിലും പഠനക്യാമ്പുകളിലും നിത്യസാന്നിധ്യമായിരുന്നു ശ്രീനിവാസനും രാധാകൃഷ്ണനും. ശ്രീനിവാസന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകാനുള്ള യോഗ്യതയില്ലെന്നും ആരോപണമുണ്ടായിരുന്നു. അക്കാദമിക് വിദഗ്ധനല്ലാത്തയാളെ കൗൺസിൽ വൈസ് ചെയർമാനാക്കിയതിനെതിരെ ചില കോൺഗ്രസുകാരും അന്ന് രംഗത്തെത്തി.
എന്നാൽ, ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തനായതിനാൽ സ്ഥാനം ഉറപ്പിച്ചു. ശശി തരൂരിന് തിരുവനന്തപുരത്ത് മത്സരിക്കാൻ വഴിയൊരുക്കിയതും ശ്രീനിവാസനായിരുന്നു. തരൂരിനെപ്പറ്റി പുസ്തകം വരെ എഴുതി. എഐസിസി അംഗവും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റുമായിരുന്ന ജി രാമൻനായർ ഇപ്പോൾ ബിജെപിയുടെ ഉപാധ്യക്ഷനാണ്. യുഡിഎഫ് ഭരണകാലത്ത് വനിതാ കമീഷൻ ആയിരുന്ന ജെ പ്രമീളാദേവി ബിജെപി സംസ്ഥാന സമിതി അംഗവുമായി. ചെന്നിത്തലയുടെ വിശ്വസത്നായിരുന്ന സെൻകുമാറും ബിജെപിയിൽ ചേക്കേറി.