കണ്ണൂർ> ഉപജാപക സംഘത്തിന്റെ പിടിയിലായ കണ്ണൂർ ഡിസിസി നേതൃത്വത്തെ പിരിച്ചുവിടാൻ കെപിസിസി തയ്യാറാവണമെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കൽ. നടപടി പാർടി ഭരണഘടനാ ലംഘനമാണ്.
‘ കണ്ണൂർ ഡിസിസിയെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി പുറത്താക്കപ്പെട്ട മമ്പറം മാധവൻ ഉൾപ്പെടെ സമാന ചിന്തഗതിക്കരുമായി യോജിച്ച് പ്രവർത്തിക്കും. കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റടക്കമുള്ളവർ രാജിവച്ച് കഴിവും തന്റേടവും ആത്മാർഥതയുമുള്ളവരെ നേതൃത്വം ഏൽപിക്കണം.
കണ്ണൂരിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രണ്ടാംനിര നേതൃത്വത്തെ ഉയർത്തി കൊണ്ടുവരാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. അതാണ് കഴിവുകെട്ടവർ ഡിസിസി നേതൃത്വത്തിലുൾപ്പെടെ വരാൻ കാരണമെന്നും രാഗേഷ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..