15 May Saturday
ഭരണപ്രതിസന്ധി രൂക്ഷം

കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌: കട്ടപ്പന നഗരസഭ വൈസ്‌ ചെയർമാൻ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
ഇടുക്കി > ഗ്രൂപ്പു പോരിനെ തുടർന്ന് കട്ടപ്പന നഗരസഭയിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കി നഗരസഭ വൈസ്‌ ചെയർമാൻ രാജിവച്ചു. വ്യാഴാഴ്‌ച രാവിലെയാണ്‌ നഗരസഭ വൈസ്‌ ചെയർമാൻ ജോയി വെട്ടിക്കുഴി നഗരസഭാ സെക്രട്ടറിക്ക്‌ രാജി സമർപ്പിച്ചത്‌. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ കൂടിയാണ്‌ ജോയി വെട്ടിക്കുഴി. വിദേശത്തു‌ പോകാനാണ്‌ രാജിവച്ചത്‌ എന്നാണ്‌‌ ഔദ്യോഗിക വിശദീകരണമെങ്കിലും വർഷങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പുപേര്‌ മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌. നഗരസഭയിൽ ചെയർപഴ്‌സൺ സ്ഥാനം ഐ ഗ്രൂപ്പ്‌ പ്രതിനിധിക്കാണ്‌‌. നഗരസഭയിൽ ചെയർപേഴ്‌സൻ വനിതാ സംവരണമായതിനാൽ ഐ ഗ്രൂപ്പ്‌ നേതാവിന്റെ നോമിനിയാണ് ഇവർ‌ ചെയർപേഴ്‌സണായത്‌. ഭരണകാര്യങ്ങളിലും എ ഗ്രൂപ്പ്‌ നേതാക്കൻമാരെ തഴഞ്ഞു.
 
വികസനപ്രവർത്തനങ്ങളിൽപോലും ഗ്രൂപ്പ്‌ പോരാണ്‌. നിയമസഭ തെരഞ്ഞെടുപ്പു‌ സമയത്ത്‌ ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ കോൺഗ്രസിലെ എ, ഐ നേതാക്കൻമാർ തമ്മിൽ മത്സരിച്ചിരുന്നു. എന്നാൽ, ജോസഫ്‌ വിഭാഗത്തിനാണ്‌ ഇടുക്കി സീറ്റ്‌ നൽകിയത്‌. ഇതോടെ ഐ ഗ്രൂപ്പ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിന്നതായും ആക്ഷേപമുയർന്നിരുന്നു. ഇതിനിടെ ഇടുക്കി സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കാത്തതുമായി ബന്ധപ്പെട്ട്‌ ഡീൻ കൂര്യാക്കോസ്‌ എംപിയുമായും ജോയി വെട്ടിക്കുഴിക്ക്‌ അമർഷമുണ്ടായിരുന്നു. വൈസ്‌ ചെയർമാൻ ഇല്ലെങ്കിൽ ധനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്താനാവില്ലാത്തതിനാൽ ഡിസിസിയൂടെ അനുമതിയോടെയാണ്‌ രാജിയെന്നാണ് ജോയി‌ വെട്ടിക്കുഴി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. എന്നാൽ, വൈസ്‌ ചെയർമാൻ സ്ഥാനം രാജിവച്ച ജോയി വെട്ടിക്കുഴി കൗൺസിലർ സ്ഥാനവും രാജിവയ്‌ക്കണമെന്നാണ്‌ ജനാഭിപ്രായം.
 
വിദേശത്തുപോകുന്ന കാലയളവിൽ വാർഡിൽ വികസനമില്ലാതാവും. ഇവിടുത്തെ താമസക്കാർക്ക് ഒരു റേഷൻ കാർഡിന് വാർഡംഗത്തിന്റെ കത്തുപോലും കിട്ടാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും ജനങ്ങൾ പറയുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരും തമ്മിൽത്തല്ലും നഗരസഭയിലെ ഭരണപ്രതിസന്ധി രൂക്ഷമാക്കി. ചില കോൺഗ്രസ്‌ നേതാക്കളുടെ ഏകാധിപത്യ ഭരണമാണ്‌ ഇപ്പോൾ നഗരസഭയിൽ നടക്കുന്നത്‌. കൂടാതെ ജോയി വെട്ടിക്കുഴിയോടൊപ്പം കൂടുതൽ കൗൺസിലർമാരും ചേരുമെന്ന്‌ സൂചനയുമുണ്ട്‌. കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ മൂലം കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ലൂയിസ്‌ വേഴമ്പത്തോട്ടം ഉൾപ്പെടെയുള്ളവർ രാജിവച്ച്‌ ഇടതുപക്ഷത്തിനൊപ്പം ചേർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top