14 November Thursday

ഗ്രൂപ്പ‌് പോരുമൂലം നേതാക്കൾ വിട്ടുനിന്നു; കെപിസിസി ധർണ പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

മലപ്പുറം> ഐ ഗ്രൂപ്പുകാർ വിട്ടുനിന്നതോടെ കെപിസിസി ആഹ്വാനംചെയ‌്ത ധർണ പൊളിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ഫണ്ട‌് വെട്ടിക്കുറയ‌്ക്കുന്നുവെന്നാരോപിച്ച‌്  വെള്ളിയാഴ‌്ച സിവിൽ സ‌്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച ധർണയാണ‌് ആളില്ലാതെ പാളിയത‌്.  പ്രതിസന്ധി രൂക്ഷമായതോടെ ശനിയാഴ‌്ച കെപിസിസി  പ്രസിഡന്റ‌് മുല്ലപ്പളളി രാമചന്ദ്രൻ ഉദ‌്ഘാടനംചെയ്യാനിരുന്ന നേതൃ ക്യാമ്പ‌് മാറ്റി.

ഗൗരവമില്ലാത്ത വിഷയമായതിനാൽ പ്രവർത്തകർ എത്തില്ലന്നറിഞ്ഞതോടെ നേതാക്കളെ പങ്കെടുപ്പിച്ച‌് ധർണ വിജയിപ്പിക്കാനാണ്‌ ഡിസിസി നേതൃത്വം കർശന നിർദേശം നൽകിയിരുന്നത‌്.  ജില്ലയിൽനിന്നുള്ള  കെപിസിസി, ഡിസിസി, ബ്ലോക്ക‌്, മണ്ഡലം ഭാരവാഹികളും അംഗങ്ങളുമടക്കം 400 നേതാക്കൾ ഉറപ്പായും പങ്കെടുക്കേണ്ട ധർണയിൽ നാൽപ്പതിൽ താഴെ  ആളുകൾമാത്രമാണ‌് എത്തിയത‌്. ഇതോടെ ധർണ ചുരുക്കി അവസാനിപ്പിച്ചു. 

വി എം സുധീരന്റെ നോമിനിയായി എത്തിയ  ഡിസിസി പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമുള്ള പോക്കിൽ പ്രതിഷേധിച്ച‌്  ഐ ഗ്രുപ്പുകാർ ഒരുമിച്ച‌് വിട്ടുനിന്നതോടെയാണ‌് ധർണ വൻ പരാജയമായത‌്. ഐ ഗ്രൂപ്പിലെ പ്രമുഖരും കെപിസിസി സെക്രട്ടറിമാരുമായ പി ടി അജയ‌്മോഹൻ, എ പി അബ്ദുൾ മജീദ‌്  എന്നിവർപോലും പങ്കെടുത്തില്ല.

എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ കെപിസിസി സാംസ‌്കാരികവിഭാഗം തലവൻ  ആര്യാടൻ ഷൗക്കത്ത‌്, സമദ‌് മങ്കട, പി കെ മുബാറക്ക‌് തുടങ്ങിയവരും ധർണയിൽ പങ്കെടുത്തില്ലെന്ന‌് എ ഗ്രൂപ്പ‌് ചൂണ്ടിക്കാട്ടുന്നു. ഡിസിസി നേതൃത്വത്തിന്റെ തന്നിഷ്ടംമാത്രമല്ല, എ ഗ്രൂപ്പിലെ ഭിന്നതയും ഐ ഗ്രൂപ്പുകാർ ഉയർത്തിക്കാണിക്കുന്നു. എന്നാൽ, കെപിസിസി ആഹ്വാനംചെയ്‌ത ധർണ മുന്നറിയിപ്പില്ലാതെ ഐ ഗ്രൂപ്പുകാർ ബഹിഷ‌്കരിച്ചെന്നാണ‌് മറുപക്ഷം പ്രചരിപ്പിക്കുന്നത‌്.

സംഘർഷസാധ്യത കണക്കിലെടുത്താണ് ശനിയാഴ‌്ച മമ്പാട്‌ സംഘടിപ്പിക്കാനിരുന്ന നേതൃ ക്യാമ്പ‌് മാറ്റിവച്ചത‌്. ഫണ്ട‌് വിനിയോഗം സംബന്ധിച്ച തർക്കം കഴിഞ്ഞദിവസം ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിലുള്ള കൈയാങ്കളിയിലെത്തിയിരുന്നു.  എ ഗ്രൂപ്പ‌് നേതാക്കൾ  തമ്മിലുള്ള അടി വാർത്തയായതോടെ പാർടി വലിയ നാണക്കേടിലായി. ഇതിന‌് തൊട്ടുപിന്നാലെയാണ‌് പാർടി പരിപാടികൾ ബഹിഷ‌്കരിച്ചും നേതാക്കളുടെ പ്രതിഷേധം.

രാഹുൽ ഗാന്ധി എത്തിയതോടെ സംസ്ഥാനത്താകെ കോൺഗ്രസിന‌് ഉണർവുണ്ടായെന്ന‌്   കെപിസിസി തട്ടിവിടുമ്പോഴാണ‌് അദ്ദേഹം എംപികൂടിയായ മണ്ഡലത്തിൽവരുന്ന ഡിസിസിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top