26 June Wednesday
കെ വി തോമസിനെതിരെ പടയൊരുക്കം

ഇടുക്കി നൽകേണ്ടെന്ന‌് ആന്റണി ; വേണുഗോപാൽ വയനാട്ടിലേക്ക‌്

സ്വന്തം ലേഖകൻUpdated: Saturday Mar 16, 2019

ന്യൂഡൽഹി
പി ജെ ജോസഫിന‌് ഇടുക്കിയുമില്ല. ജോസഫിന‌് ഇടുക്കി സീറ്റ‌് ഒരു കാരണവശാലും  വിട്ടുനൽകേണ്ടതില്ലെന്ന‌് ഡൽഹിയിൽ ചേർന്ന കോൺഗ്രസ‌് സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ ധാരണ.   ജോസഫ‌് വാഴ‌യ‌്ക്കനോ ഡീൻ കുര്യാക്കോസോ ഇടുക്കിയിൽ കോൺഗ്രസ‌് സ്ഥാനാർത്ഥിയാകും. ഡൽഹിയിലെ ജോലിഭാരം കാരണം ആലപ്പുഴയിൽ മൽസരിക്കുന്നില്ലെന്ന‌് പരസ്യമാക്കിയ കെ സി വേണുഗോപാലിനെ വയനാട്ടിൽ പരിഗണിക്കും. ഇക്കാര്യത്തിൽ  രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത‌് സിറ്റിങ‌് എംപി കെ വി തോമസിനെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാണ‌്. കേരളത്തിലെ സ്ഥാനാർഥികളെ നിർണയിക്കാൻ വെള്ളിയാഴ‌്ച ചേർന്ന സ‌്ക്രീനിങ്‌ കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല.

വെള്ളിയാഴ‌്ച ഡൽഹിയിൽ മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും പല സീറ്റുകളുടെയും കാര്യത്തിൽ വ്യക്തതയുണ്ടായില്ല. ശനിയാഴ‌്ച രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതി യോഗത്തിലാണ‌്  പ്രതീക്ഷ. ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലിനും മുകുൾ വാസ‌്നിക്കിനും പുറമെ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവർ  സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. 

എറണാകുളം, ഇടുക്കി, വയനാട‌്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ‌് അവ്യക്തത. വേണുഗോപാലിന്റെ രംഗപ്രവേശത്തോടെയാണ‌് വയനാട‌് അനിശ‌്ചിതത്വത്തിലായത‌്. ടി സിദ്ദിഖിനെ വയനാട്ടിൽ നിർത്താൻ കഴിഞ്ഞ സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ ഏറെക്കുറെ ഉറപ്പിച്ചതാണ‌്. വേണുഗോപാൽ മൽസരിക്കുകയാണെങ്കിൽ വയനാട്ടിൽ പരിഗണിക്കപ്പെട്ടിരുന്ന ടി സിദ്ദിഖിന‌് വടകരയിലേക്ക‌് മാറേണ്ടി വരും. വടകരയിൽ കെ കെ രമയെ പിന്തുണയ‌്ക്കേണ്ടതില്ലെന്ന‌് സ‌്ക്രീനിങ‌് കമ്മിറ്റിയിൽ ധാരണയായി.

നിലവിലെ ദേശീയ സാഹചര്യത്തിൽ പരമാവധി സീറ്റുകളിൽ കോൺഗ്രസ‌് മൽസരിക്കേണ്ടതുണ്ടെന്ന ന്യായം കാട്ടിയാണ‌് ജോസഫിനെ വെട്ടിയത‌്. രാജ്യസഭാ സീറ്റ‌് ജോസ‌് കെ മാണിക്ക‌് നൽകിയപ്പോൾ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന‌് ജോസഫിന‌് ഉറപ്പുനൽകിയ ഉമ്മൻ ചാണ്ടിയും അവസാനനിമിഷം കൈവിട്ടു. ഇടുക്കി മറ്റാർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന‌്  എ കെ ആന്റണിയും നിലപാട‌് സ്വീകരിച്ചു.

എറണാകുളത്ത‌് കെ വി  തോമസിന‌് പകരം ഹൈബി ഈഡനെ മൽസരിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട‌്. എന്നാൽ സിറ്റിങ‌് എംപിമാരോട‌് മാറിനിൽക്കാൻ ആവശ്യപ്പെടാനാകാത്ത സാഹചര്യമായതിനാൽ എറണാകുളത്തിന്റെ കാര്യത്തിലും രാഹുൽ അന്തിമ തീരുമാനമെടുക്കും.

എംപിയെന്ന നിലയിൽ പ്രകടനം മോശമായിരുന്നുവെന്ന എഐസിസി സർവ്വേയുടെ ചുവടുപിടിച്ചാണ‌് തോമസിനെതിരായ പടനീക്കം. ആലപ്പുഴയിൽ ഷാനിമോൾ ഉസ‌്മാനിന്റെ പേരിനൊപ്പം  അടൂർ പ്രകാശും പരിഗണനയിലുണ്ട‌്. അടൂർ പ്രകാശ‌് ആലപ്പുഴയിലേക്ക‌് വന്നാൽ ഷാനിമോൾക്ക‌് ആറ്റിങ്ങലിലേക്ക‌് മാറേണ്ടി വരും. ചാലക്കുടിയിൽ ബെന്നി ബഹന്നാനും മുൻ എംപി കെ പി ധനപാലനുമാണ‌് പരിഗണനയിൽ. പത്തനംത്തിട്ടയിൽ സിറ്റിങ‌് എംപി ആന്റോ ആന്റണി തന്നെ മൽസരിക്കും. പാലക്കാട‌് വി കെ ശ്രീകണ‌്ഠൻ, ആലത്തൂർ രമ്യാ ഹരിദാസ‌്, കാസർകോഡ‌് സുബ്ബയ്യറായ‌് എന്നിവരാണ‌് പരിഗണിക്കപ്പെടുന്നത‌്.

സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിന‌് മുമ്പായി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയുമായി കൂടിക്കാഴ‌്ച നടത്തി. എറണാകുളത്തെ എതിർനീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെ വി തോമസ‌് കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ‌്നിക്കിനെ കണ്ടു. എന്തുവന്നാലും ശനിയാഴ‌്ച തന്നെ കോൺഗ്രസ‌് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന‌് ചെന്നിത്തല മാധ്യമങ്ങളോട‌് പറഞ്ഞു.

കോൺഗ്രസ‌് പട്ടിക വരുന്നത‌് വരെ കാത്തിരിക്കാനാണ‌് പിജെ  ജോസഫിന്റെ തീരുമാനം. താൻ ഇപ്പോഴും ശുഭാപ‌്തി വിശ്വാസത്തിലാണെന്നും ശനിയാഴ‌്ച തീരുമാനം പ്രഖ്യാപിക്കുമെന്നും  ജോസഫ‌് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top