കോൺഗ്രസ് പുനഃസംഘടന: സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിയായേക്കും
തിരുവനന്തപുരം > ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാൻ ആലോചന. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ കെപിസിസി പുനഃസംഘടന നടക്കുമെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായുള്ള തർക്കത്തിൽ ഉടക്കിനിന്ന സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറി സ്ഥാനവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും വാഗ്ദാനം ചെയ്‌താണ് കോൺഗ്രസിലെത്തിച്ചത്.
കടുത്ത മുസ്ലീംവിരുദ്ധ പരാമർശങ്ങളിലും രാഹുൽഗാന്ധിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപം പിൻവലിക്കുകയും ചെയ്യും മുന്നേ സന്ദീപിനെ സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ടായിരുന്നു. ഇത് തീരും മുമ്പാണ് പുതിയ സ്ഥാനംകൂടി നൽകുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കം സതീശൻ വിഭാഗം നടത്തുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വം അനുകൂല നിലപാടിലല്ല. സതീശനും താനും ഒരുമിച്ചാണ് ചുമതലയേറ്റതെന്നും മാറ്റമുണ്ടെങ്കിൽ ഒരുമിച്ചായിരിക്കുമെന്നുമാണ് സുധാകരന്റെ നിലപാട്. ഈ സാഹചര്യത്തിൽ സുധാകരനെതിരെ നിലപാട് കടുപ്പിക്കേണ്ടതില്ലെന്ന അഭിപ്രായത്തിലേക്ക് സതീശനും എത്തിയിട്ടുണ്ട്.
കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒഴിവുകളിലേക്ക് നിരവധിയാളുകൾ കണ്ണുവെച്ചിട്ടുണ്ട്. നൂറോളം സെക്രട്ടറിമാരാണ് കെപിസിസിക്ക് ഉള്ളത്. സെക്രട്ടറിമാരുടെ ഒഴിവിലേക്കും കുപ്പായം തുന്നി കാത്തിരിക്കുന്നവരുണ്ട്. സെക്രട്ടറിമാരെ ഒന്നാകെ മാറ്റി പുതിയ ആളുകളെ നിയമിക്കണോ ഒഴിവുകളിലേക്ക് മാത്രം പേരുകൾ ആലോചിക്കണമോയെന്ന ചർച്ചയും കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്.
പുനഃസംഘടന നടന്നാൽ തലസ്ഥാന ജില്ലയിലടക്കം പ്രസിഡന്റുമാർക്ക് സ്ഥാനചലനവുമുണ്ടായേക്കും.
0 comments