21 June Monday

തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസില്‍ ഫണ്ട് തിരിമറി വിവാദം

കെ ടി ശശിUpdated: Sunday May 9, 2021

കണ്ണൂര്‍> നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി സൃഷ്ടിച്ച ആഘാതത്തിനുപിന്നാലെ നേതാക്കളുടെ വന്‍ സാമ്പത്തിക തിരിമറി വിവാദവും ജില്ലയില്‍ കോണ്‍ഗ്രസിനെ അടിമുടി ഉലയ്ക്കുന്നു. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മമ്പറം ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഡിസിസി ഓഫീസ് പുനര്‍നിര്‍മാണത്തിനും ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിലയ്ക്കുവാങ്ങുന്നതിനുമായി പിരിച്ച ദശകോടികള്‍ എവിടെയാണെന്നാണ് മമ്പറം ദിവാകരന്‍ ചോദിച്ചത്.
  
  ചിറക്കല്‍ സ്‌കൂളിനുവേണ്ടി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ 30 കോടി രൂപ പിരിച്ചെന്നാണ് മമ്പറം ദിവാകരന്‍ പറയുന്നത്. ഡിസിസി ഓഫീസിന്റെ കണക്ക് പറഞ്ഞിട്ടില്ല. എന്നാല്‍, 20 കോടിയില്‍ കുറയില്ലെന്ന് മറ്റു ചില നേതാക്കള്‍ രഹസ്യമായി പറയുന്നു. ഇതു ശരിയാണെങ്കില്‍ 50 കോടി എവിടെ പോയെന്നാണ് കെ സുധാകരനും ഡിസിസി നേതൃത്വവും വ്യക്തമാക്കേണ്ടത്.

    ഡിസിസി ഓഫീസിന്റെപേരില്‍ നടന്ന വ്യാപക പിരിവിന്റെ ഏകദേശചിത്രം രണ്ടു വര്‍ഷം മുമ്പ് പാര്‍ടി വിട്ട മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം വെളിപ്പെടുത്തിയിരുന്നു. അതിനുശേഷവും എത്രയോ തവണ പിരിവുനടന്നെന്ന് മമ്പറം ദിവാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നു.  2013ലാണ് ഡിസിസി ഓഫീസ് പുനര്‍നിര്‍മാണം ആരംഭിച്ചത്. കെ സുധാകരന്‍ ചെയര്‍മാനായ കെട്ടിടനിര്‍മാണ കമ്മിറ്റി അന്ന് ആരംഭിച്ചതാണ് പിരിവ്. എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഓഫീസ് ഉദ്ഘാടനംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

     പഴയ കെട്ടിടം പൊളിച്ചുമാറ്റി അതിലെ ഉരുപ്പടികള്‍ ആദ്യമേ വിറ്റു കാശാക്കി. ജില്ലയിലെ വിവിധ ബൂത്തു കമ്മിറ്റികള്‍ ആദ്യഘട്ടത്തില്‍തന്നെ ഒരു കോടിയോളം പിരിച്ചുനല്‍കി. പിന്നീട്, കെട്ടിടനിര്‍മാണ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വന്‍ തുക പിരിച്ചെടുത്തു. ഈ പണമൊക്കെ ആവിയായതോടെ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീണ്ടും പിരിവ്. എന്‍ജിഒ അസോസിയേഷന്‍, കര്‍ഷക കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ പോഷകസംഘടനകള്‍ മുഖേനയും പണപ്പിരിവുനടത്തി. ഇതര സംസ്ഥാനങ്ങളിലും യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലുമുള്ള കണ്ണൂര്‍ സ്വദേശികളില്‍നിന്നും ഭീമമായ തുക സമാഹരിച്ചുവെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

    ചിറക്കല്‍ സ്‌കൂളിനുവേണ്ടി പണം നല്‍കിയവര്‍ക്ക് ഇടപാട് പൊളിഞ്ഞതോടെ തുക തിരിച്ചുനല്‍കിയതായാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍, ഭൂരിഭാഗം പേര്‍ക്കും തിരിച്ചുകിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിയമനത്തിലെ വിഹിതം, എ പി അബ്ദുള്ളക്കുട്ടിയുടെ പേയ്മെന്റ് സീറ്റ് തുടങ്ങിയ വഴികളിലൂടെ എത്തിയ തുകയുടെ കണക്കും എവിടെയുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top