Deshabhimani

ഒപ്പം ക്രിമിനൽ കേസ്‌ പ്രതികളും: സ്ഥാനാർഥിക്കെതിരെ യുഡിഎഫിൽ അതൃപ്‌തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 10:54 PM | 0 min read

പാലക്കാട്‌> ഒരു കള്ളം മറയ്‌ക്കാൻ തുടരെ കള്ളങ്ങൾ പറയുകയും ക്രിമിനൽ, കൊലക്കേസ്‌ പ്രതികളെ ഒപ്പം കൊണ്ടുനടക്കുകയും ചെയ്യുന്ന സ്ഥാനാർഥി ജനങ്ങളിൽ അവമതിപ്പുണ്ടാക്കുകയാണെന്ന്‌ യുഡിഎഫ്‌ അവലോകന യോഗത്തിൽ വിലയിരുത്തൽ. കഴിഞ്ഞദിവസം പാലക്കാട്‌ ചേർന്ന യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ അവലോകനയോഗത്തിൽ നേതാക്കൾ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞു.

നീല ട്രോളി ബാഗ്‌ വിഷയത്തിൽ സ്ഥാനാർഥി പറഞ്ഞ കള്ളങ്ങൾ തിരിച്ചടിയായെന്നാണ്‌ യോഗത്തിലെ വിലയിരുത്തൽ. വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ച കേസിലെ ഒന്നും മൂന്നും പ്രതികളും ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയുടെ സന്തത സഹചാരികൾ. കെപിഎം റീജൻസിയിൽ റെയ്‌ഡ്‌ നടക്കുന്ന ദിവസം സ്ഥലത്തുനിന്ന്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുങ്ങലും പൊങ്ങലും പരിഹാസ്യമായി.

ഷാഫിയുടെ പിഎയോട്‌ ഒരു കാര്യം പറയാനാണ്‌ കെപിഎം റീജൻസിയിൽനിന്ന്‌ അദ്ദേഹത്തിന്റെ കാറിൽ കയറിയതെന്നാണ്‌ രാഹുൽ പറഞ്ഞത്‌. എങ്കിൽ എന്തുകൊണ്ട്‌ ഹോട്ടലിൽവച്ച്‌ അക്കാര്യം പറഞ്ഞില്ലെന്ന ചോദ്യമുയരുന്നു.  ഒരുമതിൽ ദൂരമുള്ള പ്രസ്‌ക്ലബ്ബിനുമുന്നിൽവച്ച്‌ കാര്യം പറഞ്ഞ്‌ സ്വന്തം കാറിൽ കയറിയെന്നും കാർ സർവീസിന്‌ കൊടുക്കേണ്ടതിനാൽ സുഹൃത്തിന്റെ കാറിൽ കോഴിക്കോട്ടേക്ക്‌ പോയെന്നും പറയുന്നു.
 ഈ സമയം കെപിഎം റീജൻസിയിൽ റെയ്‌ഡ്‌ തുടങ്ങിയിരുന്നു.

എന്നാൽ, രാത്രി രണ്ടരവരെ സ്ഥാനാർഥി റെയ്‌ഡ്‌ വിവരം അറിഞ്ഞില്ലെന്നാണ്‌ പറയുന്നത്‌. അറിഞ്ഞയുടൻ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നെന്നും പറയുന്ന സ്ഥാനാർഥി കാറിലുണ്ടെന്ന്‌ പറയുന്ന ബാഗ്‌ എന്തുകൊണ്ട്‌ ലൈവിൽ കാണിച്ചില്ലെന്ന ചോദ്യവും ഉയരുന്നു. ബാഗ്‌ ബുധൻ രാവിലെ കോഴിക്കോട്‌ മാധ്യമങ്ങൾക്ക്‌ മുന്നിലെങ്കിലും കാണിക്കാമായിരുന്നു. അതിന്‌ അടുത്ത ദിവസം പകൽ മൂന്നുവരെ കാത്തുനിന്നതെന്തിന്‌ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home