12 July Sunday

ബംഗളൂരുവിൽ നിന്ന്‌ കൊണ്ടുവന്നവരെ റോഡിൽതള്ളി; ബസ്‌ ഏർപ്പാടാക്കിയത്‌ കോൺഗ്രസ്‌, കേസ്‌

സ്വന്തം ലേഖകൻUpdated: Sunday May 17, 2020

കോട്ടയം> ബംഗളൂരുവിൽനിന്ന്‌ കൊണ്ടുവന്നവരെ വീട്ടിലെത്തിക്കാതെ നടുറോഡിലിറക്കിവിട്ടത്‌ കോൺഗ്രസ്‌ നേതാക്കളുടെ ഗുരുതരമായ ‌കോവിഡ്‌ ചട്ടലംഘനം. ബസ്‌ ഡ്രൈവറുൾപ്പെടെ മൂന്നുപേർക്കെതിരെ കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തു. ബസ് ഡ്രൈവർ മുരളി , അടൂർ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20) എന്നിവർക്കെതിരെയാണ്‌‌ പകർച്ചവ്യാധി നിയന്ത്രണ നിയമ ലംഘനത്തിന്‌  കേസെടുത്തത്‌.

രണ്ടുപേരെ കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി‌.  കെപിസിസി ഏർപ്പാടാക്കിയ ടൂറിസ്‌റ്റ്‌ ബസിൽ ‌വിദ്യാർഥികൾ ഉൾപ്പെടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലുള്ളവരെയാണ്‌ വെള്ളിയാഴ്‌ച രാത്രി വിവിധയിടങ്ങളിൽ ഇറക്കിവിട്ടത്‌. 25ഓളം പേരാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌. കോട്ടയത്ത്‌ ഇറക്കിവിട്ട രണ്ടുപേർ  അന്തർജില്ലാ യാത്രാ പാസിന്‌  കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തിയതോടെയാണ്‌ കോവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചുള്ള യാത്രാവിവരങ്ങൾ പുറത്തായത്‌. 

യാത്രക്കാരെ ഇറക്കി ബസ്‌ പോയിരുന്നു. പിന്നീട്‌ കെഎൽ 56 എച്ച്‌ 3232 ബസ്‌ പിറവം പൊലീസ് പിടികൂടി. നിരവധിപേരെ‌ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കുമളി ചെക്ക്‌ പോസ്‌റ്റിലെത്തിച്ചശേഷം കോൺഗ്രസ്‌ നേതൃത്വം കൈയൊഴിഞ്ഞതായി പരാതിയുണ്ട്‌‌. എന്നാൽ കുമളിവരെ മാത്രമേ ബസ്‌ ഏർപ്പാട്‌  ചെയ്‌തിരുന്നുള്ളൂവെന്നാണ്‌ കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്‌. അഞ്ചോളം വാഹനങ്ങളിൽ യാത്രക്കാരെ കുമളിയിലെത്തിച്ചിരുന്നു.  ബംഗളൂരുവിൽ നിന്ന്‌ ബസിൽ കയറ്റിവിട്ടത്‌ ചില ഉന്നത കോൺഗ്രസ്‌ നേതാക്കളാണെന്നും വീടുകളിലെത്തിക്കാമെന്ന്‌ പറഞ്ഞിരുന്നതായും യാത്രക്കാർ പറയുന്നു. 

കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ ഐസിഎംആറിന്റെയും സർക്കാരിന്റെയും കർശന നിർദേശങ്ങളും നിബന്ധനകളും കോൺഗ്രസ്‌ നേതൃത്വം പരസ്യമായി ലംഘിക്കുന്നതിൽ പൊതുസമൂഹത്തിൽ പ്രതിഷേധം ഉയരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top