23 September Wednesday

മുമ്പേയുണ്ട്‌ കോൺഗ്രസ്‌ ബിജെപി ഖനനമാഫിയ കൂട്ടുകെട്ട്‌ ; നിയന്ത്രിക്കാനാകാതെ ആർഎസ്‌എസ്‌ സംസ്ഥാന നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


തലശേരി
കോൺഗ്രസിനും‌ ബിജെപിക്കും ഖനനമാഫിയയുമായുള്ള കൂട്ടുകെട്ടിന്റെ കുടുതൽ വിവരം പുറത്തുവരുന്നു. ആർഎസ്‌എസ്‌ വിഭാഗ്‌ സഹ കാര്യവാഹക്‌ പാറ ശശിയുടെ വിശ്വസ്‌തനായ ചെറുവാഞ്ചേരിയിലെ രാജീവന്‌ ക്വാറിക്കും ക്രഷറിനും ലൈസൻസ്‌ നൽകിയത്‌ ഉമ്മൻചാണ്ടിയുടെ  ഭരണകാലത്ത്‌. മുൻ മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന മട്ടന്നൂർ എടയന്നൂർ സ്വദേശിമുഖേനയാണ്‌ ലൈസൻസ്‌ ശരിപ്പെടുത്തിയത്‌. ഇടനിലക്കാരനായത്‌ ക്വാറി ഉടമകൂടിയായ രാജീവ്‌ഗാന്ധി സ്‌കൂളിലെ അധ്യാപകൻ. കോൺഗ്രസ്‌–-ബിജെപി ഖനനമാഫിയ ബന്ധം മുമ്പേ ശക്തമായിരുന്നു.

കണ്ണൂർ ഡിസിസി സെക്രട്ടറി സി ജി തങ്കച്ചന്റെ അനധികൃത ക്വാറിക്ക്‌ കാവൽ നിൽക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നതല്ല കോൺഗ്രസ്‌–-ബിജെപി അവിശുദ്ധ ബന്ധം. തെരഞ്ഞെടുപ്പിലേക്കും വോട്ടുകച്ചവടത്തിലേക്കും അതുവളരുന്നതും കോടികളുടെ അടിത്തറയിലാണ്‌.

പി കെ ചാത്തുവിന്റെ ചെണ്ടയാട്ടെ സ്ഥലത്ത്‌ കരിങ്കൽക്വാറി നടത്തിയ സി ജി തങ്കച്ചനിൽനിന്ന്‌ ഓരോ ലോഡിനും കണക്കു‌പറഞ്ഞ്‌ പണം വാങ്ങിയത്‌ ആർഎസ്‌എസ്‌ നേതാക്കൾതന്നെയാണ്‌. 15 കോടി രൂപയെങ്കിലും ഇങ്ങനെ വാങ്ങിയിട്ടുണ്ടാകുമെന്നാണ്‌ കണക്ക്‌. ഈ പണമത്രയും നിക്ഷേപിക്കുന്നത്‌ ബിനാമി കച്ചവടങ്ങളിലാണ്‌. കല്ലുവളപ്പിലെ പാനൂർ ഗ്രാനൈറ്റ്‌ ക്രഷർ വി കെ ജോസിൽനിന്ന്‌ വാങ്ങിയത്‌ രാജീവനാണെങ്കിലും അതിനുപിന്നിലും ആർഎസ്‌എസ്‌ നേതാവിന്റെ പണമുണ്ട്‌. ഇങ്ങനെ ബിസിനസ്‌ സാമ്രാജ്യംതന്നെ തീർത്തു ആർഎസ്‌എസ്‌ നേതാക്കൾ.

കണ്ണൂരിലെ മാഫിയബന്ധം : നിയന്ത്രിക്കാനാകാതെ ആർഎസ്‌എസ്‌ സംസ്ഥാന നേതൃത്വം
തലശേരി
മുതിർന്ന നേതാവ് പി കെ ചാത്തു മൂന്ന്‌ കോടിയുടെ കോഴക്കഥ തുറന്നടിച്ചതിന്റെ ഞെട്ടലിൽ സംസ്ഥാന ആർഎസ്‌എസ്‌ നേതൃത്വം. കണ്ണൂരിലെ നേതാക്കളുടെ ഖനനമാഫിയാ ബന്ധവും കോടികളുടെ കോഴ ഇടപാടും സംസ്ഥാന നേതൃത്വത്തിന്‌ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്‌. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങളൊന്നും കണ്ണൂരിലെ ഒരുവിഭാഗം നേതാക്കൾ അനുസരിക്കാത്തതിന്റെ അമർഷം ആർ ഹരിയടക്കമുള്ള മുതിർന്ന ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്‌.

അനധികൃത ക്വാറി നടത്തിപ്പുകാരനായ കണ്ണൂർ ഡിസിസി സെക്രട്ടറി സി ജി തങ്കച്ചനിൽനിന്നാണ്‌ ആർഎസ്‌എസ്‌ വിഭാഗ്‌ സഹ കാര്യവാഹക്‌ പാറ ശശി  മൂന്നു കോടി രൂപ കോഴ വാങ്ങിയത്‌. കോൺഗ്രസുകാരുമായി ശശിയടക്കമുള്ളവരുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച്‌ പ്രാന്ത സഹപ്രചാരക്‌ സുദർശൻ മുമ്പേ സൂചിപ്പിച്ചിരുന്നു. കണ്ണൂരിൽ സിപിഐ എമ്മിനെതിരെ പൊരുതുന്നവരെന്ന്‌ പ്രചരിപ്പിച്ചാണ്‌ പാറ ശശി, ആറളം സജീവൻ, പി പി സുരേഷ്‌ബാബു ഉൾപ്പെടെയുള്ളവർ ആർഎസ്‌എസിൽ പ്രാമുഖ്യം നേടിയത്‌.

ഏഴ്‌ പതിറ്റാണ്ടായി ആർഎസ്‌എസിനൊപ്പം യാത്രചെയ്‌ത പി കെ ചാത്തുവിനെ ക്വാറിക്കാര്യത്തിൽ ചതിച്ചത്‌ സംഘബന്ധുക്കൾക്കിടയിലും ചർച്ചയായി.  അച്ചടക്കമുണ്ടാക്കി‌ കണ്ണൂരിലെ സംഘടനയെ ശുദ്ധീകരിക്കാൻ സംസ്ഥാന നേതൃത്വം നിയോഗിച്ചവരെല്ലാം തോറ്റുമടങ്ങിയതാണ്‌ ചരിത്രം. വിഭാഗ്‌ പ്രചാരക്‌  കൊയിലാണ്ടി സ്വദേശി രാജേഷ്‌ ഗത്യന്തരമില്ലാതെയാണ്‌ തിരിച്ചുപോയത്‌. പ്രചാരകനായി പാനൂരിലെത്തിയ കോഴിക്കോട്‌ സ്വദേശി പ്രമോദിനും ഉടനെ മടങ്ങേണ്ടിവന്നു.

വത്സൻ തില്ലങ്കേരി, പി പി സുരേഷ്‌ബാബു, പാറ ശശി എന്നിവരുൾപ്പെടുന്ന സംഘമാണ്‌ കണ്ണൂരിൽ ആർഎസ്‌എസ്സിനെ നിയന്ത്രിക്കുന്നത്‌. ഇവരുടെ അപ്രീതിക്കിരയായാൽപിന്നെ സംഘബന്ധുക്കൾക്കും രക്ഷയില്ല . സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ തിരുവോണനാളിൽ വധിക്കാനെത്തിയ സംഘത്തിൽ ഉൾപ്പെട്ടതോടെയാണ്‌ പാറ ശശി നേതൃത്വത്തിന്‌ പ്രിയങ്കരനായത്‌. കച്ചവടത്തിലും ധനസമ്പാദനത്തിലും മാത്രമാണ്‌ കണ്ണൂരിലെ നേതാക്കളിൽ പലരുടെയും കണ്ണ്‌. ഇക്കാര്യം അണികളും തിരിച്ചറിയുകയാണ്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top