09 December Friday

ശബരിമലയുടെ പേരില്‍ രാഷ‌്ട്രീയപ്രേരിത സമരം: കോടിയേരി

പ്രത്യേക ലേഖകൻUpdated: Monday Oct 15, 2018

തിരുവനന്തപുരം
ശബരിമല സ‌്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാനത്ത‌് നടക്കുന്നത‌് വിശ്വാസ സംരക്ഷണ സമരമല്ലെന്നും തികച്ചും രാഷ‌്ട്രീയ സമരമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കേവലമായ രാഷ‌്ട്രീയ നേട്ടങ്ങൾക്ക‌ു വേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും ചൂഷണംചെയ‌്തും നടത്തുന്ന ഇത്തരം നീക്കങ്ങൾ അത്യന്തം അപകടകരമാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവരുടെ നേതൃയോ​ഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഒറ്റക്കെട്ടായി  കോൺഗ്രസും ബിജെപിയും
ഇത്തരത്തിൽ സമരം നടത്താൻ ബിജെപിക്കും കോൺഗ്രസിനും രാഷ‌്ട്രീയ കാരണങ്ങളുണ്ട‌്. അത‌് എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷമുണ്ടായ രാഷ‌്ട്രീയമാറ്റമാണ‌്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെ തുടർന്ന‌് രാഷ‌്ട്രീയ ബലാബലത്തിൽ എൽഡിഎഫ‌് കരുത്താർജിച്ചുവരികയാണ‌്.  ഇതിൽ സഹികെട്ടാണ‌് ഓരോരോ കാരണങ്ങൾ ഉണ്ടാക്കി സർക്കാരിനെതിരെ തിരിയുന്നത‌്. ഇതിൽ ഒടുവിലത്തേതാണ‌് ശബരിമല വിഷയം. കോൺഗ്രസും ബിജെപിയും യോജിച്ചുള്ള സമരമാണ‌് ഇതിന്റെപേരിൽ നടത്തുന്നത‌്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം രാഷ‌്ട്രീയ സമരങ്ങളെ സിപിഐ എം തുറന്നുകാട്ടും.

നിലപാട് വ്യക്തം
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും സുവ്യക്തമായ നിലപാടാണുള്ളത‌്. ഒരു വിശ്വാസത്തിനും സിപിഐ എം എതിരല്ല. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർടിയാണ‌് സിപിഐ എം. 12 വർഷമായി സുപ്രീംകോടതിയിൽ നടക്കുന്ന കേസാണിത‌്.  സിപിഐ എമ്മോ സംസ്ഥാന സർക്കാരോ കൊടുത്ത കേസുമല്ല. സംഘപരിവാറുമായി ബന്ധമുള്ള സംഘടനയുടെ നേതാവ‌് കൊടുത്ത കേസാണിത‌്. ഇതിൽ സർക്കാരിനോട‌് സുപ്രീംകോടതി നിലപാട‌് ചോദിച്ചപ്പോൾ മാത്രമാണ‌് സത്യവാങ‌്മൂലം നൽകിയത‌്.  2006ൽ അന്നത്തെ വി എസ‌് സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത‌് ക്ഷേത്രാചാരാനുഷ‌്ഠാനങ്ങൾ കൂടി നോക്കിവേണം  വിധി പുറപ്പെടുവിക്കാൻ എന്നാണ‌്.  അതേസമയം, ക്ഷേത്രപ്രവേശനത്തിൽ സ‌്ത്രീകൾക്കുണ്ടാകുന്ന വിവേചനത്തോട‌് യോജിക്കുന്നില്ല. വിധി പുറപ്പെടുവിക്കുന്നതിന‌ുമുമ്പ‌് ക്ഷേത്രാചാരങ്ങളിൽ  പണ്ഡിതരും സാമൂഹ്യപരിഷ‌്കർത്താക്കളും മറ്റും ഉൾപ്പെടുന്ന ഒരു കമീഷനെ വച്ച‌് റിപ്പോർട്ട‌് തേടണം. വിധി എന്ത‌ുതന്നെയായാലും അത‌് നടപ്പാക്കാൻ സർക്കാർ സന്നദ്ധമാണ‌്– ഇതാണ‌് സർക്കാർ നിലപാട‌്.

സർക്കാർ സത്യവാങ‌്മൂലം നൽകിയതിന‌ു പുറമെ ദേവസ്വം ബോർഡ‌്, ക്ഷേത്രം തന്ത്രികുടുംബം, രാജകുടുംബം, വിവിധ അയ്യപ്പസംഘടനകൾ എന്നിവരെല്ലാം കക്ഷിചേർന്നു. അവർക്ക‌ുവേണ്ടി സുപ്രീംകോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരാണ‌് ഹാജരായതും. സ‌്ത്രീപ്രവേശനത്തിന‌് എതിരായി ഇവരുടെയെല്ലാം വിശദവും ശക്തവുമായ വാദം കേട്ടശേഷമാണ‌് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത‌്. എന്നിട്ടും സർക്കാർ ക്ഷണിച്ച‌ുവരുത്തിയ വിധിയാണെന്ന‌് തെറ്റായി പ്രചരിപ്പിക്കുകയാണ‌്.

ഇങ്ങനെ വിധിവന്നാൽ ഭരണഘടനാ ബാധ്യത നിറവേറ്റുക മാത്രമാണ‌് സംസ്ഥാന സർക്കാരിന‌് ചെയ്യാനുള്ളത‌്. അങ്ങനെ ചെയതില്ലെങ്കിൽ നാളെ സുപ്രീംകോടതി തന്നെ സംസ്ഥാന സർക്കാരിനെ വിമർശിക്കും. അങ്ങനെ ഭരണഘടനാപരമായ കർത്തവ്യം സർക്കാർ നിർവഹിച്ചില്ലെന്ന‌്  പ്രചരിപ്പിക്കാനും ശ്രമിക്കും.

സര്‍ക്കാരിന് തുറന്ന മനസ്സ‌്
വിധിയിൽ എതിരഭിപ്രായമുള്ളവർക്ക‌് റിവ്യു ഹർജി നൽകാം. അതല്ലാതെ വിധിക്കെതിരെ സമരംചെയ്യുന്നത‌് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ‌്. വിധി നടപ്പാക്കുന്ന കാര്യത്തിലും സർക്കാരിന‌് തുറന്ന മനസ്സാണുള്ളത‌്. അതുകൊണ്ടാണ‌് വിഷയം ചർച്ചചെയ്യാൻ തന്ത്രികുടുംബത്തെയും മറ്റും ക്ഷണിച്ചത‌്. എന്നാൽ, അവർ വന്നില്ല. സർക്കാർ ഇനിയും ചർച്ചയ‌്ക്ക‌് തയ്യാറാണ‌്. സർക്കാരിന‌് ഇക്കാര്യത്തിൽ തുറന്ന മനസ്സാണുള്ളതും. 

സമരം ചെയ്യുന്നവരുടെ മുൻ നിലപാടുകൂടി പരിശോധിക്കണം. ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ‌് വിധി വന്നയുടനെ എഐസിസി ട്വീറ്റ‌് ചെയ‌്തത‌്. ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും വിധി നടപ്പാക്കുകയേ വഴിയുള്ളൂവെന്നാണ‌് ആദ്യം പറഞ്ഞത‌്. ബിജെപിയുടെയും ആർഎസ‌്എസിന്റെയും  കേന്ദ്ര–സംസ്ഥാന  നേതൃത്വങ്ങളും വിധിയെ സ്വാഗതംചെയ്യുന്ന നിലപാടാണ‌് സ്വീകരിച്ചത‌്. പിന്നീട‌് മലക്കംമറിഞ്ഞതിന‌ു പിന്നിൽ രാഷ‌്ട്രീയലക്ഷ്യം മാത്രമാണുള്ളത‌്. നവോത്ഥാന കാലഘട്ടംമുതൽ കമ്യൂണിസ‌്റ്റുകാർ സ്വീകരിച്ചുവന്ന സമീപനം വിശ്വാസ സംരക്ഷണത്തിന്റേതാണ‌്. ആരാധനാലയങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക‌് അതിന‌് അവസരമുണ്ടാകണം. പോകുന്നവർക്ക‌് പോകാം. അല്ലാത്തവർ പോകേണ്ട. ആരെയും നിർബന്ധിച്ച‌് കൊണ്ടുപോകാനോ പോകുന്നവരെ തടയാനോ സിപിഐ എം ഇല്ല.  എ കെ ജി ഗുരുവായൂർ സമരത്തിൽ പങ്കെടുത്ത‌ത‌് എ കെ ജിക്ക‌് പോകാനായിരുന്നില്ല. ജാതി–മത ഭേദമെന്യേ മുഴുവൻ വിശ്വാസികൾക്കും പോകാൻ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.

മറ്റ‌് ജില്ലകളിലും  മേഖലാ റിപ്പോര്‍ട്ടിങ് യോ​ഗങ്ങള്‍ നടന്നു.  തുടർന്നും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനാണ‌് തീരുമാനം. കൊല്ലത്തും കൊട്ടാരക്കരയിലും കേന്ദ്ര കമ്മിറ്റിയം​ഗം എ വിജയരാഘവന്‍ പങ്കെടുത്തു. ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌ും പാലക്കാട്ട‌്  സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ എൻ ബാല​ഗോപാലും റിപ്പോർട്ടിങ് നടത്തി. കോട്ടയത്തും ഏറ്റുമാനൂരിലും  കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ‌് ഐസക്കും കട്ടപ്പനയിലും അടിമാലിയിലും സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ ജെ തോമസും   തിരുവല്ലയിലും പത്തനംതിട്ടയിലും  കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും പങ്കെടുത്തു.

ആലുവയിലും പെരുമ്പാവൂരിലും കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ എംപിയും എറണാകുളത്ത‌് സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എം എം മണിയും റിപ്പോർട്ടിങ്‌ നടത്തി. തൃശൂരിലും ഇരിങ്ങാലക്കുടയിലും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ റിപ്പോർട്ടിങ‌് നടത്തി. മലപ്പുറത്തും വളാഞ്ചേരിയിലും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ റിപ്പോർട്ട‌് അവതരിപ്പിച്ചു. കോഴിക്കോട്ടും വടകരയിലും കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പങ്കെടുത്തു. കാസർകേട‌് പൊയിനാച്ചി, കാഞ്ഞങ്ങാട‌്, നീലേശ്വരം എന്നിവിടങ്ങളിൽ കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പങ്കെടുത്തു.  കണ്ണൂർ, പിലാത്തറ,  കൂത്തുപറമ്പ‌്, തളിപ്പറമ്പ‌് എന്നിവിടങ്ങളിൽ നടന്ന യോഗങ്ങ‌ളിൽ കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top