ന്യൂഡൽഹി> കോൺഗ്രസിന്റെ രാജസ്ഥാൻ ചുമതലയിൽ നിന്നും ജനറൽ സെക്രട്ടറി അജയ് മാക്കന്റെ നാടകീയ രാജി. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഭാഗക്കാരായ നേതാക്കൾക്കെതിരായി ഹൈക്കമാന്റ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. രാജസ്ഥാനിലെ ഗെലോട്ട്– സച്ചിൻ പൈലറ്റ് ഏറ്റുമുട്ടലിൽ പൈലറ്റ് വിഭാഗത്തെ പിന്തുണയ്ക്കുന്ന മാക്കന്റെ രാജി കോൺഗ്രസിനെയും പുതിയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെയും കടുത്ത പ്രതിസന്ധിയിലാക്കി.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണിയ കുടുംബം ആദ്യം താൽപര്യമെടുത്തത് ഗെലോട്ടിനെയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗെലോട്ടിനെ കൊണ്ടുവന്ന് പകരം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു നീക്കം. എന്നാൽ മുഖ്യമന്ത്രിസ്ഥാനം പൈലറ്റിന് കൈമാറാൻ ഗെലോട്ട് ഒരുക്കമായിരുന്നില്ല. മാക്കൻ അടക്കമുള്ള നേതാക്കൾ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കരുനീക്കങ്ങളുമായി ജയ്പ്പുരിൽ എത്തിയെങ്കിലും ഗെലോട്ട് വിഭാഗം എംഎൽഎമാർ കലാപകൊടി ഉയർത്തി. കേന്ദ്രനേതൃത്വം നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും ഗെലോട്ട് വിഭാഗക്കാരായ തൊണ്ണൂറോളം എംഎൽഎമാർ പങ്കെടുത്തില്ല. ഇവർ ബദൽ യോഗം ചേരുകയും ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറിയാൽ രാജിവെയ്ക്കുമെന്ന് സ്പീക്കറെ അറിയിക്കുകയും ചെയ്തു.
പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ടൂറിസം വികസന കോർപ്പറേഷൻ ചെയർമാൻ ധർമ്മേന്ദ്ര റാത്തോഡ് എന്നിവരാണ് വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇതോടെ ഹൈക്കമാന്റ് നീക്കം പാളി. ഗെലോട്ടിന് പകരം ഖാർഗെയെ പ്രസിഡന്റാക്കേണ്ടതായി വന്നു. ഗെലോട്ട് പക്ഷക്കാരായ ധരിവാൾ, ജോഷി, റാത്തോഡ് എന്നവർക്ക് ഹൈക്കമാന്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധം അറിയിച്ചാണ് ഇപ്പോൾ മാക്കന്റെ രാജി. പ്രസിഡന്റ്സ്ഥാനം നിരാകരിച്ച ശേഷം ഗെലോട്ട് ഡൽഹിയിലെത്തി സോണിയയെ കണ്ടിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്ന് പ്രസ്താവിച്ചിരുന്നു.
ഖാർഗെയ്ക്ക് കൈമാറിയ കത്തിൽ തന്റെ കോൺഗ്രസ് ബന്ധം വിശദീകരിച്ച മാക്കൻ രാഹുൽ ഗാന്ധിയുടെ ഉറച്ച അനുയായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപ്പര്യപ്പെടുന്നതെന്നും കത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..