13 December Friday

സതീശനെന്നും ബിജെപി പ്രീതി; മത്സരം ആരൊക്കെ തമ്മിലെന്നതിലും തർക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺ​ഗ്രസിനുള്ളിൽ പൊട്ടിത്തെറികളും അഭിപ്രായ ഭിന്നതകളും രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിൽ‌ മത്സരം നടക്കുന്നത് ആരും ആരും തമ്മിൽ എന്നതിൽ പോലും നേതാക്കൾക്കിടയിൽ കടുത്ത അഭിപ്രായ ഭിന്നതയാണ്. വി ഡി സതീശൻ ബിജെപിയെ കോൺ​ഗ്രസിനൊപ്പം ചേർത്തു നിർത്താനും രണ്ടാമതോ ഒന്നാമതോ എത്തിക്കാനും ആഞ്ഞു ശ്രമിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായെത്തിയതു പോലും ഇതുവരെ അം​ഗീകരിക്കാനാത്ത അവസ്ഥയിലാണ് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള വലിയൊരു വിഭാ​ഗം നേതാക്കളും.

പാർടി സംഘടനാ തെരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കുകയും, പാലക്കാട് പ്രാചരണത്തിന് ക്രിമിനൽ കൊലപാതക കേസുകളിലെ പ്രതികളെ ഒപ്പം നിർത്തുകയും കളവുമാത്രം മാറ്റിമാറ്റി മുന്നോട്ട് പോകുകയും ചെയ്യുന്ന രാഹുൽ കോൺ​ഗ്രസിനെ പടുകുഴിയിലേക്ക് തള്ളിയിടുമെന്ന് അഭിപ്രായക്കാരാണ് കോൺ​ഗ്രസിനുള്ളിൽ തന്നെയുള്ളവർ. രാഹലിന്റെയും സതീശന്റെയും ഷാഫിയുടെയും നിലപാടുകൾ ഒരു തരത്തിലും അം​ഗീകരിക്കാനാകാതെ പാലക്കാട്ടെ നിരവധി കോൺ​ഗ്രസുകാരാണ് പാർടി വിടുന്നത്. രാഹുലിന് വോട്ടു ചെയ്യില്ലെന്ന് പ്രവർത്തകർ പരസ്യമായി പറയാൻ തുടങ്ങിയതോടെ വെറിളിപിടിച്ച അവസ്ഥയിലായി സതീശനും ഷാഫിയും. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കള്ളപ്പണം ഇറക്കുന്നതും വ്യാജ മദ്യം ഒഴുക്കുന്നതും ഇതിന്റെ ഭാ​ഗമായാണ്.

പാലക്കാട് എൽഡിഎഫ് വിജയിക്കുമെന്ന ഭയത്തിലാണ് സതീശൻ മത്സരം ബിജെപിയും കോൺ​ഗ്രസും തമ്മിലാണെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സിപിഐ എം നാലാം സ്ഥാനത്തേക്ക് പോകുമെന്നാണ് സതീശന്റെ പ്രവചനം. കോൺ​ഗ്രസ് തോറ്റാലും വേണ്ടില്ല ബിജെപി പിന്നോട്ട് പോകുന്നത് സഹിക്കാനാകില്ലെന്നു തോന്നും സതീശന്റെ പ്രകടനം കണ്ടാൽ. എന്നാൽ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വനുള്ളിൽ മിക്കവരും ഈ അഭിപ്രായക്കാരല്ല.

മൽസരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇന്ന് കെ മുരളീധരനും ആവർത്തിക്കുന്നത് ഇതേ കാര്യമാണ്. പാലക്കാട്ടെ പല നിഷ്പക്ഷമതികളായ വോട്ടർമാരും മെട്രോയും കോച്ച് ഫാക്ടറിയും വരുമെന്ന് പ്രതീക്ഷിച്ച്  ശ്രീധരന് വോട്ടു ചെയ്തതു കൊണ്ടാണ് ബിജെപി അയ്യായിരത്തോളം അധിക വോട്ട് കഴിഞ്ഞ തവണ നേടിയതെന്നും ഈ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുരളീധരൻ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് കെ മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതും താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് ചിഹ്നത്തിനാണ് എന്നു പറഞ്ഞതുമെല്ലാം സ്ഥാനാർഥിക്കെതിരായ കോൺ​ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയുടെയും പൊട്ടിത്തെറികളുടെയും വ്യക്തമായ സൂചനകളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top