20 June Thursday

വി വിശ്വനാഥ മേനോന്റെ നിര്യാണത്തിൽ കോടിയേരി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

തിരുവനന്തപുരം> മുൻ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. കൊളോണിയലിസ്റ്റ് വാഴ്ചയ്ക്കെതിരായും കൊച്ചി രാജവാഴ്ചയ്ക്കെതിരായും നിരവധി സമരങ്ങളിൽ പങ്കാളിയായി.

ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ വിശ്വനാഥ മേനോൻ 1964 ൽ പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ നിലകൊണ്ടു. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. പാർലമെന്റ് അംഗമായി മികച്ച പ്രകടനം നടത്തിയ വിശ്വനാഥമേനോൻ കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക‌് നൽകുന്ന താമ്രപത്രം നിരസിച്ചു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ചാണ് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായത്.

മന്ത്രിയെന്നുള്ള നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗമായിരുന്നു. ആദരാഞ്ജലികൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top