13 December Friday

കോംട്രസ്റ്റ് പ്രതിസന്ധി: കരട് ചട്ടരൂപീകരണം അന്തിമഘട്ടത്തിൽ: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

തിരുവനന്തപുരം> പുരാവസ്തു മൂല്യമുള്ള കോഴിക്കോട് കോംട്രസ്റ്റ് ഫാക്റ്ററി സ്മാരകമായി നിലനിർത്തുന്നതിനും നെയ്ത്തുശാല പുനരുദ്ധീകരിച്ചു മ്യൂസിയവും ഉല്പാദനകേന്ദ്രവും സ്ഥാപിക്കുന്നതിനും  കരട് ചട്ടരൂപീകരണം അന്തിമഘട്ടത്തിലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. എം കെ മുനീർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥാപനം ഏറ്റെടുക്കുന്നതിനായി അക്വിസിഷൻ ആൻറ് ട്രാൻസ്ഫർ ആക്ട് നേരത്തെ നടപ്പാക്കിയിരുന്നു.

പുരാതന സ്മാരകമായി നിലനിർത്താൻ സ്ഥാപനം ഏറ്റെടുക്കുന്നതിനായി കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയെങ്കിലും  ഭൂമി കൈമാറ്റം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തുടർനടപടികൾ നിലച്ചു.ആക്ടിലെ നിയമം നൽകുന്ന അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡ് ചട്ടങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തങ്ങൾ നടത്തുന്നത്. ട്രസ്റ്റിലെ നിലവിലുള്ള പ്രശ്നപരിഹാരത്തിനായി തൊഴിലാളി സംഘടനകളെകൂടി ഉൾപ്പെടുത്തി വിപുലമായ യോഗം ചേരാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ആക്ട് രൂപികൃതമാകുന്നതിനു മുൻപ് ആകെയുള്ള 3.84 ഏക്കർ ഭൂമിയിൽ 2.08 ഏക്കർ ട്രസ്റ്റ്  വില്പന നടത്തിയിരുന്നു. ഈ ഭൂമി നൽകിയവർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് കാരണമാണ്  നടപടികൾ നിലച്ചത്. 2009 വരെ പ്രവർത്തനം നടന്ന സ്ഥാപനത്തിൽ 284 തൊഴിലാളികളിൽ പിന്നീട് വിആർഎസ് വാങ്ങി പിരിഞ്ഞു പോയി. ബാക്കിയുള്ള 107 തൊഴിലാളികൾക്ക് ഹൈക്കോടതി ഉത്തരവിനെത്തുടർന്നു  പ്രതിമാസം 5000 രൂപ സമാശ്വാസ വേതനമായി കെഎസ്‌ഐസിസി നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top