20 June Sunday

ആദ്യകാല വിപ്ലവ ഗായകൻ മണി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

പിറവം > കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകനും വിപ്ലവ ഗായകനുമായ മണീട് ചീരക്കാട്ട്പാറ തുറയിൽ കുറുമ്പൻ (മണി സഖാവ്, 83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ. എ കെ ജി, ഇ എം എസ്, സുന്ദരയ്യ തുടങ്ങിയ നേതാക്കളുടെ വേദികളിൽ വിപ്ലവ ഗാനങ്ങൾ പാടി പ്രശസ്‌തി നേടിയിട്ടുണ്ട്‌. ജന്മനാ അന്ധനായ മണി തന്റെ പാട്ടുകൾ കൊണ്ട്‌ പാർടി പ്രവർത്തകർക്കിടെയിൽ വളരെ വേഗം സുപരിചിതനായി തീർന്നു. ടി കെ രാമകൃഷ്ണനാണ് മണിയെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക് കൈപിടിച്ച് കയറ്റിയത്. ടി കെ രാമകൃഷ്‌ണൻ ഒളിവിൽ കഴിഞ്ഞ സമയത്താണ്‌ ഇരുവരും പരിചയപ്പെട്ടത്‌. തൃപ്പൂണിത്തുറ ആസാദ് മൈതാനിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ്ആദ്യമായി ടി കെയുടെ ആവശ്യപ്രകാരം മണി പാടുന്നത്.

ജില്ലയ്‌ക്കകത്തും പുറത്തുമായി ചെറുതും വലുതുമായ ആയിരത്തിലേറെ വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘അടിമകളല്ല നാം ഭാരതീയർ’ എന്ന ഗാനമാണ്‌ മണി വേദികളിൽ ഏറ്റവും കൂടുതൽ ആലപിച്ചത്‌. ടി കെ രാമകൃഷ്ണൻ, എ പി വർക്കി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടുക്കി ഡാം നിർമാണ വേളയിൽ അവരുടെ തൊഴിലാളികളുടെ യോഗത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്‌. എ കെ ജിയെ അവിടെ വച്ചാണ്‌ മണി ആദ്യമായി പരിചയപ്പെടുന്നത്‌.  എകെജിയുടെ താൽപര്യപ്രകാരം 1968ൽ എറണാകുളത്ത് ചേർന്ന പാർട്ടി കോൺഗ്രസ് വേദിയിൽ പാടിയിട്ടുണ്ട്‌.
അമ്മിണിയാണ്‌ മണിയുടെ ഭാര്യ. മക്കൾ: മനു, മായ. മരുമകൾ: അനുമോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top