13 June Sunday

ആർക്കും വിശക്കില്ല, 
വീണ്ടും ജനകീയ അടുക്കള

നിമിഷ ജോസഫ്‌Updated: Sunday May 9, 2021


തിരുവനന്തപുരം
വീണ്ടും ലോക്‌ഡൗൺ വന്നതോടെ  സജീവമായി സമൂഹ അടുക്കളകൾ. അടച്ചിടലിൽ ആരും വിശന്നിരിക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ  ലോക്‌ഡൗൺ കാലത്താണ്‌  സമൂഹ അടുക്കളകൾ തുടങ്ങിയത്‌.

കോവിഡ്‌ മഹാമാരി രാജ്യത്ത്‌ പിടിമുറുക്കിയപ്പോൾ ആദ്യമായി അടച്ചിടൽ പ്രഖ്യാപിച്ച സംസ്ഥാനം  കേരളമാണ്‌. അന്ന്‌ വിശക്കുന്നവന്റെ കണ്ണീരൊപ്പാൻ രാജ്യത്താദ്യമായി സമൂഹ അടുക്കള എന്ന ആശയം കൊണ്ടുവന്നതും ഇവിടെത്തന്നെ.   തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ഇത്തവണയും വിവിധ കേന്ദ്രങ്ങളിൽ  അടുക്കളകൾ സജ്ജീകരിച്ചത്‌. ഓരോ  പഞ്ചായത്തിലും ഒരു സമൂഹഅടുക്കളയുണ്ടാകും.   കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിൽ വാർഡുതലത്തിലും സമൂഹഅടുക്കളയ്ക്ക്‌ രൂപം നൽകും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ വളന്റിയർമാരെ നിയോഗിക്കും. കോവിഡ്‌ നിരീക്ഷണത്തിലുള്ളവർക്കും രോഗം സ്ഥിരീകരിച്ച്‌ വീടുകളിൽ കഴിയുന്നവർക്കും കുടുംബാംഗങ്ങൾക്കും  അടുക്കള ആശ്രയമാകും.  നിർധനർ, അലഞ്ഞുതിരിഞ്ഞുനടക്കുന്നവർ, ഭിക്ഷാടകർ എന്നിവർക്കും ഭക്ഷണമെത്തിക്കും.  സർക്കാരിന്റെ കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലും അടുക്കള തയാറാകുന്നുണ്ട്‌.

കുടുംബശ്രീ, പഞ്ചായത്ത്, കാറ്ററിങ്‌ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ്  പാചകം.  സന്നദ്ധ സേവകരുടെയും പഞ്ചായത്ത്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ ഭക്ഷണമെത്തിക്കും.   കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളും ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ ആകെ 1016 ജനകീയ ഹോട്ടലാണ്‌ നിലവിലുള്ളത്‌.  തിരുവനന്തപുരം ജില്ലയിൽ മാത്രം നൂറ്‌ ജനകീയ ഹോട്ടലുണ്ട്‌. ഇവിടെനിന്നും മിതമായ നിരക്കിൽ ഭക്ഷണം പാഴ്‌സലായും ഹോം ഡെലിവറി വഴിയും എത്തിച്ചുനൽകും. ഇതുകൂടാതെ അതിഥിത്തൊഴിലാളികൾ അടക്കമുള്ളവർക്ക്‌ സർക്കാർ  ഭക്ഷ്യക്കിറ്റും നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top