31 March Tuesday

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പിറവി കോൺഗ്രസ്‌ നേതാവിന്റെ പ്രസിൽ

പി വി ജീജോUpdated: Saturday Feb 22, 2020

കോഴിക്കോട്‌
കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയുടെ പിറവിക്ക്‌ അഭിവാദനമായി ചുകന്ന പുസ്‌തക ദിനം( റെഡ്‌ ബുക്ക്‌ ഡേ) ആചരിക്കുമ്പോൾ കോഴിക്കോടിനും  പറയാനുണ്ട്‌ ചുവപ്പൻ ഓർമകൾ. ലോകമാകെ അധഃസ്ഥിത വിമോചനത്തിന്‌ വഴികാട്ടിയായ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ മലയാളത്തിൽ ആദ്യമായി അച്ചടിച്ചത്‌ കോഴിക്കോട്ടെ പ്രസ്സിലായിരുന്നു. 1937–-ൽ കല്ലായിയിലെ അൽ –-അമീനിലെ കല്ലച്ചിൽ (ഇന്നിതില്ല).

വിശ്വ വിപ്ലവ ഗ്രന്ഥം അച്ചടിച്ചത്‌ കോൺഗ്രസ്‌ നേതാവിന്റെ പ്രസ്സിലായിരുന്നുവെന്നതും  ചരിത്രത്തിലെ വലിയ കൗതുകം. കെപിസിസി പ്രസിഡണ്ടായിരുന്ന മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹിബാണ്‌ മാനിഫെസ്‌റ്റോ അച്ചടിക്കാൻ ധൈര്യംകാട്ടിയത്‌.  കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകനേതാവായ കെ ദാമോദരനായിരുന്നു പരിഭാഷകൻ. മാനിഫെസ്‌റ്റോ പ്രസിദ്ധീകരിക്കാൻ നിരവധി പ്രസ്സുകാരെ സമീപിച്ചെങ്കിലും ആരും തയ്യാറായില്ല.   ‘‘ദാമോദരാ, കൊണ്ടുവന്ന കാശവിടെ  കൊടുത്ത്‌ പുസ്‌തകമിറക്കിക്കോ ’’എന്ന അബ്ദുറഹ്‌മാന്റെ പ്രതികരണം പകർന്ന ആവേശം വലുതായിരുന്നെന്ന്‌ കെ ദാമോദരൻ  രേഖപ്പെടുത്തി.
 
വാരാണസി വിദ്യാപീഠത്തിലെ പഠനകാലത്താണ് ദാമോദരന്‌ മാനിഫെസ്റ്റോ ലഭിച്ചത്.  ആർക്കും പെട്ടെന്ന് മനസ്സിലാകാതിരിക്കാനും മുഹമ്മദ് അബ്ദുറഹ്‌മാൻ പൊലീസ് പിടിയിലാകാതിരിക്കാനും "സമഷ്ടിവാദ വിജ്ഞാപനം’എന്നാണ്‌ മൊഴിമാറ്റത്തിന്‌ പേരിട്ടത്. എന്നാൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരിൽ അച്ചടിക്കണമെന്ന് സാഹിബ് നിഷ്‌കർഷിച്ചു. സത്യത്തിനും ന്യായത്തിനുമായി ഉറച്ച നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളോടുള്ള സ്നേഹവും വിശ്വാസവുമാണ്‌ അദ്ദേഹത്തെ ഇതിന്‌ പ്രേരിപ്പിച്ചത്‌.

മലയാളിക്ക്‌ അഭിമാനമായ ഈ പുസ്‌തകാനുഭവം പറഞ്ഞ്‌ കെ ദാമോദരൻ വിങ്ങിപ്പൊട്ടിയിരുന്നു. സാഹിബിന്റെ വേർപാടിന്‌ തൊട്ടടുത്ത ദിവസം 1945 നവംബർ 24–-ന്‌ കോഴിക്കോട്‌ മുതലക്കുളത്ത്‌ ചേർന്ന അനുശോചന യോഗത്തിലായിരുന്നു ഇത്. ദാമോദരൻ കണ്ണീരണിഞ്ഞ സംഭവം ചരിത്രത്തിലെ അപൂർവമായ നിമിഷമെന്നാണ്‌ ഡോ. എം എൻ കാരശേരിയുടെ വാക്കുകൾ.

റെഡ്‌ബുക്ക്‌ ഡേ

കാൾ മാർക്‌സും ഫ്രെഡറിക്‌ എംഗത്സും ചേർന്ന്‌  കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ രചിച്ചത്‌ 1848 ഫെബ്രുവരി 21–-നായിരുന്നു. വിപ്ലവകൃതിയുടെ 172–-ാം വാർഷികമാണ്‌ ചുകന്ന പുസ്‌തകദിന (റെഡ്‌ബുക്ക്‌ ഡേ)മായി ആചരിച്ചത്‌. മാനിഫെസ്‌റ്റോയുടെ പ്രചാരണം, പുതിയ വായനകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളൊരുക്കിയായിരുന്നു ആഘോഷം.


പ്രധാന വാർത്തകൾ
 Top