31 March Tuesday

ചൂഷണരഹിത ലോകത്തിനായി പൊരുതുന്ന തൊഴിലാളി വർഗത്തിന്റെ ഊർജ്ജമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ: പിണറായി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

തിരുവനന്തപുരം> ചൂഷണരഹിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി തൊഴിലാളി വർഗ്ഗം രാഷ്ട്രീയമായി സംഘടിക്കാനുള്ള മാനിഫെസ്റ്റോയുടെ ആഹ്വാനമാണ് ഇന്നും ലോകത്തെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ഊർജ്ജവും ഉൾപ്രേരകശക്തിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  മാർക്‌സും ഏംഗൽസും തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയ സംഘാടനത്തിനുള്ള സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട്, അവർക്കുള്ള വിപ്ലവപാത അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

ഇന്ന് ലോകമെമ്പാടുമുള്ള തൊഴിലാളി വർഗ്ഗം Red Book Day ആചരിക്കുകയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതിന്റെ 172 ആം വാർഷികദിനത്തിലാണ് കമ്യൂണിസ്റ്റുകാർ ലോകത്തിലെ അസംഖ്യം ഭാഷകളിൽ മാനിഫെസ്റ്റോ വായിച്ചുകൊണ്ട് ചൂഷണവ്യവസ്‌ഥക്കെതിരായ പുതിയ പോരാട്ടങ്ങൾക്കുള്ള വഴിവെട്ടം തേടുന്നത്.

ആംസ്റ്റർഡാമിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഹിസ്റ്ററിയുടെ ആർക്കൈവ്‌സിലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒറിജിനൽ കയ്യെഴുത്തുപ്രതി സൂക്ഷിച്ചിരിക്കുന്നത്. ഇന്നേക്ക് 172 വർഷങ്ങൾക്കുമുൻപ്, 1848 ഫെബ്രുവരി 21 നാണ് മാനിഫെസ്റ്റോ വെളിച്ചം കണ്ടത്. ലണ്ടനിലെ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടിയാണ് മാർക്‌സും ഏംഗൽസും ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിച്ചത്. ബൈബിളും ഖുർആനും കഴിഞ്ഞാൽ ലോകത്തേറ്റവും വായിക്കപ്പെട്ട കൃതിയും ഏറ്റവുമധികം ലോകഭാഷകളിൽ തർജമ ചെയ്യപ്പെട്ട പുസ്തകവും ലോക തൊഴിലാളി വർഗ്ഗത്തിന്റെ സൈദ്ധാന്തിക സമരരൂപരേഖയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്.

മാർക്‌സും ഏംഗൽസും തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയ സംഘാടനത്തിനുള്ള സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട്, അവർക്കുള്ള വിപ്ലവപാത അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയാണ്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാസമൂഹത്തിന്റെയും ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്നാണ് മാനിഫെസ്റ്റോ പറഞ്ഞുവെക്കുന്നത്. വിപ്ലവത്തിലൂടെ മുതലാളിത്തത്തെ തകർക്കുവാനുള്ള ചരിത്രപരമായ ദൗത്യം അഖിലലോക തൊഴിലാളി വർഗ്ഗത്തിനുണ്ടെന്നാണ് ഈ പുസ്തകത്തിലൂടെ മാർക്‌സും ഏംഗൽസും ആഹ്വാനം ചെയ്തത്. ചൂഷണരഹിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി തൊഴിലാളി വർഗ്ഗം രാഷ്ട്രീയമായി സംഘടിക്കാനുള്ള മാനിഫെസ്റ്റോയുടെ ആഹ്വാനമാണ് ഇന്നും ലോകത്തെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ഊർജ്ജവും ഉൾപ്രേരകശക്തിയും. ചൂഷണം നിലനിൽക്കുന്ന കാലത്തോളം തൊഴിലാളി വർഗ്ഗത്തിന്റെ കയ്യിലെ ആയുധമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മുതലാളിത്തം തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് തൊഴിലാളി വർഗ്ഗ സമരങ്ങൾക്ക് മൂർച്ചകൂട്ടാൻ, അടിസ്‌ഥാന വർഗ്ഗത്തിന്റെ ഉറച്ച ശബ്ദമാകാൻ നമുക്കാകേണ്ടതുണ്ട്. അതിനുള്ള ഊർജ്ജമാണ് മാനിഫെസ്റ്റോ നൽകുന്നത്.

Red Book Day യിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായനയിൽ ഞാനും പങ്കുചേരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top