13 November Wednesday

നെല്ലങ്കര കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

മുക്കാട്ടുകര> നെല്ലങ്കര‐ മുക്കാട്ടുകര കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം (92) നിര്യാതയായി. കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സംസ്കാരം മുക്കാട്ടുകര സെന്റ് ജോർജസ് പള്ളി സെമിത്തേരിയിൽ നടത്തി.സിപിഐ എം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്.

അഞ്ചിലൊന്ന് പതത്തിനും പിൻപണി സമ്പ്രാദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1970‐72 കാലഘട്ടത്തിൽ നെല്ലങ്കര‐മുക്കാട്ടുകര പാടശേഖരങ്ങളിൽ കർഷകതൊഴിലാളികൾ നടത്തിയ സമരത്തിൽ നിർണായക പങ്കുവഹിച്ചു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമർദനം അഴിച്ചവിട്ട് സമരത്തെ തകർക്കാൻ ഭൂഉടമകൾ നടത്തിയ കടുത്തശ്രമത്തെ ചെറുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ഇറ്റ്യാനം. കൈയിൽ അരിവാളുമായി നെൽക്കറ്റ തലയിൽവച്ച് മർദനത്തെ ചെറുത്തു. അരിവാളിൽ കൈതട്ടി എസ്ഐയുടെ വിരലിന് മുറിവേറ്റു. എന്നാൽ എസ്ഐയെ വെട്ടിയെന്ന് ആരോപിച്ച്  കൂട്ടമായി എത്തിയ പൊലീസ് ഇറ്റ്യാനത്തെ ഭീകരമായി മർദിച്ചു. പൊലീസ്  വാനിലിട്ടും ക്രൂരമർദനം. രക്തം വാർന്ന ഇറ്റ്യാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.

പാർട്ടിയുടെ നാളിതുവരെയുള്ള സമരങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം ആവേശം പകർന്ന് ഇറ്റ്യാനം പങ്കെടുക്കാറുണ്ട്. കർഷക തൊഴിലാളി അഖിലേന്ത്യാ സമ്മേളനം, സിപിഐ എം സംസ്ഥാന സമ്മേളനം  ഉൾപ്പെടെ വിവിധ സമ്മേളനങ്ങളിൽ ആദരിച്ചിട്ടുണ്ട്‌.

മുക്കാട്ടുകര മാവിൻചുവട് വടക്കൻ പരേതനായ പൈലോതിന്റെ ഭാര്യയാണ്. മക്കൾ: ബേബി, തങ്കമ, മേരി, സലോമി, പരേതനായ വിൽസൻ,ലില്ലി.  മരുമക്കൾ: തങ്കമ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജൻ.


പ്രധാന വാർത്തകൾ
 Top