04 June Thursday

ഡിവൈഡര്‍ തകര്‍ത്ത് ലോറി പാഞ്ഞുകയറി; ബസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ഫോട്ടോ/സുമേഷ് കോടിയത്ത്‌

കോയമ്പത്തൂര്‍ > കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടക്കുമ്പോള്‍ ബസിലെ എല്ലാവരും ഉറക്കത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ ഇരുട്ട് മാത്രമായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. കണ്ടെയ്നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്.

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ലോറിക്ക് ആറുമാസം മാത്രമാണ് പഴക്കമുള്ളതെന്നും അതിനാല്‍ ടയര്‍ പൊട്ടിയതാകില്ല പകരം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.



ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 19 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 പേര്‍ മലയാളികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരണപ്പെട്ടവരില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനില്‍കുമാറും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top