03 April Friday

യാത്രക്കാരിയെ രക്ഷിക്കാന്‍ ബസ് തിരികേ ഓടിച്ചവര്‍; മനുഷ്യസ്‌നേഹത്തിന്റെ മരിക്കാത്ത ഓര്‍മയായി ഗിരീഷും ബൈജുവും

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 കൊച്ചി> കെഎസ്ആര്‍ടിസിയിലെ ജോലി ജനസേവനം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത രണ്ടുപേര്‍.  കോയമ്പത്തൂര്‍ അവിനാശിയിലെ വലിയ ദുരന്തത്തില്‍ ഇല്ലാതായ ഗിരീഷും ബൈജുവും  മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. തങ്ങളുടെ ബസില്‍ കയറുന്നവര്‍ വെറും യാത്രക്കാര്‍ മാത്രമായിരുന്നില്ല ഇവര്‍ക്ക്‌. അതിനാല്‍ തന്നെ അവരോടുള്ള കരുതലും വലുതായിരുന്നു.

 2018 ജൂണ്‍ മൂന്നിന് യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ ബസ് തിരിച്ചുവിട്ട സംഭവം വാര്‍ത്തയായിരുന്നു.അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്.

സംഭവം തുടങ്ങുന്നത് ഇങ്ങനെ; ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ ബൈജുവിനടുത്തെത്തി, 'സാര്‍ താക്കോല്‍ ഉണ്ടൊ?; എന്ന് ചോദിച്ചു'. കാര്യം അന്വേഷിച്ചപ്പോള്‍, പുറകില്‍ ഒരു യാത്രക്കാരിക്ക്  അപസ്മാരം ആണെന്നായിരുന്നു മറുപടി. താക്കോല്‍ നല്‍കി കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരെത്തി. 'അസുഖത്തിന് ഒരു കുറവുമില്ല, ആശുപത്രിയിലേക്ക് കൊണ്ട് പോവണ്ടി വരും' ; അവര്‍ പറഞ്ഞു

അപ്പോഴേക്കും ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു. നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ജനനി ആശുപത്രിയിലെത്തിച്ചു. യുവതിയെ  അഡ്മിറ്റ് ചെയ്ത ശേഷം വിവരം  ബാംഗ്ലൂര്‍  എസി യെ അറിയിച്ചു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നും നിര്‍ദ്ദേശം ലഭിച്ചു. തൃശൂര്‍ ഡിപ്പോയിലെ ബെന്നിയെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു.

 ''സാര്‍, ഇവിടെ അഡ്മിറ്റ് ചെയ്യണെല്‍ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.'' ''അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടിവയ്ക്ക്, ബാക്കി നമുക്ക് പിന്നീട് നോക്കാം, ഒരു ജീവന്റെ കാര്യം അല്ലെ ..!'' എന്നായിരുന്നു ബെന്നിയുടെ മറുപടി.

ഡോക്ടര്‍ കൂടിയായ യാത്രക്കാരിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം, എന്നാലെ ചികിത്സ നടപടികളുമായി മുന്നോട്ട് പോകുവാന്‍ പറ്റുകയുള്ളൂ എന്നായി ആശുപത്രി അധികൃതര്‍. റിസ്‌ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലെന്നായിരുന്നു വിശദീകരണം.

 ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു പറഞ്ഞു .''ഇവരുടെ (കവിത) ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.'' കണ്‍ട്രോള്‍ റൂമില്‍ വിളിച്ചന്വഷിച്ചപ്പോള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാംഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു, മറ്റൊരാള്‍ യാത്രക്കാരുമായി യാത്ര തുടരു എന്ന നിര്‍ദേശം ലഭിച്ചു..!

അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരുമായി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കെഎസ്ആര്‍ടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു.

ഒരിക്കല്‍ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള ട്രിപ്പ് മുടങ്ങാതിരിക്കാന്‍ 24 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബൈജു വീണ്ടും വാഹനമോടിക്കാന്‍ തയ്യാറായ സംഭവവുമുണ്ട്.

 കഴിഞ്ഞ ഏപ്രില്‍ 23നാണ് സംഭവം. ഷെഡ്യൂള്‍ ചെയ്ത ബസ് ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് വിശ്രമമില്ലാതെ ബസ് ഓടിക്കാന്‍ തയ്യാറാവുകയായിരുന്നു. അവിനാശി അപകടത്തില്‍ മരിച്ച ഇരുവരുടേയും മരണം കെ.എസ്.ആര്‍.ടി.സിക്ക് തീരാ നഷ്ടമെന്ന് ജീവനക്കാര്‍ പറഞ്ഞു


 


പ്രധാന വാർത്തകൾ
 Top