28 September Wednesday

തീരംകണ്ട്‌ കുതിക്കാം; കൊല്ലത്ത്‌ തീരദേശ ഹൈവേ നിർമാണത്തിനുള്ള കല്ലിടലിന്‌ അടുത്ത ആഴ്‌ച തുടക്കം

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

താന്നി‐മുക്കം തീരദേശ റോഡ്‌

കൊല്ലം > ജില്ലയിൽ തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായ കല്ലിടലിന്‌ അടുത്ത ആഴ്‌ച തുടക്കം. പരവൂർ കാപ്പിൽ മുതൽ കരുനാഗപ്പള്ളി അഴീക്കൽ പണിക്കർകടവ് വരെ 51 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ യാഥാർഥ്യമാക്കാൻ 139.59 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌. മൂന്നു റീച്ചായാണ്‌ നിർമാണം.
 
കാപ്പിൽ മുതൽ തങ്കശേരി വരെ നീളുന്ന ഒന്നാമത്തെ റീച്ചിൽ 62.61 ഏക്കറും തങ്കശേരി മുതൽ ശക്തികുളങ്ങര വരെ രണ്ടാമത്തെ റീച്ചിൽ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെ മൂന്നാമത്തെ റീച്ചിൽ 56.98 ഏക്കറുമാണ്‌ ഏറ്റെടുക്കുന്നത്. കാപ്പിൽ–തങ്കശേരി, ഇടപ്പള്ളിക്കോട്ട – അഴീക്കൽ പണിക്കർകടവ് റീച്ചുകളിലാണ് അടുത്ത ആഴ്‌ച‌ മുതൽ കല്ലിടൽ ആരംഭിക്കുന്നത്. പിങ്ക് കല്ലാണ്‌ സ്ഥാപിക്കുക.  തങ്കശേരി–ശക്തികുളങ്ങര റീച്ചിൽ കല്ലിടൽ നടത്താൻ കരാറുകാരനെ ക്ഷണിച്ച്‌ നോട്ടീസ് നൽകി.
 
ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള ആറു കിലോമീറ്റർ ദേശീയപാത അതോറിറ്റിയും ബാക്കി വരുന്ന 45 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡും (കെആർഎഫ്ബി) ആണ് നിർമിക്കുന്നത്. കാപ്പിൽ, പരവൂർ, തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, താന്നി, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലാവാരം വഴി ശക്തികുളങ്ങരയിൽ എത്തി ദേശീയപാത 66 വഴി ഇടപ്പള്ളിക്കോട്ടയിൽ എത്തി അവിടെനിന്നും അഴീക്കൽ, പണിക്കർകടവ് വരെയാണ് ജില്ലയിൽ തീരദേശ ഹൈവേ കടന്നു പോകുന്നത്. 
 
പാത 14 മീറ്റർ വീതിയിൽ
 
14 മീറ്റർ വീതിയിലാണ് തീരദേശ പാത നിർമിക്കുന്നത്. ടാറിങ്‌ ഒമ്പത്‌ മീറ്റർ വീതിയിലാണ്‌. രണ്ട്‌ മീറ്റർ വീതിയിൽ നടപ്പാത, സൈക്കിൾ ട്രാക്ക് എന്നിവയും ഉണ്ടാകും. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടിയിൽ അവസാനിക്കുന്ന 623 കിലോമീറ്റർ തീരദേശ ഹൈവേ നിർമാണം ടൂറിസം വികസനംകൂടി ലക്ഷ്യമാക്കുന്നു. വിശദമായ പദ്ധതി രേഖ (ഡിപിആർ) അവസാന ഘട്ടത്തിലാണ്.
 
പുനരധിവാസം ഉറപ്പ്‌
 
തീരദേശ ഹൈവേ വികസനത്തിൽ വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കും. നഷ്ടപരിഹാരം വാങ്ങാൻ താൽപ്പര്യം ഇല്ലാവത്തവർക്കാണ് ഭൂമി കണ്ടെത്തി വീട് നിർമിച്ച് നൽകി പുനരധിവസിപ്പിക്കുക. പുനരധിവാസ ചുമതല തീരദേശ വികസന കോർപറേഷനാണ്‌. ഒഴിപ്പിക്കുന്നതിൽ ഭൂരിഭാഗവും കടലുമായി ബന്ധപ്പെട്ടു തൊഴിൽ ചെയ്യുന്നവരാണ്‌. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളെ തീര പ്രദേശത്തോട് ചേർന്നാകും പുനരധിവസിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top