01 December Tuesday

ചേക്കുട്ടിക്ക്‌ ശേഷം "കൊ വീടു" മായി ലക്ഷ്‌മി മേനോൻ; ചെറുവീടുകൾ സ്വന്തമായി നിർമിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കോവിഡിനെ ചെറുക്കാൻ കൊ-വീട് (CoVeed for Covid) മായി സോഷ്യൽ എന്റർപ്രണോറായ ലക്ഷ്‌മി മേനോൻ. മന്ത്രി തോമസ്‌ ഐസക്കാണ്‌ കോവിഡ്‌ കാലത്തെ ലക്ഷ്‌മിയുടെ പ്രെജക്‌ടിനെക്കുറിച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌തത്‌. ഉപയോഗം കഴിഞ്ഞ ബോൾപെന്നുകൾ സ്കൂളുകളിൽ നിന്നെല്ലാം ശേഖരിച്ച് ബിനാലെയ്ക്ക് ഇൻസ്റ്റലേഷൻ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലക്ഷ്‌മിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന്‌ ഐസക്‌ പറഞ്ഞു.

അടുത്ത സംരംഭം അന്തർദേശീയമായിതന്നെ അംഗീകാരം നേടി. പ്രളയംനശിപ്പിച്ച ചേന്ദമംഗലം കൈത്തറി തുണികൾ ഉപയോഗിച്ചുകൊണ്ടുള്ള ചേക്കുട്ടികൾ സാധാരണക്കാരന്റെ അതിജീവനത്തിന്റെ പ്രതീകമായി. പ്രത്യേകിച്ച് വീരസാഹസ കഥകളൊന്നും പറയാതെ ചേക്കുട്ടി പ്രളയനാശത്തിൽ നിന്നും പുനർജനിച്ചു. ചേന്ദമംഗലം കൈത്തറിക്ക് ഒരു പുതുജീവനും ലഭിച്ചു.ഇപ്പോഴിതാ കൊവിഡ് കാലത്ത് കൊ-വീടുമായി ലക്ഷ്മി വീണ്ടും. ലക്ഷ്മിയുടെ www.coveed.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ ചെറുവീടുകളുടെ ടെംപ്ലേറ്റുകൾ ലഭ്യമാണ്. അവ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് എടുക്കുക. പെട്ടികൾ അസംബിൾ ചെയ്ത് എടുക്കുന്നതുപോലെ വീടുകൾ നിങ്ങൾക്കുതന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. ഓരോ വീട്ട് മാതൃകയിലും കുറച്ച് അരിയും പയറും എല്ലാം പൊതിഞ്ഞുവയ്ക്കുക. നിങ്ങളുടെ കഴിവനുസരിച്ച് വീടൊക്കെ അലങ്കരിക്കുക. ഭക്ഷണം വേണ്ട പാവപ്പെട്ടവർക്ക് ഈ കൊ-വീട് സമ്മാനമായി കൊടുക്കാം. അരി കഞ്ഞിക്ക്. വീട് കുട്ടികൾക്കുള്ള സമ്മാനവും ‐ പറഞ്ഞു.

ലക്ഷ്മിയുടെ വിശദീകരണം ഇതാണ് – ‘നമ്മൾ ലോക്ഡൗണിൽ ഇരിക്കുന്നു. കാരണം നമുക്ക് ഇരിക്കാൻ വീടുണ്ട്. എന്നാൽ വീടോ ഭക്ഷണമോ ഇല്ലാത്ത എത്രയോ പേർ. ഏതായാലും ഇപ്പോൾ നമുക്ക് കൂടുതൽ സമയമുണ്ടല്ലോ. കുട്ടികളും വീട്ടിലുണ്ട്. വീട്ടുകാർക്ക് മുഴുവൻകൂടി ചെയ്യാൻപറ്റുന്നൊരു ചെറുഹോബി. നമുക്കൊരു വീട് പണിയാം. അതിൽ നമുക്കുള്ളതിൽ ഒരു ഭാഗം വയ്ക്കാം. മറ്റുള്ളവരുമായി പങ്കിടാം. അരി മാത്രമല്ല, ഈ ഇരുണ്ടകാലം നമുക്കൊരുമിച്ച് മറികടക്കാമെന്ന പ്രത്യാശയും’.കഞ്ഞിക്കുഴി സഹകരണ ബാങ്ക് സന്ദർശിച്ചപ്പോൾ ലക്ഷ്മി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. കൂടെ മാരാരി ഫ്രഷിന്റെ നിഷാദും. ഒരുമിച്ച് മാരി കമ്പനിയിൽ ചെന്നപ്പോൾ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിസും കൂട്ടരും അവിടെയുണ്ടായിരുന്നു. ഏതായാലും അവർക്ക് ഒരു മുദ്രാവാക്യം ഫ്രീയായിക്കിട്ടി: ‘കുടചൂടി കൊ-വിടചൊല്ലൂ’. ഈ മുദ്രാവാക്യം കുട അകലം പാലിക്കൽ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായി തണ്ണീർമുക്കംകാർ ഏറ്റെടുത്തിരിക്കുകയാണ് - ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top