22 October Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കിട്ടിയത്‌ 4106 കോടി, ചെലവഴിച്ചത്‌ 2008 കോടി

പ്രത്യേക ലേഖകൻUpdated: Tuesday Aug 13, 2019

തിരുവനന്തപുരം> കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപ. ജൂലൈ 14 വരെ ഇതിൽനിന്ന്‌ 2008.76 കോടി രൂപ ചെലവഴിച്ചു. ഇതിൽ 457.65 കോടി രൂപ കഴിഞ്ഞ പ്രളയത്തിൽപ്പെട്ട 7.37ലക്ഷം പേർക്ക്‌ അടിയന്തര ധനസഹായമായി നൽകിയതാണ്‌. 2.4 ലക്ഷം വീടുകളുടെ പുനർനിർമാണത്തിന്‌ 1318.91 കോടി വിതരണംചെയ്‌തു.

കെയർ ഹോം പദ്ധതി പ്രകാരം വീട്‌ നിർമാണത്തിന്‌ 45 കോടി രൂപയും കാർഷികവായ്‌പ തിരിച്ചടയ്‌ക്കാൻ 54 കോടിയും ചെലവിട്ടു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റ്‌ നൽകിയ ഇനത്തിൽ ഭക്ഷ്യവകുപ്പിന്‌ 54 കോടി രൂപ ചെലവിട്ടു. സൗജന്യ റേഷൻ നൽകാനായി 9.4 കോടി രൂപയും വിനിയോഗിച്ചു.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ 15,664 വീടുകളാണ്‌ പൂർണമായും തകർന്നത്‌. ഇതിൽ 10,840 കുടുംബങ്ങളും സർക്കാർ ധനസഹായം മൂന്ന്‌ തവണകളായി നേരിട്ട്‌ കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തു. 1,990 കുടുംബങ്ങൾ സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ അംഗമായി. അതിൽ 1662 വീടുകൾ നിർമാണം പൂർത്തിയാക്കി കൈമാറി.

പുറമ്പോക്ക്‌ വസ്‌തുവിൽ വീട്‌ ഇല്ലാതായ 889 കുടുംബങ്ങൾക്ക്‌ സർക്കാർ വസ്‌തുവും വീട്‌ വയ്‌ക്കാൻ ധനസഹായവും നൽകിയിട്ടുണ്ട്‌. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള 337 കുടുംബങ്ങൾക്ക് മറ്റ്‌ സ്ഥലങ്ങളിൽ ഭൂമി നൽകി വീട്‌ വയ്‌ക്കാൻ സഹായം നൽകി. ഭാഗികമായി തകർന്ന വീടുകൾക്ക്‌ അതിന്‌ അനുസരിച്ചുള്ള തുകയാണ്‌ അനുവദിച്ചത്‌. വീട്‌ നിർമാണം പുരോഗമിക്കുന്നവർക്ക്‌ ഇനിയും ദുരിതാശ്വാസ നിധിയിൽനിന്ന്‌ തുക അനുവദിക്കും. പലർക്കും അവസാന ഗഡു ലഭിക്കാനുണ്ട്‌. നിർമാണത്തിന്റെ ഓരോ ഘട്ടം കണക്കാക്കിയാണ്‌ ഗഡു അനുവദിക്കുന്നത്‌.

റീബിൽഡ്‌ കേരള ഇൻഷിയേറ്റീവിന്റെ (ആർകെഐ) rebuild kerala.gov.in എന്ന സൈറ്റിൽ വിശദ കണക്കുകൾ ലഭ്യമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top