16 February Saturday

'ശതം സമര്‍പ്പയാമി'തിരിഞ്ഞുകൊത്തുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മാത്രം വന്നത് മൂന്നര ലക്ഷത്തോളം രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കൊച്ചി > ശബരിമലയുടെ പേരില്‍ അക്രമം നടത്തിയവരെ സഹായിക്കാന്‍ തുടങ്ങിയ 'ശതം സമര്‍പ്പയാമി' ക്യാംപയിന്‍ സംഘപരിവാറിനെ തിരിഞ്ഞുകൊത്തുന്നു. മഹാപ്രളയത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനായി അതേപേരില്‍ ക്യാംപയിന്‍ തുടങ്ങിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശനിയാഴ്‌‌ച്ച മാത്രം സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണ്‌.

സിഎംഡിആര്‍എഫ് പോര്‍ട്ടല്‍ വഴിമാത്രം വന്ന കണക്കാണിത്. ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന വിജയിപ്പിക്കാന്‍ സോഷ്യല്‍മീഡിയ വഴി വലിയതരത്തിലുള്ള ക്യാംപയിനാണ് നടക്കുന്നത്. നൂറു രൂപ വീതം ദുരിതാശ്വാനിധിയിലേക്ക് സംഭാവന നല്‍കുന്നതാണ് ക്യാംപയിന്‍.

'ശതം സമര്‍പ്പയാമി'(നൂറു രൂപ സമപ്പിക്കുന്നു) എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിന്‍ വൈറലായിരിക്കുന്നത്. സിഎംഡിആര്‍എഫിലേക്ക് ഓണ്‍ലൈനായി സംഭാവന നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റും ചെയ്യും. തുടര്‍ന്ന് തങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിലേക്ക് മെന്‍ഷന്‍ ചെയ്ത് സംഭാവന നല്‍കാന്‍ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപയിന്‍. ക്യാംപയിന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി കഴിഞ്ഞു.

ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുടനീളം കലാപം അഴിച്ചുവിട്ടതിന് നിയമനടപടികള്‍ നേരിടുന്ന അക്രമികളെ സഹായിക്കുന്നതിനായി സംഘപരിവാര്‍ ശതം സമര്‍പ്പയാമി എന്ന പേരില്‍ നൂറ് രൂപവീതം പിരിക്കാന്‍ ആഹ്വാനം ചെയ്‌‌തിരുന്നു. ശബരിമലയില്‍ ഒരു പൈസപോലും കാണിക്കയിടരുതെന്ന് പ്രചരണം നടത്തിയവര്‍ ഇപ്പോള്‍ അക്രമികളെ രക്ഷിക്കാന്‍ പിരിവുമായി ഇറങ്ങുന്നതിനെയും സോഷ്യല്‍മീഡിയ കണക്കിന് പരിഹസിക്കുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top