കൊച്ചി > ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരെയാണ് ആർ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ സ്ഥാപനമായ മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ഇടപെടാനും അന്വേഷിക്കാനും അധികാരമുണ്ടോയെന്നത് തന്നെ വ്യക്തത വരേണ്ടതുണ്ട്.
എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻനായർ, അപകടത്തിൽ മരിച്ച പൊലീസുകാരൻ പി പ്രവീൺ എന്നിവരുടെ കുടുംബത്തെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം അനുവദിച്ചത് സംബന്ധിച്ച കേസാണിത്. ഹർജി അന്വേഷണപരിധിയിൽ വരുമോ എന്നതിലാണ് ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്‌ക്കുമിടയിൽ ഭിന്നതയുണ്ടായത്. ഈ സാഹചര്യത്തിൽ കേസ് രണ്ടാമത്തെ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫുകൂടി അടങ്ങിയ മൂന്നംഗ ബെഞ്ചാകും വാദം കേൾക്കുക. ലോകായുക്ത നിയമത്തിലെ ഏഴ് (ഒന്ന്) വകുപ്പനുസരിച്ചാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..