Deshabhimani

പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യം സംസ്ഥാനം ഉടൻ കൈവരിക്കുമെന്ന് മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 11:32 AM | 0 min read

തിരുവനന്തപുരം > പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കേരളം ഏറ്റവും അടുത്തു തന്നെ കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാ​ഗമായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ടെന്നും ഇതുൾക്കൊണ്ടുകൊണ്ട് വിവിധ ഇടപെടലുകൾ സർക്കാർ നടത്തിവരികയാണെന്നും മുഖ്യമന്ത്രി എയ്ഡ്‌സ് ദിന സന്ദേശത്തിൽ പറഞ്ഞു.

"അവകാശങ്ങളുടെ പാത സ്വീകരിക്കൂ' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ലോകമെങ്ങുമുള്ള എച്ച്‍ഐവി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്‍ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമപ്പെടുത്തലാണ് ഈ ദിനം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാൻ പോവുകയാണ്. ഇതിനായി 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ.

2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് പരിശ്രമിക്കുന്നത്. എച്ച്ഐവി ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ഇതിലെ ആദ്യ ഭാഗം കൊണ്ടുദ്ദേശിക്കുന്നത്. അണുബാധ കണ്ടെത്തിയവരിൽ 95 ശതമാനം പേർക്കും എആർടി ചികിത്സയ്ക്ക് ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിൽ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ഭാഗം അർഥമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തേയും ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെയുമെത്തിയിരിക്കുന്നു. ബൃഹത്തായ ഈ കർമപദ്ധതി വിജയത്തിലേക്കെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

എച്ച്ഐവി ബാധിതരുടെ സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും കേരളത്തിൽ എച്ച്ഐവി അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ രോഗത്തെ ചെറുക്കാൻ നാടൊന്നാകെ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറുപ്പിൽ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home