18 June Friday

ലോക്ക്ഡൗണിന്‌ 
ജീവന്റെ വില ; ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


തിരുവനന്തപുരം
മരണം കുറയ്‌ക്കുകയെന്നതാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യമെന്നും അതുകൊണ്ടിതിന്‌ ജീവന്റെ വിലയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. ആദ്യത്തെ ലോക്ക്ഡൗൺ സമൂഹവ്യാപനം ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു. ആ ഘട്ടത്തിൽ രോഗം പ്രധാനമായും പുറത്തുനിന്നാണ്‌ വന്നത്‌. ഇപ്പോൾ അടിയന്തര ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെത്തന്നെയുള്ള സമ്പർക്കത്താലാണ്‌  കൂടുതലായുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശേഷി  ഉയർത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനം കരുത്താർജിക്കുന്ന സാഹചര്യത്തിൽ അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യം വന്നേക്കാം. അതുകൊണ്ടുകൂടിയാണ്‌ ലോക്ക്ഡൗൺ നടപ്പാക്കിയത്. കോവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കിയും മികച്ച ചികിത്സയിലൂടെയും രോഗബാധ 11 ശതമാനത്തോളം ആളുകളിൽ ഒതുക്കാനും മരണനിരക്ക് കുറയ്‌ക്കാനും സാധിച്ചു.  രണ്ടാം തരംഗം തീവ്രമായതിനാൽ കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി 
ദുരുപയോഗിക്കരുത്‌
രോഗവ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കിയ ജനങ്ങൾ വളരെ ക്രിയാത്മകമായാണ് ലോക്ക്ഡൗണിനോട്‌ പ്രതികരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി. അവശ്യസാധനം വാങ്ങാൻ പുറത്തിറങ്ങാൻ അനുവാദമുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ  കർശന നടപടിയെടുക്കും.

മത്സ്യലേലത്തിന്‌ ആൾക്കൂട്ടമില്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണംതുടരും. മരണമടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്രചെയ്യാൻ വേഗം അനുമതി നൽകും. ഓൺലൈൻ പാസ്  സംവിധാനം പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷ ലഭിച്ചു. ഇത്രയും പാസ് നൽകുന്നത് ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും. യാത്രയുടെ ഉദ്ദേശ്യം വിലയിരുത്തിയേ പാസ് നൽകൂ. അവശ്യസർവീസുകാർക്ക് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ പാസ് വേണ്ട.  വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ, തൊഴിലാളികൾ എന്നിവർക്ക്‌ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകും. തൊട്ടടുത്ത കടയിൽനിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറി എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം മതി.

ഞായറാഴ്‌ച 16,878 പൊലീസുകാരെയും തിങ്കളാഴ്‌ച 25,000 പേരെയുമാണ്‌ നിരത്തുകളിൽ നിയോഗിച്ചത്‌. തിങ്കളാഴ്‌ച മാസ്ക് ധരിക്കാത്ത 9,938 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 4,680 പേർക്കെതിരെയും കേസെടുത്തു. 34,62,200 രൂപ പിഴയീടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതൽ 
ആരോഗ്യപ്രവർത്തകരെ 
നിയമിക്കും
ആരോഗ്യമേഖല ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കും. വിരമിച്ചവരും അവധി കഴിഞ്ഞവരുമായ  ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ സ്‌റ്റാഫ്‌ തുടങ്ങിയവരെയാകും നിയമിക്കുക.   പഠനം പൂർത്തിയാക്കിയവരെയും തിരികെയെത്തിക്കും.

സംസ്‌ഥാനതത്‌ 15വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമാകുമെന്നതാണ് കണക്കുകൂട്ടൽ. ഓക്സിജൻ വേസ്റ്റേജ് കുറയ്‌ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നതായി പരാതിയുണ്ട്‌. അവ പരിശോധിക്കാൻ ജില്ലകളിൽ ടെക്‌നിക്കൽ  ടീമിനെ നിയോഗിക്കും. കേന്ദ്രസർക്കാർ മൂന്ന്‌ ഓക്സിജൻ പ്ലാന്റുകൂടി അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

പെരുന്നാൾ: ഹോം ഡെലിവറി ശക്തമാക്കും
പെരുന്നാൾ  പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാൻ നിർദേശിച്ചു.  ഇതിന്‌ പ്രത്യേക മൊബൈൽ ആപ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കും.

ജീവനക്കാർക്കെതിരെ 
നടപടി പാടില്ല
സ്വകാര്യ –-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുകയോ സ്ഥലം മാറ്റുകയോ ചെയ്യരുതെന്ന്‌ മുഖ്യമന്ത്രി. നേരത്തേ ഇക്കാര്യത്തിൽ പറഞ്ഞത്‌ എല്ലാ സ്ഥാപനത്തിനും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ രാഷ്‌ട്രീയമോ സംഘടനാ ബന്ധമോ പ്രദർശിപ്പിക്കരുത്‌. പൊലീസിന്റേതുൾപ്പെടെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനും അനുവാദമില്ല. പാലക്കാട്‌ സേവാഭാരതി ടീഷർട്ട്‌ അണിഞ്ഞ്‌ പ്രവർത്തകർ വാഹനപരിശോധന നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top