13 November Wednesday

തൃശൂർപൂരം അലങ്കോലമാക്കാൻ ശ്രമം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024


തിരുവനന്തപുരം
തൃശൂർപൂരം അലങ്കോലമാക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട്‌ ഉയർന്ന പരാതികളിൽ ത്രിതല അന്വേഷണത്തിന്‌ ഉത്തരവിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഡിജിപി എം ആർ അജിത്‌കുമാർ നൽകിയ അന്വേഷണ   റിപ്പോർട്ടിൽപറയുന്ന കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.

പൂരവുമായി ബന്ധപ്പെട്ട്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്‌ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കാൻ ഇന്റലിജൻസ്‌ മേധാവി മനോജ്‌ എബ്രഹാമിനെയും എഡിജിപിയുടെ ഭാഗത്തെ വീഴ്‌ച പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്ഖ്  ദർവേഷ് സാഹിബിനെയും ചുമതലപ്പെടുത്തി. ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നെന്ന  നിലയിൽ കുറ്റമറ്റ തരത്തിൽ നടത്താൻ സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.എന്നാൽ അവസാന സമയത്ത്‌   ചില പ്രത്യേക രീതിയിലുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി.  ഇത്‌  സർക്കാർ ഗൗരവമായാണ്‌ കണ്ടത്‌. അങ്ങിനെയാണ്‌ അതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ചുമതലപ്പെടുത്തിയത്‌. റിപ്പോർട്ട്‌ 24നാണ്‌ ലഭിച്ചത്‌.ഇത്‌ സമഗ്രമാണെന്ന്‌ കരുതാനാവില്ല. വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്ന്‌ സംശയിക്കാവുന്ന അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്‌. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി, നിയമപരമായി അനുവദിക്കാനാകാത്ത ആവശ്യങ്ങൾ ബോധപൂർവം ഉന്നയിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പൂരം അലങ്കോലമാക്കാൻ സംഘപരിവാറിന്റെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്‌. വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും   സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം ഇങ്ങനെ

എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്ന 
കുറ്റകൃത്യങ്ങൾ– ക്രൈംബ്രാഞ്ച് മേധാവി എച്ച് 
വെങ്കടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന്‌ ഇന്റലിജൻസ്‌ മേധാവി മനോജ്‌ എബ്രഹാം

എഡിജിപി അജിത്‌കുമാറിന്റെ  വീഴ്‌ച– ഡിജിപി   ഷെയ്ഖ്  ദർവേഷ്  സാഹിബ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top