ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: റൗണ്ട് ടേബിൾ കോൺഫറൻസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി> ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനു മുന്നോടിയായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാർ പങ്കെടുത്ത റൗണ്ട് ടേബിൾ കോൺഫറൻസ് ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
32 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരും നയതന്ത്ര പ്രതിനിധികളുമാണ് റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തത്.
രാജ്യത്തെ തന്നെ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള ചെറുപ്പക്കാർ നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുകയാണെന്നും റൗണ്ട് ടേബിൾ കോൺഫറൻസ് കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്ന ഒന്നാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിലാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. എല്ലാ മേഖലകളിലുമുള്ള നവീകരണത്തിനും സുസ്ഥിരതയ്ക്കും ഉൾച്ചേർക്കലിനും മുൻഗണന നൽകി 2027ഓടെ കേരളത്തിൽ ഒരു വ്യവസായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് സർക്കാരിനുള്ളത്. ബയോടെക്‌നോളജിയും ലൈഫ് സയൻസസും മുതൽ എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊർജം വരെയുള്ള 22 മുൻഗണനാ മേഖലകളിലൂന്നിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പാക്കാനും കേരളത്തെ ഇന്ത്യയുടെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
0 comments