08 October Tuesday

ദുരന്തമുഖത്ത് യാന്ത്രികമായി പെരുമാറരുത്‌; ​ഗ്രാമീൺ ബാങ്കിന് മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തിരുവനന്തപുരം> വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്‌ നൽകിയ അടിയന്തര ധനസഹായം പിടിച്ചുപറിച്ച  കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി മറാൻ ഒരു കാരണവശാലും പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"വയനാട്ടിലെ ​ഗ്രാമാൺ ബാങ്കിന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആദ്യഘട്ട സഹായമെന്ന് നിലയ്ക്കാണ് സർക്കാർ 10,000 രൂപ ബാങ്കുകൾ വഴി നൽകിയത്. അവരുടെ കയ്യിൽ ഒന്നുമില്ലത്താ അവസ്ഥയാണ്. എന്നാൽ ഈ പണം ​ഗ്രാമീൺ ബാങ്കിന്റെ കയ്യിൽ എത്തിയപ്പോൾ അവരുടെ ബാധ്യത ബാങ്ക് ഈടക്കുകയാണ് ചെയ്തത്. അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. യാന്ത്രികമായ സമീപത്തിന്റെ ഭാ​ഗമായി സംഭവിച്ച തെറ്റാണെന്നാണ് ബാങ്ക് പറഞ്ഞത്. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി മറാൻ ഒരു കാരണവശാലും പറ്റില്ല."-  ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതർക്ക്‌ സർക്കാർ നൽകിയ  ധനസഹായത്തിൽനിന്നാണ്‌ കേരള ഗ്രാമീൺ ബാങ്ക്, വായ്പാ തിരിച്ചടവിന്റെ ഗഡുക്കളാണ്‌ അവരുടെ സമ്മതമില്ലാതെ പിടിച്ചത്‌. ഇത്‌ ശ്രദ്ധയിൽപെട്ട ഉടനെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന്‌  ബാങ്ക് പിടിച്ചതുക തിരിച്ചുനൽകാൻ കലക്ടർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഇഎംഐ പിടിച്ച വിവരം പുറത്തുവന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീയോട്‌ അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെടുകയായിരുന്നു. കലക്ടർ റിപ്പോർട്ട്‌ നൽകിയതിന്‌ തൊട്ടുപിന്നാലെ, തുക തിരിച്ചുനൽകാൻ ഉത്തരവിറക്കി. ഉരുൾപൊട്ടിയ ജൂലൈ 30നുശേഷം ദുരന്തബാധിതരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽനിന്ന്‌ ഏതെങ്കിലും വിധത്തിൽ തുക പിടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണമെന്ന്‌ ഉത്തരവിൽ വ്യക്തമാക്കി.

മുണ്ടക്കൈ ദുരന്തബാധിതരായ തോട്ടംതൊഴിലാളി പുഞ്ചിരിമട്ടം പാറക്കൽ മിനിമോൾ, ചൂരൽമല കൃഷ്‌ണഭവനിൽ രാജേഷ്‌ എന്നിവരുടെ വായ്‌പാഗഡു ധനസഹായത്തിൽ നിന്ന്‌ പിടിച്ചതായാണ്‌ പരാതി. മിനിമോൾക്ക്‌   ദുരിതാശ്വാസമായി ലഭിച്ച 10000 രൂപയിൽനിന്നും കേരള ഗ്രാമീൺ ബാങ്ക്‌ 3,000 രൂപയാണ്‌ പിടിച്ചത്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top