22 September Tuesday

കോവിഡിനെ പിടിച്ചുകെട്ടാനും പട്ടിണി മാറ്റാനുമാണ് ഇപ്പോൾ ആലോചിക്കേണ്ടത്; എക്കാലവും കോൺഗ്രസിന് മൃദുഹിന്ദുത്വം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം >   എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചവരാണ് കോൺഗ്രസ് പാർടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ കോവിഡ് വ്യാപനം തടയാനും ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കുറിച്ചുമാണ് ഇപ്പോൾ എല്ലാവരും ആലോചിക്കേണ്ടത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ അത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത്. പ്രവാസികൾക്ക് 50 കോടി രൂപ മാറ്റിവെച്ച നടപടികളൊക്കെ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ചു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തിൽ ഒരു അത്ഭുതവുമില്ല. അയോധ്യ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. രാജീവ് ഗാന്ധി, നരസിംഹറാവു തുടങ്ങിയവരുടെ ഒക്കെ നിലപാടുകൾ ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നു. രാഹുൽ ഗാന്ധിയുടേയോ പ്രിയങ്കാ ഗാന്ധിയുടേയോ നിലപാടിൽ പുതുതായി ഒന്നും ഉള്ളതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ എം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും മൃദുഹിന്ദുത്വ നിലപാട് കോൺഗ്രസ് സ്വീകരിച്ചുപോന്നിട്ടുണ്ട്. ബാബറി മസ്ജിദിൽ ആരാധന അനുവദിച്ചത് കോൺഗ്രസ് ആയിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചതും കോൺഗ്രസ് സർക്കാരായിരുന്നു. കർസേവ നടത്താൻ അനുവാദം നൽകിയതും കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉള്ളപ്പോൾത്തന്നെയാണ്. ബാബറി മസ്ജിദ് തകർക്കുന്നതിനെ നിസ്സംഗതയോടെ സമീപിച്ചതും നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. ഇതിന്റെയൊക്കെ സ്വാഭാവിക പരിണതിയാണ് പിന്നീടുണ്ടായത്. ഇതൊക്കെ സംഭവിച്ചപ്പോൾ ഒപ്പം നിന്ന ചരിത്രമാണ് ലീഗിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top