15 July Wednesday

"ഒന്നും ക്ലച്ച്‌ പിടിക്കുന്നില്ല'; ചെന്നിത്തലയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

തിരുവനന്തപുരം > കോവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്ക്‌ പോകുമ്പോൾ മറ്റ്‌ അജൻഡകളുടെ പിറകെ പോകാൻ സർക്കാരിന്‌ താൽപര്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദൗർഭാഗ്യവശാൽ പ്രതിപക്ഷം ആ നിലയ്ക്ക് അല്ല നീങ്ങുന്നത്. സർക്കാരിനെ എതിർക്കുന്നത് ന്യായമാണ്. എന്നാൽ സർക്കാരിൻ്റെ കോവിഡ് പ്രപതിരോധത്തെ തുരങ്കം വയ്ക്കാനും എതു നടപടിയേയും തെറ്റായി വ്യാഖ്യാനിച്ച് അതിനെ വികൃതമാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നാടിന്‍റെ വികസനം മുൻനിർത്തി സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും പ്രതിപക്ഷം എതിർത്തു. ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനുള്ള ശ്രമം പോലും അട്ടിമറിച്ചു. കോവിഡ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം മാറ്റിവയ്ക്കാൻ ശ്രമിച്ചപ്പോൾ ആ ഉത്തരവ് പോലും കത്തിച്ചു.

നാട് കുട്ടിച്ചോറായാലും സർക്കാരിനെ എതിർത്താൽ മതിയെന്ന നിലപാടിലാണ് അവർ. കഴിഞ്ഞ ടെക്നോ സിറ്റിയിൽ കളിമൺ ഖനനം നടക്കുമ്പോൾ അതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും സഹോദരങ്ങളെയെന്ന പോലെ ടെക്നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതി ആരോപണം ഉന്നയിച്ചു.

ടെക്നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കളിമൺമേഖലയാണ് എന്നത് സത്യമാണ്. അതു ഖനനം ചെയ്യണമെന്ന് ചിലർ ആഗ്രഹിക്കുന്നുമുണ്ടാവും. എന്നാൽ സർക്കാർ അതു ആഗ്രഹിക്കുന്നില്ല. ടെക്നോസിറ്റിയിൽ നിന്നും സോഫ്റ്റ് സോയിൽ എടുത്ത് പകരം ഹാർഡ് സോയിൽ നിക്ഷേപിക്കാനുള്ള നിർദേശം കേരള ക്ലേസ് ആൻഡ് സെറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനം നേരത്തെ മുന്നോട്ട് വച്ചിരുന്നു.

അന്നൊരു ഉദ്യോഗസ്ഥ തല സമിതിയെ ഖനനം സംബന്ധിച്ച് സാധ്യത പഠിക്കാൻ നിയോഗിച്ചു.  വ്യവസായ വകുപ്പ് ഡയറക്‌ടർ, ടെക്നോ പാർക്ക് സിഇഒ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്‌ടർ എന്നിവരടങ്ങിയ സമിതിയാണ് ഇതു പരിശോധിച്ചത്. സർക്കാർ തലത്തിൽ കളിമൺ ഖനനം നടത്താൻ യാതൊരു അനുമതിയും നൽകിയിട്ടില്ല. ഇതിൽ എവിടെയാണ് അഴിമതി ആക്ഷേപിക്കുക?. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കും എന്ന് കേട്ടിട്ടുണ്ട്. പ്രതിപക്ഷം ഇവിടെ പക്ഷേ, പാൽ കറക്കാനാണ് ഓടുന്നത്. ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല ആ ജാള്യം മറച്ചു വയ്ക്കാനും എന്തെങ്കിലും ചെയ്‌ത് സർക്കാരിനെ ആക്രമിക്കാനുമാണ് പ്രതിപക്ഷം മുതിരുന്നത്. വാർത്താസമ്മേളനം വിളിച്ച് എന്തെങ്കിലും ആരോപിക്കുക, കുറച്ചു ദിവസം അതിൻ്റെ പിന്നാലെ പോയി പിന്നെ വാക്കുകൾ വളച്ചൊടിച്ച് തലയൂരുക. ഇതാണ് പ്രതിപക്ഷനേതാവ് നടത്തിപ്പോരുന്ന പ്രവർത്തനം.

ഇ ‐ മൊബിലിറ്റി ഹബ്ബ്‌

ഇന്ന് അദ്ദേഹം ഉന്നയിച്ചത് ഇ - മൊബിലിറ്റി ഹബ് സംബന്ധിച്ച ഡിപിആർ തയ്യാറാക്കാൻ പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏൽപിച്ചത് ക്രമരഹിതമായിട്ടാണ് എന്നാണ്. ഞായറാഴ്‌ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുമ്പോൾ സർക്കാരിന് വെറുതെയിരിക്കാനാവില്ല. അങ്ങനെ വെറുതെ കുറേ സമയം സർക്കാരിന് നഷ്‌ട‌പ്പെടും. എന്നാൽ അങ്ങനെ വെറുതെ സമയം കളയാൻ പറ്റിയ സാഹചര്യത്തിൽ അല്ല നമ്മൾ ഉള്ളത്. ജനം കൊവിഡ് ഭീതിയിലാണ്. കൈയ്യും മെയ്യും മറന്ന് നമ്മൾ പ്രവൃത്തിച്ചാൽ മാത്രമേ അവരെ രക്ഷിക്കാനാവൂ. എന്തായാലും വസ്‌തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആരോപണമായി ഉന്നയിച്ചത്.

ഇ - മൊബിലിറ്റി സർക്കാർ നയമാണ്. പുതിയ കാലത്ത് വൈദ്യുത വാഹനങ്ങളുടെ ഉപഭോഗം വർധിപ്പിക്കണമെന്നതാണ് സർക്കാർ തീരുമാനം. 2022-ഓടെ പത്ത് ലക്ഷം വൈദ്യുതിവാഹനങ്ങളെങ്കിലും നിരത്തിലിറക്കണം എന്നാണ് ലക്ഷ്യം. നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൻതോതിൽ വൈദ്യുതി വാഹനങ്ങൾ വേണം എന്നത് സർക്കാരിന്‍റെ നയമാണ്. ഇതൊന്നും വെറും തോന്നൽ അല്ല. സാധ്യതകളും വെല്ലുവിളികളും പഠിച്ച് വേണം പദ്ധതി തയ്യാറാക്കാൻ.

2019-ലാണ് ഇ മൊബിലിറ്റിക്ക് വേണ്ട കൺസൽട്ടൻ്റ് ആയി മൂന്ന് ഏജൻസികളെ തീരുമാനിച്ചത്. പ്രൈസ് വാട്ട‍ർ ഹൗസ് കൂപ്പർ ദക്ഷിണമേഖല - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം. കെപിഎംജി മധ്യമേഖല , കോട്ടയം, ഇടുക്കി, തൃശ്ശൂ‍ർ, പാലക്കാട്, മലപ്പുറം. ഏണേസ്റ്റ് ആൻഡ് യം​ഗ് - കോഴിക്കോട്, കണ്ണൂ‍ർ, കാസ‍ർകോട്, വയനാട്. എന്നിങ്ങനെയാണ് മൂന്ന് എജൻസികൾക്ക് മൂന്ന് മേഖലകൾ വിഭജിച്ചു കൊടുത്തത്.

പ്രൈവസ് വാ‍ട്ട‍ർ ഹൗസ് കൂപ്പ‍ർ ഒരു കൺസൽട്ടിം​ഗ് കമ്പനിയാണ്. അവർക്ക് സെബിയുടെ വിലക്കില്ല. പ്രൈസ് വാട്ട‍ർ ഹൗസ് ആൻഡ് കമ്പനി എന്ന ബാം​ഗ്ലൂ‍ർ ആസ്ഥാനമായ ഓഡിറ്റിം​ഗ് കമ്പനിക്കാണ് വിലക്കുള്ളത്. ഡോ.മൻമോഹൻസിം​ഗ് സ‍ർക്കാരിന്‍റെ കാലത്ത് ഉയർന്ന് വന്ന അ​ഗസ്റ്റ് വെസ്റ്റ് ലാൻഡ് ഇടപാടിൽ സിഎജി ​ഗുരുതര പാളിച്ചക​ൾ കണ്ടെത്തി പ്രതിസ്ഥാനത്ത് നി‍ർത്തിയത് ഈ സ്ഥാപനത്തെയാണ്. ആ കേസ് ഇപ്പോഴും തുടരുകയാണ്. അതൊരു ഓഡിറ്റ് കമ്പനിയാണ്. ഇതൊരു കൺസൽട്ടിം​ഗ് സ്ഥാപനവും. രണ്ടും രണ്ടാണ് എന്ന ലളിതമായ കാര്യം മറച്ചു വയ്ക്കുന്നു.

കേന്ദ്രം എംപാനൽ ചെയ്‌ത ഒരു ഏജൻസിയെ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്താണ് തെറ്റെന്ന് പറയാൻ പ്രതിപക്ഷനേതാവിന് സാധിച്ചിട്ടില്ല. കേരളത്തിൻ്റെ ഭാവിയെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ് വൈദ്യുത വാഹനങ്ങളുടെ ഉപഭോ​ഗം. വ്യവസായ വകുപ്പ്, ധനകാര്യവകുപ്പ്, ​ഗതാ​ഗതവകുപ്പ് എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് 2019-ൽ ഈ കമ്പനിയെ കൺസൽട്ടൻ്റായി നിയമിച്ചത്. ഇങ്ങനെ വളരെ സുതാര്യമായി എല്ലാ സ‍ർക്കാ‍ർ സംവിധാനങ്ങളിലുടേയും കയറിയിറങ്ങിയാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ അം​ഗീകരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യവികസവും ലക്ഷ്യമിട്ടാണ് സ‍ർക്കാ‍ർ മുന്നോട്ട് പോകുന്നത്. കിഫ്ബി എന്നത് മല‍ർപ്പൊടിക്കാരൻ്റെ സ്വപ്നമാണ്, ഉഡായിപ്പാണ് എന്നെല്ലാമാണ് പ്രതിപക്ഷനേതാവ് പല വേദികളിലും പറഞ്ഞത്. എന്നാൽ ഇപ്പോൾ കിഫ്ബി അതിൻ്റെ പ്രഖ്യാപിത ല​ക്ഷ്യങ്ങൾ നേടിത്തുടങ്ങിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. 50000 കോടിയായിരുന്നു കിഫ്ബിയുടെ ലക്ഷ്യം. എന്നാൽ 57000 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി ഇതിനോടകം അം​ഗീകാരം നൽകി. പതിനായിരം കോടിയുടെ പദ്ധതികൾ ഇതിനോടകം തുടങ്ങി. 5000 കോടിയുടെ ബിൽ ഇതിനോടകം പാസ്സാക്കി. എല്ലാ നിയോജകമണ്ഡലങ്ങളിലും അ‍ഞ്ച് കോടി വീതം ചിലവഴിച്ച് ഒരോ സ്കൂൾ വീതം രാജ്യാന്തര തലത്തിലുള്ള നിലവാരത്തിലേക്ക് ഉയ‍ർത്താനുള്ള പദ്ധതി ഈ ഡിസംബറോടെ പൂ‍ർത്തിയാവും. സെക്കൻഡ‍റി - ഹയ‍ർ സെക്കൻഡറി തലത്തിൽ 45000 ക്ലാസുകളാണ് ഹൈടെക്കായത്. കൊവിഡ് വെല്ലുവിളിക്ക് ഇടയിലും ഇതു പൂ‍ർത്തിയായി. 25 ആശുപത്രികളിൽ 2200 കോടി ചിലവാക്കി വികസനം ഉറപ്പാക്കി. 977 കോടി ചിലവിട്ട് പെട്രോ കെമിക്കൽ പാ‍ർക്കിൻ്റെ ഭൂമിയേറ്റെടുത്തു.

ഇതൊക്കെ മല‍ർപൊടിക്കാരൻ്റെ സ്വപ്‌നമാണോ, ഉഡായിപ്പാണോ അതൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ. പ്രതിപക്ഷനേതാവ് തിരുത്തി പറയണം എന്ന് പറയുന്നില്ല. പക്ഷേ അദ്ദേഹത്തിൻ്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ​ഗുണഫലം അനുഭവിക്കുന്നുണ്ടല്ലോ. റീബിൽഡ് കേരളയുടെ കൺസൽട്ടൻസി കെപിഎംജിക്ക് നൽകിയതിൽ അഴിമതി എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മൂന്ന് ദിവസം കഴിഞ്ഞ് അതു മാറ്റിപ്പറഞ്ഞു. കെപിഎംജിക്ക് കൺസൽട്ടൻസി കൊടുത്ത കാര്യം ചട്ടപ്രകാരമാണെന്ന് വൈകിട്ടത്തെ വാ‍ർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞെന്നും താൻ അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു കാര്യവും പരിശോധിക്കാതെയാണ് പ്രതിപക്ഷനേതാവ് ഓരോ ആരോപണം ഉന്നയിക്കുന്നത് എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാകുന്നത്?

ഏപ്രിൽ 15-ന് അദേഹം പറഞ്ഞു, റേഷൻ കാ‍ർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരം ഇതിനോടകം സ്പ്രിംഗ്ളറിന് നൽകിയെന്ന്. വ്യക്തി​ഗതവിവരങ്ങളും സ്പ്രിംഗ്ള‍ർ കമ്പനിക്ക് കച്ചവടം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജൂൺ 25-ന് ആ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് മാധ്യമപ്രവ‍ർത്ത‍കർ ചോദിച്ചപ്പോൾ വിവരങ്ങൾ ​ദുരുപയോ​ഗം ചെയ്യില്ലെന്ന സ‍ർക്കാ‍ർ വാദം അം​ഗീകരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയാണോ പ്രതിപക്ഷനേതാവ് പെരുമാറേണ്ടത്? - മുഖ്യമന്ത്രി ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top