10 September Tuesday

ഹൃദയഭേദകമായ ദുരന്തം: 93 മൃതദേഹങ്ങൾ കണ്ടെത്തി, 34 പേരെ തിരിച്ചറിഞ്ഞു, 128 പേർക്ക് പരിക്കേറ്റു- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം> ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. ഇതുവരെ 93 മൃതദേഹങ്ങൾ കണ്ടെത്തി. 128 പേർ പരിക്കേറ്റ് വിവിധ ആശുപത്രയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരമൊരു ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട് മണ്ണിനടിയിൽ പുതഞ്ഞുപോയത്. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി.

പുലര്‍ച്ചെ രണ്ടിന് ആദ്യ ഉരുള്‍പൊട്ടലും 4.10ന് രണ്ടാമത്തെ ഉരുള്‍പെട്ടലുമുണ്ടായി. ദുരന്തത്തിൽ ഒട്ടേറെ പേർ ഒഴുകിപോയി. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്ന രീതിയില്‍ മുന്നോട്ട് പോവുകയാണ്. 45 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളാണ് ക്യാപുകളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സൈനിക സംഘം മുണ്ടക്കൈ മാർക്കറ്റ് മേഖലയിൽ രാവിലെ എത്തി പരുക്കേറ്റവരെ മുഴുവൻ മാറ്റി. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവർത്തനം ആകാവുന്ന രീതിയിൽ തുടരുന്നുണ്ട്. ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുൾ പൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള ഇടമല്ല. എല്ലാവരും ദുരന്ത സാധ്യത മുന്നറിയിപ്പ് പാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെട്ടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപയും സിയാൽ 2 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്നും എല്ലാവരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം


ഹൃദയഭേദകമായ ദുരന്തമാണ്  വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല  പ്രദേശങ്ങളില്‍ ഉണ്ടായത്. അതിതീവ്രമായ മഴയില്‍  ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച്  കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി.  അവിടെ  കുടുങ്ങിക്കിടന്ന പരിക്കേറ്റ മുഴുവനാളുകളെയും  രക്ഷപ്പെടുത്തി  പുറത്തേക്ക് കൊണ്ടുവരികയാണ്.

128 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഉറങ്ങാന്‍  കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ്  ജീവൻ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍  മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്.  ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ട്നല്‍കി.

നമ്മുടെ നാട്  ഇന്നുവരെ കണ്ടതില്‍ അതീവ  ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്.  ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്നു പുലര്‍ച്ചെ 2 മണിക്കാണ് ഇവിടെ ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയും ചൂരല്‍മല, മുണ്ടക്കൈ റോഡ് ഒലിച്ചുപോകുന്ന നിലയുണ്ടാവുകയും ചെയ്തു. ഇവിടെയുള്ള വെള്ളാര്‍മല ജിവിഎച്ച്  സ്കൂള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുകയാണ്.  വീടുകള്‍ക്കും ജീവനോപാധികള്‍ക്കുമേറ്റത് വലിയ നാശനഷ്ടമാണ്. മണ്ണിനടിയില്‍ പെട്ടവരും ഒഴുക്കില്‍ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും.  സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരും.

ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുരന്ത വിവരം അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്  എന്നിവരുള്‍പ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാ  സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ  പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.  

അപകടവിവരം അറിഞ്ഞയുടെനെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ചു മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  നിയോഗിച്ചിട്ടുണ്ട്.  മന്ത്രിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൈന്യത്തിന്‍റെ സഹായമുള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടേയും  രക്ഷാപ്രവര്‍ത്തനം  നടന്നുകൊണ്ടിരിക്കുകയാണ്. പരമാവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുമാണ്  ശ്രമിക്കുന്നത്. വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ  118 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്,  തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.  കരസേനയുടെയും  നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നുണ്ട്. ഫയര്‍ ഫോഴ്സില്‍ നിന്നും  329 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ വാട്ടര്‍ റെസ്ക്യൂ അക്കാദമിയിലെ 35 ട്രെയിന്‍ഡ് അംഗങ്ങളും, 86 സിവില്‍ ഡിഫെന്‍സ്, ആപ്ത മിത്ര അംഗങ്ങളും  ഉള്‍പ്പെടുന്നു.

എന്‍ഡിആര്‍എഫിന്‍റെ 60 അംഗ ടീം വയാനട്ടില്‍ ഇതിനോടകം എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു.  കൂടാതെ ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയാനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിഎസ് സിയുടെ  64 പേരടങ്ങുന്ന  ടീം വയനാട് എത്തിയിട്ടുണ്ട്. 89 പേരുടെ  ടീം  പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡിഎസ് സി  ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്സിന്‍റെ 2 ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് നില്‍ക്കുകയാണ്. കൂടാതെ നേവിയുടെ റിവര്‍ക്രോസിങ്ങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ  ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്.

കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ള 30 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്.  ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജി, ഡിഐജി എന്നിവര്‍ ദുരന്ത മേഖലയില്‍ എത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എഡിജിപിയും വായനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.    

പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തിരച്ചില്‍ സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആണിത്. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ലോക്കല്‍ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യു ഫോഴ്സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കൂടാതെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്‍ററില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.   തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്മ്പോലീസിന്‍റെ ഡ്രോണ്‍ സംഘങ്ങളെയും വയനാട്ടിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു. സൈന്യത്തിന്‍റെ പരിശീലനം സിദ്ധിച്ച നായ്ക്കളെ ലഭ്യമാക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
    
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരില്‍ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങള്‍ക്ക് തടസ്സം കൂടാതെ എത്തിച്ചേരുന്നതിനായി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് പോലീസ് എല്ലാവിധ സഹായവും നല്‍കുന്നുണ്ട്. മൃതദേഹങ്ങള്‍പോസ്റ്റുമോര്‍ട്ടം പരിശോധനയും ഇന്‍ക്വസ്റ്റും നടത്തി ബന്ധുക്കള്‍ക്ക് കൈമാറാനും നടപടി സ്വീകരിച്ചുവരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ളഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്തുന്നതാണ്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിനുവേണ്ട ഇടപെടലുകള്‍ പൊതുവിതരണ വകുപ്പും സപ്ലൈകോയും നടത്തി വരുന്നു. റേഷന്‍കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്‍റെ രണ്ടു വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് വയനാട്ടില്‍ പ്രാദേശികമായി ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടറെ രാവിലെതന്നെ പ്രത്യേകമായി നിയോഗിച്ചു.

താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്നിക്കില്‍ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കുന്നു. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടേയ്ക്ക് അയച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്.

അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്‍റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

ഇപ്പോള്‍ അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാല്‍ ഉരുള്‍പൊട്ടലിന്‍റെ   പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ എന്ന സ്ഥലം തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും , ഉരുളും, പാറകളും, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്‍റെ ആറ് കിലോമീറ്റര്‍ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വര്‍ഷങ്ങളായി ജനവാസം ഉള്ളമേഖലയുമാണ്. എന്നാല്‍ ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല.

മഴ കനത്തതിനാല്‍  ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു.  ഇത് അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായി.  ഇവിടെ ഓറഞ്ച് അലര്‍ട്ട് ആണ് നിലനിന്നിരുന്നത്. 64 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴ പെയ്യും എന്നായിരുന്നു ഇന്നലെ ഉച്ചക്കുള്ള മുന്നറിയിപ്പ്. എന്നാല്‍  ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും  അടുത്ത 24 മണിക്കൂറിനുള്ളില്‍  372 മില്ലിമീറ്റര്‍ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും ചിലപ്പോള്‍ എങ്കിലും പ്രവചനാതീതമാണ്. അപ്രതീക്ഷിതമായ വന്‍മഴയും മേഘ വിസ്ഫോടനവും ഉരുള്‍പൊട്ടലും ഒക്കെ അതിന്‍റെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. നാം ഏറെക്കാലമായി ജീവിക്കുന്ന പ്രദേശത്ത് മുമ്പ് അത്തരം അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലായിരിക്കാം. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ദുരന്തസാധ്യത മുന്നറിയിപ്പുകള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരും പാലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഏറെക്കാലമായി താമസിക്കുന്ന ഇടമാണ്, മാറിനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന ചിന്ത മാറ്റിവെച്ച് മാറിനിന്നാല്‍ മാത്രമേ സുരക്ഷിതത്വം ഉണ്ടാകു എന്ന രീതിയിലേക്ക് മാറേണ്ടതാണ്.

ആവശ്യമായ മുന്‍കരുതലകളോടെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും നാശനഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കാാനുമുള്ള പരിശ്രമം വിട്ടുവീഴ്ച കൂടാതെ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അതു മികച്ച ഫലം നല്‍കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അനിവാര്യമാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാതെ കൃത്യമായി പാലിക്കാന്‍ ഓരോരുത്തരും സന്നദ്ധരാകണം.  

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ വരുന്ന എകദേശം 3 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും, 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 2 ട്രാന്‍സ്ഫോര്‍മര്‍ ഒലിച്ചു പോയി, 3 ട്രാന്‍സ്ഫോര്‍മറുകള്‍ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 350 ഓളം വീടുകളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തി വരികയാണ്.

ദുരന്ത ബാധിത മേഖലയിലെ 7 ട്രാന്‍സ്ഫോര്‍മര്‍ (ഏകദേശം 1400 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും  വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈദ്യുതി വകുപ്പ് സ്വീകരിച്ചു വരുന്നു. ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ഒറ്റപ്പെട്ട് പോയവര്‍ക്കും  കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ബന്ധപെട്ട വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല രീതിയിൽ  സ്വീകരിക്കുന്നുണ്ട്. അതിന് പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ഈ ദുരന്തത്തിന്‍റെ ആഘാതത്തില്‍ സംസ്ഥാനം ആകെ വിറങ്ങലിച്ചു  നില്‍ക്കുമ്പോള്‍ മാധ്യമങ്ങളുടെ ഇടപെടലുകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. വളരെ അവധാനതയോട് കൂടി ഭീതി പടര്‍ത്താതെ വിവരങ്ങള്‍ ജനങ്ങളിലേക്കും മറ്റ് ബന്ധപ്പെട്ടവരിലേക്കും എത്തിക്കുന്നതില്‍ എല്ലാ മാധ്യമങ്ങളും ഒരുപോലെയാണ് പ്രവര്‍ത്തിച്ചത്. കേരളമൊട്ടാകെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ഈ വേളയില്‍ മാധ്യമങ്ങളും അത്തരത്തിലൊരു സമീപനം സ്വീകരിച്ചത് നല്ല രീതിയാണ്.

അതോടൊപ്പം ദുരന്ത മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ നിങ്ങളുടെ ജോലി നിര്‍വഹിക്കണം എന്ന കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. അനാവശ്യമായ അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.  പറഞ്ഞറിയിക്കാനാവാത്തത്രയും  തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി  നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്.

ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ  പോകുന്നത് കർശനമായി ഒഴിവാക്കണം. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ആരോഗ്യ വകുപ്പ്, പോലീസ്, റവന്യൂവകുപ്പ് താലൂക്ക്തല ഐ.ആര്‍എസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വനം വകുപ്പ് ഇവയുടെയെല്ലാം  നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയുടെ സാഹചര്യത്തില്‍ അവശ്യ സര്‍വ്വീസുകളില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ സജ്ജരാക്കി നിര്‍ത്താന്‍ തീരുമാനിച്ചു. പോലീസ്, ഫയര്‍ & റെസ്ക്യൂ, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ ദീര്‍ഘ കാല അവധി ഒഴികെയുള്ളവ റദ്ദാക്കും. തിരികെജോലിയില്‍ പ്രവേശിപ്പിച്ച് ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ ഇവരെ സജ്ജരാക്കണമെന്നാവശ്യപ്പെട്ട്  വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശമിച്ചിട്ടില്ല. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത 2- 3  ദിവസം ശക്തമായി തുടരാന്‍ സാധ്യതയുമുണ്ട്.

ഇതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുന്നറിയിപ്പുകള്‍ അനുസരിച്ച് നിയന്ത്രണം പാലിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top