സരിന്റെ സ്ഥാനാർഥിത്വം എതിർചേരിയിൽ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി
പാലക്കാട്> ഡോ. പി സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതോടെ കോൺഗ്രസും ബിജെപിയും അങ്കലാപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അങ്കലാപ്പ് സ്വാഭാവികമാണ്. ഇതോടെ എല്ലാ തെറ്റായ വഴിയും സ്വീകരിച്ച് അവർ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മേപ്പറമ്പിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിൻ എൽഡിഎഫിന്റെ ഭാഗമാവാൻ തീരുമാനിച്ചപ്പോൾ ഉണർവും ഉത്സാഹവും വർധിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നത്. അതിനിടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനിൽക്കുന്ന സ്ഥിതി വിശേഷം മാറണമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസമാണ്. കേരളത്തിന് മൊത്തമുണ്ടായ മാറ്റത്തിനൊപ്പം നിൽക്കാൻ പാലക്കാടിനും കഴിയണ്ടേ എന്ന ചിന്ത പാലക്കാട്ടെ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ഇന്നുണ്ട്. ആ ദൗത്യമാണ് ഡോ. സരിൻ ഇന്നിവിടെ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments