21 July Sunday

പൊലീസ‌് കമീഷണറേറ്റ‌്: തീരുമാനം സമവായത്തിലൂടെ മാത്രം‐ മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം > പൊലീസ‌് കമീഷണറേറ്റ‌് രൂപീകരിക്കാനുള്ള നടപടി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ധൃതിപിടിച്ചുള്ള നടപടിയുണ്ടാകില്ല. യുഡിഎഫ‌് സർക്കാരാണ‌് കമീഷണറേറ്റ‌് രൂപീകരിക്കാൻ തീരുമാനിച്ചതും ഉത്തരവിറക്കിയതുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന‌് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കലക്ടറുടെ മജിസ‌്റ്റീരിയൽ അധികാരത്തിന്റെ ഭാഗമടക്കം കമീഷണർക്ക‌് കൈമാറേണ്ടതുണ്ട‌്. ഇതടക്കമുള്ള കാര്യങ്ങളിൽ തീർപ്പുണ്ടാക്കാനാണ‌് സമവായചർച്ച നടത്തുക.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പൊലീസ‌് കമീഷണറേറ്റ‌് രൂപീകരിക്കാൻ കഴിഞ്ഞ യുഡിഎഫ‌് സർക്കാരാണ‌് നയപരമായ തീരുമാനമെടുത്തത‌്. 2012 നവംബർ 28ലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചു. തുടർന്ന‌് ധന, നിയമ വകുപ്പുകളുടെ വിശദ പരിശോധനയും അഭിപ്രായവും ആവശ്യപ്പെട്ടു. 2013 ജനുവരി 23ന‌് മന്ത്രിസഭ അംഗീകരിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ മെട്രോ പൊളിറ്റൻ പൊലീസ‌് സമ്പ്രദായം ഏർപ്പെടുത്താൻ ജനുവരി 29ന‌് സർക്കാർ ഉത്തരവിറക്കി. വിശദ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ‌് യുഡിഎഫ‌് മന്ത്രിസഭ തീരുമാനമെടുത്തതെന്ന‌് വ്യക്തം.

എൽഡിഎഫ‌് സർക്കാർ പുതുതായി ഒരു തീരുമാനവുമെടുത്തിട്ടില്ല. 1977ൽ നിയമിച്ച ദേശീയ പൊലീസ‌് കമീഷന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ പൊലീസ‌് കമീഷണറേറ്റ‌് രൂപീകരണം. ജസ‌്റ്റിസ‌് കെ ടി തോമസ‌് ചെയർമാനായ കേര‌ള പൊലീസ‌് പെർഫോമൻസ‌് ആൻഡ‌് അക്കൗണ്ടബിലിറ്റി കമീഷൻ കോഴിക്കോട‌്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമീഷണറേറ്റ‌് രൂപീകരിക്കാനും ഡിഐജിമാരെ കമീഷണർമാരാക്കാനും ശുപാർശചെയ‌്തു. നഗരവളർച്ചയുടെ പ്രശ‌്നങ്ങൾ പരിഗണിക്കുമ്പോഴാണ‌് കമീഷണറേറ്റ‌് രൂപീകരണത്തിന്റെ പ്രാധാന്യം ഉയരുന്നത‌്. ഇന്ത്യയിൽ 44 നഗരത്തിൽ നിലവിൽ കമീഷണറേറ്റ‌് പ്രവർത്തിക്കുന്നു. 4.63 ലക്ഷംമുതൽ 8.93 ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളാണിവ. കോൺഗ്രസ‌് ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ സംസ്ഥാനങ്ങളിലെ നഗരങ്ങളും ഉൾപ്പെടുന്നു. തിരുവനന്തപുരത്ത‌് 21 ലക്ഷവും കൊച്ചിയിൽ 18 ലക്ഷവുമാണ‌് നിലവിലുള്ള ജനസംഖ്യ.

പൊലീസ‌് സേനയിൽ അച്ചടക്കരാഹിത്യമുണ്ടെന്ന പ്രചാരണം അവാസ‌്തവമാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനപാലനത്തിൽ മുൻപന്തിയിലാണ‌്. കുറ്റാന്വേഷണത്തിൽ ആധുനിക രീതികൾ സ്വായത്തമാക്കി, വിജയകരമായി പ്രയോഗിക്കുന്നു. പൊലീസ‌് ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്താൻ ചില ഭാഗങ്ങളിൽനിന്ന‌് ശ്രമങ്ങളുണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വി ടി ബലറാം നൽകിയ അടിയന്തര പ്രമേയ നോട്ടീസ‌് മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന‌് സ‌്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച‌് പ്രതിപക്ഷം ഇറങ്ങിപ്പോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top