16 September Monday

കൺവൻഷൻ സെന്റർ ഉടമയുടെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും; ആരോപണത്തിൽ വസ്‌തുതയുണ്ടെങ്കിൽ കർശന നടപടി: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jun 19, 2019

തിരുവനന്തപുരം > ആന്തൂർ നഗരസഭയിലെ ബക്കളത്ത‌് പ്രവർത്തിക്കുന്ന പാർത്ഥാസ്‌ കൺവൻഷൻ സെന്റർ ഉടമ ജീവനൊടുക്കിയതിൽ എന്താണ‌് സംഭവിച്ചതെന്ന‌്  ഗൗരവമായി പരിശോധിക്കുമെന്ന‌്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരിശോധനയിൽ  ആത്മഹത്യക്ക‌് കാരണമായി പറയുന്നതിൽ  എന്തെങ്കിലും വസ‌്തുതയുണ്ടെന്ന‌് കണ്ടെത്തിയാൽ  ഉറച്ച നടപടിതന്നെയുണ്ടാകും. തെറ്റുകാർക്ക‌്  ഒരു സംരക്ഷണവും നൽകില്ല. നഗറ്റീവ‌് മനോഭാവമുള്ള ഉദ്യോഗസ്ഥർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  സണ്ണിജോസഫിന്റെ അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ‌് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത‌്.

ആത്മഹത്യ ചെയ‌്ത  സാജനോട‌് നഗരസഭ ഒരു വിവേചനവും കാട്ടിയിട്ടില്ലെന്ന‌് തദ്ദേശഭരണ മന്ത്രി എ സി മൊയ‌്തീൻ പറഞ്ഞു. എങ്കിലും കെട്ടിടത്തിന‌് ഒക്യുപെൻസി സർട്ടിഫിക്കറ്റ‌് നൽകുന്നതിൽ ഏതെങ്കിലും വീഴ‌്ച സംവിച്ചോ എന്ന‌് അന്വേഷിക്കും.  ഇതിനായി നഗരകാര്യ വകുപ്പ‌് റീജിയണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധനാ സംഘത്തെ നിയമിച്ചിട്ടുണ്ട‌്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന‌് പരിശോധിക്കാൻ സിടിപി വിജിലൻസിന്റെ നേതൃത്വത്തിൽ മറ്റൊരു സമിതിയേയും നിയോഗിച്ചിട്ടുണ്ട‌്. റിപ്പോർട്ട‌് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ഇതേ ഭൂമിയിൽതന്നെ പത്തു വില്ലകൾ നിർമിക്കാൻ നഗരസഭ അനുമതി നൽകിയിട്ടുണ്ട‌്.

ഈസ‌് ഓഫ‌് ഡൂയിംഗ‌് ബിസിനസ്സിന്റെ ഭാഗമായി കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ‌്ത‌തനുസരിച്ച്‌ അപേക്ഷകർക്ക‌് പെർമിറ്റ‌് അപേക്ഷിച്ച‌് 30 ദിവസത്തിനകം നൽകണം. പൂർണമായ അപേക്ഷ സമർപിച്ചിട്ടും സമയബന്ധിതമായി പെർമിറ്റ‌് നൽകിയില്ലെങ്കിൽ ഡീംഡ‌് പെർമിറ്റായി കണക്കാക്കും. ഒക്യുപേഷൻ സർട്ടിഫിക്കറ്റ‌് 15 ദിവസത്തിനകം നൽകണം. എല്ലാ അപേക്ഷകളിലും സമയബന്ധിതമായി തീർക്കാനും ജനസൗഹൃദ സമീപനം സ്വീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട‌്. ഇതിന‌് വിരുദ്ധമായി ആരു പ്രവർത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. ആന്തൂർ നഗരസഭയിലും ഈ കാര്യങ്ങൾ പരിശോധിക്കും‐ മന്ത്രി പറഞ്ഞു.

സാജന്റെ മരണത്തിൽ വളപ്പട്ടണം പൊലീസ‌് അസ്വാഭാവിക മരണത്തിന‌് കേസെടുത്തിട്ടുണ്ട‌്. സഹോദരന്റെ മൊഴിയുമെടുത്തു. മാനസിക വിഷമമാണ‌് ആത്മഹത്യക്ക‌് കാരണമെന്നാണ‌് മൊഴി. എങ്കിലും കെട്ടിട നിർമാണ പെർമിറ്റുമായി ആത്മഹത്യക്ക‌് എന്തെങ്കിലും ബന്ധമുണ്ടോയെന്ന‌ും മറ്റ‌് വല്ല കാരണമാണോ എന്നും പൊലീസ‌് അന്വേഷണത്തിലേ വ്യക്തമാകൂവെന്നും മന്ത്രി എ സി മൊയ‌്തീൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top