06 December Friday

ന്യൂനമർദത്തിന്‌ കാരണം കടലിലെ ചൂട്‌; അസാധാരണ പ്രതിഭാസം

പി വിജയൻUpdated: Tuesday Dec 3, 2019

മലപ്പുറം > അറബിക്കടലിൽ ന്യൂനമർദവും ചുഴലിയും രൂപംകൊള്ളുന്നത്‌ അന്തരീക്ഷ താപനിലയിലെ  മാറ്റങ്ങൾമൂലമെന്ന്‌ പഠനം. ഇത്‌ അസാധാരണ പ്രതിഭാസമാണ്‌.
താപനില കൂടുമ്പോൾ കടൽ അത്‌ ആഗിരണംചെയ്യുന്നു. കടലിലെ താപനില സംഭരണ അളവിലും കൂടുതൽ ഉയരുമ്പോൾ ചുഴലിയായും ന്യൂനമർദമായും രൂപംകൊള്ളുമെന്ന്‌ കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

കാലാവസ്ഥയിൽവരുന്ന വ്യതിയാനം കടലിനെയും ഗുരുതരമായി ബാധിക്കുന്നുണ്ട്‌.  പ്രകൃതിയിലെ അനിയന്ത്രിതമായ കൈയേറ്റവും നിർമാണവും അന്തരീക്ഷ താപനിലയിൽ അസ്ഥിരതയുണ്ടാക്കും. ആഗോളതലത്തിലുള്ള ഇത്തരം മാറ്റം  അറബിക്കടലിനെയും ബാധിച്ചു. ക്രമാതീതമായി കടലിന്‌ ചൂട്‌ കൂടി. നേരത്തെ, അറബിക്കടലിൽ ന്യൂനമർദവും ചുഴലിക്കാറ്റും രൂപംകൊള്ളുന്നത്‌ വിരളമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം എട്ട്‌ ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു. ഈ വർഷം ഇതുവരെ വായു, ശിഖ, മഹാ, ക്യാർ എന്നിങ്ങനെ നാല്‌ ചുഴലിക്കാറ്റ്‌ കടന്നുപോയി. ഇപ്പോൾ ഇരട്ട ന്യൂനമർദമാണ്‌ രൂപപ്പെട്ടത്‌. അറബിക്കടലിന്റെ ഉപരിതലത്തിൽ ചെറുചുഴലിയായി ഇത്‌ മാറും. മഴയ്‌ക്കും കാരണമാകും. കാലംതെറ്റിയുള്ള മഴ ഫലവൃക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. നവംബർ പകുതിയോടെ  സാധാരണ മഞ്ഞുകാലം ആരംഭിക്കേണ്ടതാണ്‌. ഇതുവരെ മഞ്ഞുണ്ടായിട്ടില്ല. ആകാശം മേഘാവൃതമായാൽ മഞ്ഞിന്‌ സാധ്യത കുറവാണ്‌. ഡിസംബറിലും മഴ പെയ്‌തേക്കുമെന്നും ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top