03 November Sunday

കാലാവസ്ഥാ വ്യതിയാനം: രാജവെമ്പാലയുടെ
പ്രജനനകാലത്തിൽ മാറ്റം

സയൻസൺUpdated: Monday Jul 15, 2024

കൽപ്പറ്റ> വേനൽക്കാലത്ത്‌ നാട്ടിലിറങ്ങിയ രാജവെമ്പാലകൾ  ഇപ്പോൾ മഴക്കാലത്തും എത്തുകയാണ്‌. കാലാവസ്ഥാ വ്യതിയാനം കാരണം ഇണചേരൽ സമയത്തിനുണ്ടായ മാറ്റമാണ് ഇതിന്‌ കാരണം. സാധാരണ ഫെബ്രുവരി ആദ്യമാണ്‌ രാജവെമ്പാലയുടെ ഇണചേരൽ കാലം.  പ്രജനനകാലത്താണ്‌ ഇവ നാട്ടിലിറങ്ങുന്നതും പ്രകോപിതരാവുന്നതും.  മിക്കപ്പോഴും ഒന്നിലധികം പുരുഷവെമ്പാലകൾ  ഒരു പെണ്ണിനായി മത്സരിക്കാറുണ്ട്‌. 

ഉണക്കഇല കൊണ്ടുണ്ടാക്കിയ കൂട്ടിൽ മാർച്ച് അവസാനം മുതൽ മെയ് അവസാനം വരെ പെൺപാമ്പുകൾ മുട്ടയിട്ട്‌ അടയിരിക്കും. കൂട്ടിലെ താപനില 27–- 28 ഡിഗ്രി സെൽഷ്യസായിരിക്കും. പശ്‌ചിമഘട്ടമാണ്‌ രാജവെമ്പാലയുടെ പ്രധാന ആവാസ കേന്ദ്രം. വയനാട്ടിലെ കാടുകളിലെ കാലാവസ്ഥ രാജവെമ്പാലയുടെ പ്രജനനത്തിന്‌ അനുകൂലമായിരുന്നു. അഞ്ച്‌ വർഷത്തിനിടെ   താപനിലയിലുണ്ടായ വർധന പ്രജനനത്തെ സാരമായി ബാധിച്ചു.  97 ശതമാനത്തോളമുണ്ടായിരുന്ന മുട്ടവിരിയൽ തോതിലും കുറവുണ്ടായി.  കാലവർഷം മെയ്‌ പകുതിയിൽനിന്ന്‌  ജുലൈയിലേക്ക്‌ നീങ്ങാൻ തുടങ്ങിയതോടെയാണ്‌ പ്രജനനകാലവും മാറിയത്‌. ഇൻകുബേഷൻ കാലയളവ് 90 മുതൽ 113 ദിവസം വരെയാണ്‌.  മുട്ടവിരിയുന്നതിന്‌ തൊട്ടുമുമ്പ് തള്ളപ്പാമ്പ്‌  കൂട്‌ ഉപേക്ഷിക്കും. അടയിരിക്കുന്ന പെൺരാജവെമ്പാല അപകടകാരിയാണ്. 

മറ്റ്‌ പാമ്പുകളാണ്‌ പ്രധാനമായും  രാജവെമ്പാലയുടെ ഭക്ഷണം.  300 അടി ദൂരെയുള്ള ഇരയെപ്പോലും പിടികൂടാൻ കഴിയുന്നമട്ടിൽ കൃത്യതയുള്ള കാഴ്ചശക്തിയും പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും  ബുദ്ധിശക്തിയും ഇവയ്ക്കുണ്ട്‌.  ഇരയെ വിഷം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണ്‌ പതിവ്.   സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെപ്പോലും  വിഴുങ്ങാൻ കഴിയും. വയർ നിറയെ ഒരിക്കൽ ആഹാരം കഴിച്ചാൽ  മാസങ്ങളോളം  ഇരതേടാതെ ജീവിക്കാനുമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top