22 June Tuesday
പ്രതിപക്ഷനേതൃസ്ഥാനം വിടില്ലന്ന്‌ ഐ ഗ്രൂപ്പ്‌

അപമാനിച്ച്‌ ഇറക്കിവിടാൻ ശ്രമമെന്ന്‌ മുല്ലപ്പള്ളി ; തോൽവി വിലയിരുത്താൻ കേന്ദ്ര സംഘം

പ്രത്യേക ലേഖകൻUpdated: Thursday May 6, 2021


തിരുവനന്തപുരം
തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത്‌ പരിശോധിക്കാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നിരീക്ഷക സംഘത്തെ നിയോഗിച്ചു. ഒറ്റപ്പെടുത്തിയും അപമാനിച്ചും ഇറക്കിവിടാൻ ശ്രമമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിക്കിടെയാണ് ഇത്‌. അതേസമയം, പ്രതിപക്ഷ നേതൃപദവി വിട്ടുകൊടുക്കേണ്ടെന്ന്‌ ഐ ഗ്രൂപ്പ്‌ ധാരണയിലെത്തി. തോൽവി ചർച്ച ചെയ്യാൻ വെള്ളിയാഴ്‌ച ചേരുന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ കൂട്ടപ്പൊരിച്ചിലിന്‌ തയ്യാറെടുക്കുകയാണ്‌ ഗ്രൂപ്പുകൾ.

മുല്ലപ്പള്ളിക്കെതിരെ 
ബാനർ പ്രതിഷേധം
മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിക്കുന്ന ബാനറുമായി ഇന്ദിരാഭവനു മുന്നിൽ പ്രതിഷേധം അരങ്ങേറി. മുല്ലപ്പള്ളി ഓഫീസിൽ ഇരിക്കെയാണ്‌ യൂത്ത്‌ കോൺഗ്രസുകാർ ബാനർ പ്രതിഷേധം സംഘടിപ്പിച്ചത്‌. ഇതിനു പിന്നിൽ തിരുവനന്തപുരത്തെ ചില ഗ്രൂപ്പ് പ്രമുഖരാണെന്ന സംശയമുയർന്നതോടെ അതേച്ചൊല്ലിയും പോര് മുറുകി. 

പരാജയം തന്റെമാത്രം തലയിൽ കെട്ടിവയ്‌ക്കാനാണ്‌ നീക്കമെന്നും തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നത്‌ എല്ലാവരും വിസ്‌മരിക്കുകയാണെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനോട്‌ പരാതി അറിയിച്ചു. ഹൈക്കമാൻഡ്‌ എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കാമെന്നും മുല്ലപ്പള്ളി അറിയിച്ചു.

തോൽവിയുടെ കാരണം വിലയിരുത്താൻ മല്ലികാർജുൻ ഖാർഗെ, പോണ്ടിച്ചേരി മുൻ മുഖ്യമന്ത്രി എം ബി വൈദ്യലിംഗം എന്നിവരാണ്‌ വരുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അടക്കമുള്ള പല സംഘങ്ങൾ തലങ്ങും വിലങ്ങും നിരീക്ഷകരായി എത്തിയിരുന്നു. ഒടുവിൽ തോൽവി പഠിക്കാനും നിരീക്ഷക സംഘം എത്തുന്നൂവെന്നതാണ്‌ ആശ്ചര്യം. 

രാഹുലിനെതിരെയും 
വിമർശം വരുമോയെന്ന്‌ ഭയം
ഹൈക്കമാൻഡിന്റെ പൂർണനിയന്ത്രണത്തിലാണ് സ്ഥാനാർഥി നിർണയം അടക്കം എല്ലാം നടന്നത്. സ്ക്രീനിങ്‌ കമ്മിറ്റിപോലും കേരളത്തിൽ ചേർന്നു. മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് മേഖലകൾ തിരിച്ച് ചുമതല നൽകിയപ്പോൾ അവരുടെ സംസ്ഥാനത്ത് പാർടിയുണ്ടോയെന്ന് പരിഹസിച്ചവർവരെയുണ്ട്‌. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കടുത്ത വിമർശങ്ങളൊഴിവാക്കാൻ ചില നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്‌.  രാഹുൽഗാന്ധിക്കടക്കം തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന വിമർശം ഉയരുമോയെന്നും ഭയമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top