21 June Monday
വി വി രാജേഷും എ സുരേഷും നേർക്കുനേർ ഏറ്റുമുട്ടി

ബിജെപിയുടെ കനത്ത തോൽവി : വിമതർക്ക്‌ മൂർച്ച കൂടി, 
ഔദ്യോഗിക നേതൃത്വം ഒറ്റപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


തിരുവനന്തപുരം
ചരിത്രത്തിലാദ്യമായി തലസ്ഥാന ജില്ലയിൽ ബിജെപി ഏറ്റവും മോശം പ്രകടനത്തിലേക്ക്‌ പോയതിന്റെ ഉത്തരവാദിത്തം ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ ഉൾപ്പെട്ട നേതൃത്വത്തിനാണെന്ന്‌ തുറന്നടിച്ച്‌ പാർടിയിലെ പ്രബലവിഭാഗം രംഗത്ത്‌. വട്ടിയൂർക്കാവിൽ യുഡിഎഫിന്‌ ദുർബലയായ സ്ഥാനാർഥിയായിട്ടും ബിജെപിക്ക്‌ വോട്ട്‌ പിടിക്കാനായില്ല. കുമ്മനം നേരത്തെ നേടിയ വോട്ടുപോലും നിലനിർത്താനായില്ലെന്നും ഏറ്റവും മികച്ച വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത്‌ അടിമുടി നിർജീവമായെന്നും മുൻ പ്രസിഡന്റ്‌ എ സുരേഷ്‌ ഉൾപ്പെടെയുള്ളവർ കണക്ക്‌ നിരത്തി ആഞ്ഞടിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവി വിലയിരുത്താൻചേർന്ന  ബിജെപി ജില്ലാതല പരിശോധനയിലാണ്‌ നേതാക്കൾ ചേരിതിരിഞ്ഞ്‌ പോരടിച്ചത്‌. സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രൻ പങ്കെടുത്ത യോഗം ഓൺലൈനിലായിരുന്നു ചേർന്നത്‌. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ  വൻ വിമർശനമാണ്‌ സംസ്ഥാന–-ജില്ലാ നേതൃത്വങ്ങൾക്കെതിരെ ഉയർന്നത്‌.

അനവധി നേതൃപദവികൾ ഒഴിഞ്ഞു കിടക്കുകയാണെന്നും സുരേഷ്‌ വിമർശിച്ചതോടെ സുരേഷിന്റെ ജില്ലാപഞ്ചായത്തിലെ തോൽവി പരാമർശിച്ച്‌ വി വി രാജേഷും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന്റെ വക്കിലെത്തിയപ്പോൾ ജില്ലയിൽ പാർടി പത്ത്‌വർഷം  മുമ്പുള്ള അവസ്ഥയിലേക്ക്‌ തിരിച്ചുപോയെന്നും കോർകമ്മിറ്റിയിൽ വിശദ ചർച്ചയാകാമെന്നും പറഞ്ഞ്‌ കെ സുരേന്ദ്രൻ ഇടപെട്ടു. നെടുമങ്ങാടടക്കം പലമണ്ഡലങ്ങളിലും പ്രവർത്തനമുണ്ടായില്ലെന്നും പ്രതീക്ഷിച്ച വോട്ട്‌ നേടാനായില്ലെന്നും ജെ ആർ പത്മകുമാറും തുറന്നടിച്ചു. കോർപറേഷൻ പരിധിയിലെ  ബിജെപി സ്വാധീന മേഖലകളിൽ എൽഡിഎഫിന്‌  എങ്ങിനെ ഭൂരിപക്ഷം ലഭിച്ചെന്ന ചോദ്യത്തിനും നേതൃത്വത്തിന്‌ കൃത്യമായ മറുപടിയുണ്ടായില്ല. പുറമേക്ക്‌ രാജിസന്നദ്ധത പ്രകടിപ്പിക്കുമ്പോഴും നേതൃമാറ്റമെന്ന അജണ്ട തള്ളിക്കളയുകയാണ്‌ ഔദ്യോഗിക നേതൃത്വം.  ബൂത്ത്‌ തലംവരെയുള്ള പരിശോധനകളിലെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത്‌ നേതൃമാറ്റമാകാമെന്നാണ്‌ കേന്ദ്ര നിർദേശം. 

അതിനിടെ,കേരളത്തിൽ പിന്നോട്ടടിക്കാൻ കാരണം നേതൃത്വം പാർടി ആദർശങ്ങൾ ബലികഴിച്ചതുകൊണ്ടാണെന്ന്‌ സംഘപരിവാർ സംഘടനകൾ പ്രചാരണം തുടങ്ങി. സംഘപരിവാർ മാധ്യമങ്ങളിലൂടെയാണ്‌ പ്രചാരണം. വാർത്തയിലിടം നേടാൻ എന്തും വിളിച്ചുപറയുന്ന നിലയിലാണ്‌. താഴേത്തട്ടിൽ പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്‌. തോൽവിയിൽ ആർഎസ്‌എസ്‌ ഇടപെടലും കാരണമായിട്ടുണ്ടെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ അഭിപ്രായവും കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top