18 May Tuesday
വകവയ്‌ക്കില്ലെന്ന്‌ മുരളീധരനും സുരേന്ദ്രനും

അരയുംതലയും മുറുക്കി മുരളിവിരുദ്ധർ ; പരസ്യ വിമർശവുമായി മുതിർന്ന നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


തിരുവനന്തപുരം
കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ വി മുരളീധരനും കെ സുരേന്ദ്രനും സ്ഥാനമൊഴിയണമെന്ന്‌ ബിജെപിയിൽ ആവശ്യം. ഇവർക്കെതിരെ ആദ്യം മുതിർന്ന നേതാക്കളെ രംഗത്തിറക്കാനും തുടർന്ന്‌ പാർടി കമ്മിറ്റികളിൽ തുറന്നടിക്കാനുമാണ്‌ എതിർ വിഭാഗത്തിന്റെ നീക്കം. പി പി മുകുന്ദനും സി കെ പത്മനാഭനും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതും ഇതിന്റെ ഭാഗമാണ്‌. അടുത്ത ദിവസങ്ങളിൽ മറ്റു മുതിർന്ന നേതാക്കളും രംഗത്തുവരും. ശക്തമായ നീക്കം നടത്തുമെന്ന രീതിയിലുള്ള സന്ദേശം ശോഭ സുരേന്ദ്രൻ ഫെയ്‌സ്‌ബുക്കിലും പങ്കിട്ടു.

എതിർ ഗ്രൂപ്പുകാരുടെ നീക്കങ്ങളെ തെല്ലും വകവയ്‌ക്കേണ്ടെന്ന നലപാടിലാണ്‌ മുരളീധരനും സുരേന്ദ്രനും. താൻ രണ്ടിടത്ത്‌ മത്സരിച്ചതും ഹെലികോപ്‌ടർ ഉപയോഗിച്ചതുമാണോ നേമത്തും പാലക്കാട്ടും തൃശൂരിലും തോൽക്കാൻ കാരണമെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

എന്നാൽ, കഴക്കൂട്ടമടക്കം തിരുവനന്തപുരം ജില്ലയിലെ വൻ തിരിച്ചടിയിൽ മറുപടിയില്ലാതെ കുഴങ്ങുകയാണ്‌ സംസ്ഥാന നേതൃത്വം. കഴക്കൂട്ടത്ത്‌ മത്സരിക്കാൻ മുരളീധരൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വമാണ്‌ നീക്കം തടഞ്ഞത്‌. ജയിക്കുമെന്ന്‌ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉള്ള രാജ്യസഭാ സീറ്റ്‌ കളഞ്ഞിട്ടുള്ള കളി വേണ്ടെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തെന്നും വിരുദ്ധപക്ഷം പറയുന്നു. അങ്ങനെയാണ്‌ ശോഭ സുരേന്ദ്രന്‌ നറുക്ക്‌ വീണത്‌.

ആ ഘട്ടത്തിൽത്തന്നെ മുരളീധരനും കൂട്ടരും കഴക്കൂട്ടത്തെ ശോഭയുടെ ‘വിധി’ തീരുമാനിച്ചിരുന്നുവത്രെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളിക്ക്‌ കിട്ടിയ വോട്ട്‌ ഒരു കാരണവശാലും ശോഭയ്‌ക്ക്‌ കിട്ടരുതെന്ന നിലപാടെടുത്തുവെന്നുമാണ്‌ പറയുന്നത്‌. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തിന്‌ പരാതിയും നൽകിയിട്ടുണ്ട്‌.

കുണ്ടറയിൽ 
ബിജെപി 
ചതിച്ചെന്ന്‌ 
ബിഡിജെഎസ്‌ സ്ഥാനാർഥി
കുണ്ടറ മണ്ഡലത്തിൽ ബിജെപി വോട്ട്‌ മൂന്നിലൊന്നായി കുറഞ്ഞെന്നും ചതി നടന്നെന്നും എൻഡിഎ സ്ഥാനാർഥിയും ബിഡിജെഎസ്‌ ജില്ലാ പ്രസിഡന്റുമായ വനജാ വിദ്യാധരൻ. എൻഡിഎയുടെ വിജയത്തിനാണ്‌ പ്രവർത്തിച്ചത്‌.

എൽഡിഎഫിലെ ജെ മേഴ്‌സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്തി യുഡിഎഫ്‌ സ്ഥാനാർഥി പി സി വിഷ്‌ണുനാഥിനെ വിജയിപ്പിക്കൽ ബിഡിജെഎസിന്റെ ലക്ഷ്യമായിരുന്നില്ല. ബിജെപിക്ക്‌ അങ്ങനൊരു നീക്കമുണ്ടായിരുന്നോയെന്ന്‌ മനസ്സിലാക്കാനായില്ല. എന്തായാലും ബിജെപിക്കാർ ഏറെയും വോട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ വ്യക്‌തമായി. 2016ൽ ലഭിച്ച 20,257 വോട്ട്‌ 6097 ആയി കുറഞ്ഞത്‌ എന്തുകൊണ്ടെന്ന്‌ ബന്ധപ്പെട്ടവർ വ്യക്തമാക്കണം. പ്രചാരണത്തിനു‌പോലും ബിജെപിക്കാർ ഇറങ്ങിയില്ല. കുണ്ടറ ബിഡിജെഎസ്‌ ചോദിച്ചുവാങ്ങിയതല്ല. ബിജെപി നിർബന്ധിച്ച്‌ ഏൽപ്പിച്ചതാണ്‌. കരുനാഗപ്പള്ളി സീറ്റാണ്‌ ചോദിച്ചത്‌. ഇനിയുള്ള കാര്യങ്ങൾ തുഷാർ വെള്ളാപ്പള്ളി തീരുമാനിക്കുമെന്നും വനജാ വിദ്യാധരൻ പറഞ്ഞു.

എല്ലാം ദേശീയ നേതൃത്വം 
തീരുമാനിച്ചതെന്ന്‌ സുരേന്ദ്രൻ
ഹെലികോപ്‌റ്ററിൽ പ്രചാരണം നടത്തിയതും രണ്ട്‌ മണ്ഡലത്തിൽ മത്സരിച്ചതുമെല്ലാം ദേശീയനേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. 2016ലും  ഹെലികോപ്‌റ്റർ ഉപയോഗിച്ചിരുന്നു.  പ്രചാരണതന്ത്രവും സ്ഥാനാർഥികളെയുമെല്ലാം നിശ്ചയിച്ചത്‌ കേന്ദ്രനേതൃത്വമാണ്‌. പരാജയത്തിന്‌ തനിക്ക്‌ പ്രാഥമിക ഉത്തരവാദിത്തമുണ്ട്‌. രണ്ട്‌ മണ്ഡലത്തിൽ താൻ മത്സരിച്ചത്‌ നേമം,  കഴക്കൂട്ടം, പാലക്കാട്‌ സീറ്റുകളിലെ തോൽവിക്ക്‌ കാരണമല്ല.

പരാജയകാരണം കോർകമ്മിറ്റി യോഗം ചേർന്ന്‌ വിലയിരുത്തി. തോൽവി അംഗീകരിക്കുന്നു. ബിജെപിക്ക്‌  വോട്ട്‌ കുറഞ്ഞിട്ടുണ്ട്‌. തിരുത്തൽ നടപടി ചർച്ചചെയ്‌തു. യുഡിഎഫുമായി ചേർന്ന്‌ വോട്ടുകച്ചവടമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ദുരാരോപണമാണെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. ഹെലികോപ്‌റ്റർ യാത്രയടക്കം തോൽവിക്ക്‌ കാരണമായെന്ന മുൻ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭന്റെ വിമർശനത്തോട്‌ പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ കൊടകരയിൽവച്ച്‌ തട്ടിയെടുത്ത കേസിൽ ബന്ധമില്ലെന്നും ആവർത്തിച്ചു. കേസിൽ അന്വേഷിക്കുന്ന സുനിൽനായകുമായുള്ള ബന്ധമെല്ലാം പൊലീസ്‌ അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top