18 May Tuesday

അടി തുടങ്ങി ; പ്രതിപക്ഷ നേതാവാകാൻ 
തിരുവഞ്ചൂർ,കേന്ദ്രം നീക്കട്ടെയെന്ന്‌ സുരേന്ദ്രൻ , ബിഡിജെഎസ്‌ എൻഡിഎ വിടുന്നു

പ്രത്യേക ലേഖകൻUpdated: Tuesday May 4, 2021


തിരുവനന്തപുരം
കൂട്ടത്തോൽവിയെ തുടർന്ന്‌ കോൺഗ്രസിലും യുഡിഎഫിലും കലാപം. വാക്‌പോരും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും  മൂർച്ഛിക്കുന്നതിനിടെ, ഒഴിയാൻ തയ്യാറല്ലെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും തന്നെ നീക്കുന്ന കാര്യം ഹൈക്കമാൻഡ്‌ തീരുമാനിക്കട്ടെ എന്നാണ്‌ മുല്ലപ്പള്ളി പറയുന്നത്‌. അതിനിടെ മുല്ലപ്പള്ളിയെ ഉറക്കംതൂങ്ങി പ്രസിഡന്റെന്ന്‌ പരിഹസിച്ച്‌ കോൺഗ്രസ്‌ എംപി ഹൈബി ഈഡൻ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘‘എന്തിനാണ്‌ നമുക്ക്‌ ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്‌’’ എന്നാണ്‌ ഹൈബിയുടെ ഫെയ്‌സ്‌ബുക് പേജിലെ ഒറ്റവരി പോസ്‌റ്റ്‌.

പ്രതിപക്ഷ നേതാവാകാൻ 
തിരുവഞ്ചൂർ
മുല്ലപ്പള്ളിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെയുള്ള നീക്കം എ ഗ്രൂപ്പ്‌ ശക്തമാക്കി. ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃപദവിക്കെതിരെയാണ്‌ എ ഗ്രൂപ്പ്‌ തന്ത്രം മെനയുന്നത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണനെ മുന്നിൽ നിർത്തിയാണ്‌ കളി. ഉമ്മൻചാണ്ടിയുടെ മൗനാനുവാദവുമുണ്ട്‌. കോൺഗ്രസിൽ മേജർ ഓപ്പറേഷൻ വേണമെന്ന്‌  കെ സി ജോസഫ്‌ ആവശ്യപ്പെടുന്നത്‌ ഇതിന്റെയെല്ലാം ഭാഗമാണ്‌.

കേരളത്തിൽ കോൺഗ്രസിന്റെ തോൽവിയെക്കുറിച്ച്‌ ഹൈക്കമാൻഡ്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറിനോട്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ നൽകാനാണ്‌ ആവശ്യം. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മുല്ലപ്പള്ളി പാലം വലിച്ചെന്ന്‌ ഹൈക്കമാൻഡിന്‌ പരാതി കിട്ടിയിട്ടുണ്ട്‌. മുല്ലപ്പള്ളിയെ നീക്കുമെന്ന്‌ ഉറപ്പാണ്‌. അതേസമയം, രമേശ്‌ ചെന്നിത്തല സ്വയം ഒഴിയട്ടെ എന്നാണ്‌ ഹൈക്കമാൻഡ്‌ നിലപാട്‌. കഴിഞ്ഞതവണ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഉമ്മൻചാണ്ടി മാറിനിന്നത്‌ ചെന്നിത്തലയ്‌ക്കും ബാധകമാണെന്ന സൂചനയാണ്‌ പുറത്തുവരുന്നത്‌.  തോൽവി ചർച്ച ചെയ്യാൻ ഏഴിന്‌ കെപിസിസിയുടെ രാഷ്‌ട്രീയ കാര്യസമിതി യോഗം വിളിച്ചിട്ടുണ്ട്‌.

മുസ്ലിംലീഗ്‌, ആർഎസ്‌പി, കേരള കോൺഗ്രസ്‌ (ജോസഫ്‌) എന്നീ ഘടക കക്ഷികളും കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ശക്തമായ വികാരം പ്രകടിപ്പിച്ചു.  കോൺഗ്രസിലെ ഗ്രൂപ്പു തർക്കമാണ് പരാജയത്തിന്റെ ഒരു കാരണമെന്ന് പി ജെ ജോസഫ് തുറന്നടിച്ചു.

കേന്ദ്രം നീക്കട്ടെയെന്ന്‌ സുരേന്ദ്രൻ
കനത്ത തിരിച്ചടിയിൽ കോൺഗ്രസിന്‌ സമാനമായ കലാപമാണ്‌ ബിജെപിയിലും. സമ്പൂർണ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റുന്നത്‌ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ എന്നാണ്‌ കെ സുരേന്ദ്രന്റെ നിലപാട്‌.  സുരേന്ദ്രനെതിരെ കേന്ദ്രത്തിലേക്ക്‌ പരാതി പ്രവാഹമാണ്‌.

ഇനി ബിജെപി മുന്നേറില്ലെന്നും ഉത്തരേന്ത്യയിലേതുപോലെ ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ലെന്നും സി കെ പത്മനാഭൻ പറഞ്ഞത്‌ ബിജെപിക്കുള്ളിൽ സുരേന്ദ്രനെതിരെ രൂപപ്പെട്ട കാർമേഘമാണ്‌. കാഞ്ഞിരപ്പള്ളിയിൽ 2000 ലേറെ വോട്ടുകൾ കോൺഗ്രസിന്‌ മറിച്ചിട്ടുണ്ടെന്ന  ബിജെപി സ്ഥാനാർഥികൂടിയായ   അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകൾ വോട്ടുകച്ചവടത്തിന്റെ മുഖം വ്യക്തമാക്കുന്നു.

ബിഡിജെഎസ്‌ എൻഡിഎ വിടുന്നു
എൻഡിഎയോട്‌ വിടപറയാൻ ബിഡിജെഎസ്‌ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്‌. എൻഡിഎ കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന്‌ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ അറിയിച്ചു. കുണ്ടറ മണ്ഡലത്തിൽ ബിജെപി വോട്ട്‌ മൂന്നിലൊന്നായി കുറഞ്ഞെന്നും ചതി നടന്നെന്നും എൻഡിഎ സ്ഥാനാർഥി വിളിച്ചുപറഞ്ഞത്‌ ബിഡിജെഎസ്‌–- ബിജെപി ബാന്ധവത്തിൽ വന്ന വിള്ളലുകളുടെ സൂചനയാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top