18 August Sunday

ആദിവാസി സമരഭൂമിയിൽ സിവിൽ സർവീസ‌് തിളക്കം; പൊരുതിനേടി ശ്രീധന്യ

വി ജെ വർഗീസ‌്Updated: Saturday Apr 6, 2019

കൽപ്പറ്റ> തൊഴിലുറപ്പ‌ിലൂടെ സുരേഷും കമലയും മകൾക്ക‌്  നേടിക്കൊടുത്തത‌് സിവിൽ സർവീസ‌്. വയനാട്ടിലെ ജനറൽ വിഭാഗത്തിൽനിന്നുള്ളവർക്ക‌് പോലും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ‌് ആദിവാസി പെൺകുട്ടി സ്വന്തം കുടിലിൽ എത്തിച്ചത‌്. വയനാട‌് പൊഴുതന അമ്പലക്കൊല്ലി ഇ എം എസ‌് കോളനിയിലെ സുരേഷ‌്–-കമല ദമ്പതിമാരുടെ മകൾ ശ്രീധന്യ സുരേഷ‌് അഖിലേന്ത്യ സിവിൽ സർവീസ‌് പരീക്ഷയിൽ 410–-ാം റാങ്ക‌് നേടി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ‌്.

സിവിൽസർവീസ‌് പരീക്ഷയിൽ മകൾ ഉയർന്ന റാങ്ക‌് നേടിയ വിവരം അറിഞ്ഞപ്പോൾ സുരേഷിനും കമലക്കും സന്തോഷം അടക്കാനായില്ല.  തിരുവനന്തപുരത്ത‌ുനിന്ന‌്  മകളുടെ ഫോൺ വിളിയെത്തിയതോടെ ആഹ്ളാദം കൊടുമുടിയിലായി. പണിയെടുത്ത‌് കിട്ടുന്നത‌് മുഴുവൻ മക്കളുടെ പഠനത്തിന‌് ചിലവഴിക്കുന്ന തങ്ങൾക്ക‌് ഇതിനേക്കാൾ വലുതൊന്നും ലഭിക്കാനില്ലെന്ന‌് സുരേഷ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ‌് ശ്രീധന്യ സിവിൽ സർവ്വീസ‌് പരീക്ഷാ പരിശീലനം നടത്തിയത‌്. തിരുവനന്തപുരം ഫോർച്യൂൺ സിവിൽ സർവീസ‌് അക്കാദമിയിലായിരുന്നു പരിശീലനം. കഴിഞ്ഞ ജൂണിലാണ‌് പ്രിലിമിനറി പാസായത‌്. ഒക‌്ടോബറിൽ മെയിൻ  ജയിച്ചു. പിന്നീട‌് ഡൽഹിയിൽ അഭിമുഖവും പാസായി.

ശ്രീധന്യയുടെ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം സന്തോഷം പങ്കിടുന്ന സിപിഐ എം വയനാട്‌ ജില്ലാസെക്രട്ടറി പി ഗഗാറിൻ

ശ്രീധന്യയുടെ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം സന്തോഷം പങ്കിടുന്ന സിപിഐ എം വയനാട്‌ ജില്ലാസെക്രട്ടറി പി ഗഗാറിൻ സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ‌് ശ്രീധന്യ. തരിയോട‌് നിർമല ഹയർസെക്കൻഡറി സ‌്കൂളിൽനിന്നാണ‌് എസ‌്എസ‌്എൽസി പാസായത‌്. തരിയോട‌് ഗവ. ജിഎച്ച‌്എസ‌്എസിൽനിന്ന‌് പ്ലസ‌് ടുവും കോഴിക്കോട‌് ദേവഗിരി കോളേജിൽനിന്ന‌് സുവോളജിയിൽ ബിരുദവും കലിക്കറ്റ‌് സർവകലാശാല ക്യാമ്പസിൽനിന്ന‌് ബിരുദാനന്തര ബിരുദവും നേടി.

2016ലാണ‌് ആദ്യം സിവിൽ സർവീസ‌് പ്രിലിമിനറി പരീക്ഷ എഴുതിയത‌്. കുറഞ്ഞ മാർക്കിന‌് പരാജയപ്പെട്ടു. എന്നാൽ ഐഎഎസ‌് നേടണമെന്ന ഉറച്ച ലക്ഷ്യത്തോടെ പരിശീലനം തുടർന്നു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐസിഎസ‌്ഇടിഎസ‌്(ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ സിവിൽ സർവീസ‌് എക‌്സാമിനേഷൻ ടെയിനിങ് സൊസൈറ്റി) പരിശീലനത്തിന‌് സാമ്പത്തിക സഹായം നൽകി. ഇപ്പോൾ ശ്രീധന്യ ഫോർച്യൂൺ സിവിൽ സർവീസ‌് അക്കാദമയിൽ വിദ്യാർഥികൾക്ക‌് ക്ലാസെടുക്കുകയാണ‌്. സഹോദരി സുശിത സുരേഷ‌് പാലക്കാട‌് കോടതിയിലെ ലാസ‌്റ്റ‌് ഗ്രേഡ‌് ജീവനക്കാരിയാണ‌്. സഹോദരൻ ശ്രീരാഗ‌് സുരേഷ‌് മീനങ്ങാടി പോളിടെക‌്നിക‌് വിദ്യാർഥി.

ശ്രീധന്യയെ പട്ടികജാതി പട്ടികവർഗ മന്ത്രി എ കെ ബാലൻ അനുമോദിച്ചു. സിപിഐ എം ജില്ലാ  സെക്രട്ടറി പി ഗഗാറിൻ  അടക്കമുള്ളവർ അമ്പലക്കൊല്ലിയിലെ ആദിവാസി സമരഭൂമിയായ ഇ എം എസ‌് കോളനിയിലെത്തി മാതാപിതാക്കളെ അഭിനന്ദിച്ചു.
 


പ്രധാന വാർത്തകൾ
 Top