22 October Tuesday

'മതനിരപേക്ഷത ഉയര്‍ത്തുന്ന വെല്ലുവിളി' സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ചോദ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യമെത്തി: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കൊച്ചി > നമ്മുടെ  സംസ്‌കാരത്തിനു മതനിരപേക്ഷത ഉയര്‍ത്തുന്ന വെല്ലുവിളി സിവില്‍ സര്‍വ്വീസിന്റെ മെയിന്‍ പരീക്ഷയില്‍ ചോദ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് . ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നിലെ 20 ചോദ്യങ്ങളില്‍ പത്താമത്തെ ചോദ്യമായാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'What are the challenges to our cultural practices in the name of secularism?' എന്നാണ് ഈ ചോദ്യം.

150 വാക്കുകളില്‍ ഉത്തരമെഴുതേണ്ട ഈ ചോദ്യത്തിന് പത്ത് മാര്‍ക്കാണ്.ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയാണ് മതനിരപേക്ഷത. അത് രാജ്യത്തിന്റെ സംസ്‌കാരത്തിനു വെല്ലുവിളിയാണെന്നു കരുതുന്ന ചോദ്യം ഭരണഘടനാ  വിരുദ്ധമാണ്.

നാനാത്വത്തില്‍ ഏകത്വം കാണുന്ന , ലോകമേ തറവാട് എന്നു കാണുന്ന , ചാര്‍വാക ദര്‍ശനമുള്‍പ്പെടെയുള്ള  വ്യത്യസ്ത ധാരകള്‍ക്ക് ഇടമുള്ള ഭാരതീയ സംസ്‌കൃതിയുടെ അവിഭാജ്യ ഭാഗമാണ് മതനിരപേക്ഷത. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീ നാരായണ ദര്‍ശനവും ഇതിന്റെ ഭാഗമാണ്.

ഇതിനെയെല്ലാം നിരാകരിക്കുന്നതാണ് ഈ ചോദ്യത്തിനു പുറകിലുള്ള കാഴ്ചപ്പാട് .അതിനുമപ്പുറത്ത് മാനങ്ങള്‍ ഈ ചോദ്യത്തിനുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന് ഒപ്പം നില്‍ക്കുന്നവര്‍ മാത്രം ഭരണകൂട ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നവരായി മതിയെന്നു ഉറപ്പുവരുത്താനുള്ള ശ്രമം കൂടിയാണിത്.

മറച്ചുവെയ്ക്കപ്പെട്ട അജണ്ടകള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് കാണാതിരുന്നു കൂടെന്നും പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top