07 August Friday

സിവിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌: മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

തിരുവനന്തപുരം > സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തില്ലെന്നാണ്‌ പ്രധാന പ്രചാരണം. എന്നാൽ 2021 ഡിസംബർ 31വരെയുള്ള പ്രതീക്ഷിത ഒഴിവടക്കം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1200 താൽക്കാലിക തസ്‌തിക എവിടെയെന്ന ചോദ്യവും തെറ്റിദ്ധാരണ പരത്തുന്നതാണ്‌.

പ്രതീക്ഷിത ഒഴിവും (ആന്റിസിപ്പേറ്ററി വേക്കൻസി) താൽക്കാലിക തസ്‌തികയും (ടെമ്പററി വേക്കൻസി) രണ്ടല്ല. പ്രതീക്ഷിത ഒഴിവിലേക്ക്‌ നിലവിലെ റാങ്ക്‌ പട്ടികയിൽനിന്ന്‌ നിയമനം നടത്താൻ സൃഷ്‌ടിക്കുന്നതാണ്‌ താൽക്കാലിക തസ്‌തിക. ഇത്തരം തസ്‌തിക സൃഷ്‌ടിച്ചില്ലെങ്കിൽ പ്രതീക്ഷിത ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്‌താൽ ഏത്‌ സമയത്തെ ഒഴിവാണോ ആ സമയത്തേക്കുള്ള റാങ്ക്‌ പട്ടികയിൽനിന്നേ നിയമനം നടത്തൂ.

പൊലീസിൽ നിയമനം ലഭിച്ചാൽ പരിശീലനം പൂർത്തിയായി സർവീസിൽ പ്രവേശിക്കാൻ ഒരു വർഷത്തോളം വരും. അതിനാലാണ്‌ അടുത്ത ഒരു  വർഷത്തെ ഒഴിവിൽക്കൂടി  കാലേക്കൂട്ടി നിയമനം നടത്തുന്നത്‌. ഇതിന്‌ താൽക്കാലികമായി തസ്‌തിക സൃഷ്‌ടിക്കണം. 2018ൽ അവസാനിച്ച റാങ്ക്‌ലിസ്റ്റിൽനിന്ന്‌ നിയമനം നടത്താനും താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ചിരുന്നു. സമാനമായ  തസ്‌തികയ്‌ക്കാണ്‌ സർക്കാർ തുടർച്ചാനുമതി നൽകിയത്. അല്ലാതെ പ്രതീക്ഷിത ഒഴിവിന്‌ പുറമെയുള്ളതല്ല താൽക്കാലിക തസ്‌തിക.

ഒരുവർഷത്തെ ഒഴിവ്‌ കണക്കാക്കേണ്ടത്‌ 2021 ജൂൺവരെയാണ്‌. എന്നാൽ കൂടുതൽ പേർക്ക്‌ നിയമനം ലഭിക്കാൻ 2021 ഡിസംബർ വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ കണക്കാക്കി. ഫലത്തിൽ ഒന്നര വർഷത്തെ ഒഴിവ്‌. മന്ത്രിസഭാ തീരുമാനം വന്നശേഷം ഈ  ഒഴിവിലേക്ക്‌ നിയമനം നടത്തിയില്ലെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്‌. സർക്കാർ സൃഷ്‌ടിച്ച  1200 പ്രതീക്ഷിത ഒഴിവിലേക്കുള്ള താൽക്കാലിക തസ്‌തികയിൽ  ഐആർ   ബറ്റാലിയനുള്ള 154 ഒഴിവുകൾ കഴിഞ്ഞുള്ള 1046 ഒഴിവ്‌   റിപ്പോർട്ട്‌ ചെയ്‌തിരുന്നു. അതിലേക്കുള്ള തുടരനുമതിയാണ്‌  താൽക്കാലിക തസ്‌തികയ്‌ക്ക്‌ തുടർച്ചാനുമതിയെന്ന്‌ മന്ത്രിസഭ തീരുമാനിച്ചത്‌. പരിശീലനത്തിനായി 300 താൽക്കാലിക ഹവീൽദാർ  തസ്‌തിക  സൃഷിടിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒഴിവ്‌വരുന്ന 300 പൊലീസ്‌ കോൺസ്‌റ്റബിൾ തസ്‌തികയും പൊലീസിൽനിന്ന്‌  സാങ്കേതിക വിഭാഗത്തിലേക്ക്‌ ഡെപ്യൂട്ടേഷൻ നൽകിയതിനാൽ ഒഴിവു വന്ന  278 തസ്‌തികയും പിഎസ്‌സിക്ക്‌  റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

ജൂൺ 30ന്‌ കാലാവധി അവസാനിച്ച സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ ജൂൺ 30വരെ 5629 പേരുടെ ഒഴിവാണ്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 3682 പേർക്ക്‌ നിയമനം ലഭിച്ചു. 1947 പേർക്കുള്ള നിയമന ശുപാർശ പിഎസ്‌സി അയച്ചുവരികയാണ്‌. പലർക്കും ഇവ ലഭിച്ചുതുടങ്ങി.  നേരത്തെ ഹൈക്കോടതിയിലെ കേസ്‌ കാരണം നിയമനം തടസ്സപ്പെട്ട  കെഎപി ഒന്നിലെ 355, കെഎപി അഞ്ചിലെ 468  ഒഴിവുകളിലേക്കുള്ള ശുപാർശയും ഇതിൽപ്പെടും. ഇതിനെല്ലാം പുറമെ എസ്‌എസ്‌–-എസ്‌ടി വിഭാഗത്തിന്‌  പ്രത്യേക പരിഗണന നൽകി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന്‌  452 പേർക്കുള്ള ഒഴിവും  റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top