21 September Thursday

വീണ്ടും കോഴിക്കോട്‌: സിഐടിയു ആദ്യസമ്മേളനത്തിന്‌ വേദിയായ ചരിത്രനഗരി

സി പ്രജോഷ്‌ കുമാർUpdated: Saturday Dec 10, 2022

1970 ലെ കോഴിക്കോട്‌ സമ്മേളനവാർത്തയുമായി ദേശാഭിമാനി

കോഴിക്കോട്‌ > സിഐടിയു രൂപീകരണത്തിന്‌ മുന്നോടിയായുള്ള ആദ്യ സംസ്ഥാന സമ്മേളനത്തിന്‌ വേദിയായത്‌ കോഴിക്കോട്‌. 1970 മെയ്‌ 8, 9 തീയതികളിലായിരുന്നു ചരിത്രസമ്മേളനം. കൊൽക്കത്തയിൽ മെയ്‌ 28, 29, 30 തീയതികളിൽ ചേർന്ന രൂപീകരണ സമ്മേളനത്തിന്‌ അനുബന്ധമായാണ്‌ കോഴിക്കോട്ട്‌ സമ്മേളനം നടന്നത്‌. ഗോവയിൽ ചേർന്ന ദേശീയ കൺവൻഷനാണ്‌ എഐടിയുസിയിൽനിന്ന്‌ വിഭിന്നമായ ട്രേഡ്‌ യൂണിയൻ സംഘടന അഖിലേന്ത്യാടിസ്ഥാനത്തിൽ രൂപീകരിക്കാൻ തീരുമാനിച്ചത്‌. വീണ്ടുമൊരു സംസ്ഥാന സമ്മേളനത്തിന്‌ ഡിസംബർ 17 മുതൽ 19 വരെ കോഴിക്കോട്‌ വേദിയാകുകയാണ്‌.

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ് യൂണിയൻ നഗരത്തിൽ സ്ഥാപിച്ച പി ടി രാജൻ സ്മാരക കവാടം

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ് യൂണിയൻ നഗരത്തിൽ സ്ഥാപിച്ച പി ടി രാജൻ സ്മാരക കവാടം


കേരളത്തിലെ ആദ്യ സമ്മേളനത്തിനായി കോഴിക്കോടിനെ തെരഞ്ഞെടുത്തതും അവിചാരിതമായിരുന്നില്ല. പി കൃഷ്‌ണപിള്ളയും എ കെ ജിയും മുപ്പതുകളിൽ തന്നെ കോഴിക്കോട്ട്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനം ആരംഭിച്ചിരുന്നു. 1935ൽ ഓട്ടുകമ്പനി തൊഴിലാളികളുടെ സംഘടന രൂപീകരിച്ചിരുന്നു. നിരവധി സമരങ്ങളും നടന്നു. മാവൂർ ഗ്വാളിയോർ റയോൺസിലും സംഘടന ശക്തമായിരുന്നു. വടകര ഭാഗത്ത്‌ ബീഡി–-ചുരുട്ട്‌ തൊഴിലാളികളും മലയോരത്ത്‌ തോട്ടം തൊഴിലാളികളും തീരമേഖലകളിൽ കയർ തൊഴിലാളികളും നഗരത്തിൽ ചുമട്ടുതൊഴിലാളികളും ശക്തമായിരുന്നു. കെ പത്മനാഭനും ടി അയ്യപ്പനും എം വാസുവുമായിരുന്നു നഗരത്തിലെ ട്രേഡ്‌ യൂണിയൻ നേതാക്കൾ. ഇവരായിരുന്നു സമ്മേളന സംഘാടകർ.

ടൗൺഹാളായിരുന്നു രണ്ടുദിവസത്തെ സമ്മേളന വേദി. എഐടിയുസിയിൽനിന്ന്‌ വിഭിന്നമായ സംഘടനയുടെ രാഷ്‌ട്രീയപ്രാധാന്യം തൊഴിലാളികളെ ബോധ്യപ്പെടുത്തുകയായിരുന്നു സമ്മേളന ലക്ഷ്യം. ബി ടി രണദിവെയായിരുന്നു ഉദ്‌ഘാടകൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ മുന്നൂറോളം ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.

ട്രേഡ്‌ യൂണിയൻ എന്നു മാത്രമായിരുന്നു സംഘടനയുടെ പേര്‌. ചുവപ്പ്‌ പതാകയിൽ വെള്ള അക്ഷരത്തിൽ ‘ടി യു’ എന്ന്‌ എഴുതിയതായിരുന്നു പതാക. ദിവസങ്ങൾക്കുശേഷം കൊൽക്കത്തയിൽ ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ്‌ സിഐടിയു രൂപീകരിച്ചത്‌. പതാകയും അംഗീകരിച്ചു.  തുടർന്ന്‌ എല്ലാ മേഖലകളിലും സിഐടിയുവിന്‌ കീഴിൽ തൊഴിലാളി സംഘടനകൾ നിലവിൽ വന്നു. രാജ്യത്തെ വലിയ ട്രേഡ്‌ യൂണിയൻ സംഘടനയായി അത്‌ വളർന്നു. 1995ലാണ്‌ സിഐടിയു സമ്മേളനത്തിന്‌ അവസാനമായി കോഴിക്കോട്‌ വേദിയായത്‌. ജ്യോതി ബസുവായിരുന്നു പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌തത്‌.

കൊൽക്കത്തയിൽ ചേർന്ന സിഐടിയു സ്ഥാപക സമ്മേളനത്തിന്റെ വാർത്ത

കൊൽക്കത്തയിൽ ചേർന്ന സിഐടിയു സ്ഥാപക സമ്മേളനത്തിന്റെ വാർത്ത



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top