13 August Thursday

പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട; അധികാരത്തിന്റെ ഹുങ്ക് കാണിക്കാമെന്ന് ധരിക്കേണ്ട: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019


നിയമത്തിന്റെ ബലംവച്ച് എന്തും കാണിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ഹുങ്ക് വിലപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ പൗരത്വ ഭേദഗതി നിയമം  കേരളത്തിലും നടപ്പാക്കാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. എന്നാൽ കേരളത്തിൽ ഇത് നടപ്പാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവർ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രസംഗം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാവിലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

“ഇവിടെയുള്ളവരുടെ മാതാപിതാക്കളും പൂർവികരും ഏതുരാജ്യത്തുനിന്ന് വന്നവരാണെന്ന് പരിശോധിക്കേണ്ടതില്ല. പൂർവികരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ അത്   കേരളത്തിന് ബാധകമാകില്ല. അതുകൊണ്ടുതന്നെ ഈ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട’– മുഖ്യമന്ത്രി വ്യക്തമാക്കി. 

വർഗീയവാദികളേയും മതനിരപേക്ഷവാദികളേയും ഒരുപോലെ കാണുന്നവരുണ്ട്. അത് വർഗീയതയുടെ ആപത്ത് തിരിച്ചറിയാത്തവരാണ്. മതനിരപേക്ഷതയെ അനുകൂലിക്കുന്നവർ വർഗീയതയെ ശക്തമായി എതിർക്കുന്നില്ല. ഇത് ഭരണഘടനാ സംരക്ഷണത്തിന് തടസ്സമാണ്.

മാധ്യമസ്വാതന്ത്ര്യം  സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.  കേരളത്തിൽ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനും ആവശ്യങ്ങൾക്കും വളരെ പ്രാധാന്യമാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. ഇക്കാര്യത്തിൽ സർക്കാർ പത്രപ്രവർത്തകരുടെ മുന്നിലുണ്ടാകും.

ദേശീയമാധ്യമങ്ങളിലടക്കം കരാർ നിയമനമാണിപ്പോൾ. ഇത് മാധ്യമപ്രവർത്തകരുടെ തൊഴിൽ സുരക്ഷക്ക് വെല്ലുവിളിയാണ്. ആഗോളവൽക്കരണത്തെ തുടക്കത്തിൽ തന്നെ ഇടതുപക്ഷം എതിർത്തതാണ്. അന്ന് ഇടതുപക്ഷത്തെ പരിഹസിച്ചവരും  അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ  ആപത്ത് തിരിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top