29 February Saturday
വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരമായി.

എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തിരുവനന്തപുരം>  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും.ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക - മത - സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു.

ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം  കൂട്ടാനുള്ള വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരമായി. കേരളപഞ്ചായത്തീരാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യും.

ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ച്  നിയമമാകുന്നതോടെ വാര്‍ഡുകള്‍ 2011 ലെ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കും. ഇതിന്റെ ഭാഗമായി ഒരുവാര്‍ഡ് വീതം വര്‍ധിക്കും. 1749 വാര്‍ഡാണ് വര്‍ധിക്കുക. മൊത്തം വാര്‍ഡ്- ഡിവിഷനുകളുടെ എണ്ണം 23,649 ആകും.

വാര്‍ഡ് പുനര്‍നിര്‍ണയം തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. അതിര്‍ത്തി പുനര്‍നിര്‍ണയത്തിനും പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിനുമായി 2018 മാര്‍ച്ചില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു.

രണ്ട് പ്രളയവും പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ സമിതി പ്രവര്‍ത്തനം അല്‍പ്പം നീണ്ടു. തുടര്‍ന്ന്, പുതിയ പഞ്ചായത്തുകള്‍മാത്രം രൂപീകരിക്കാനുള്ള ശുപാര്‍ശ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. 118 പഞ്ചായത്തിന്റെ പട്ടികയും കൈമാറി. സാമ്പത്തികബാധ്യതയും സെന്‍സസ് ഡയറക്ടറുടെ കത്തും പരിഗണിച്ച്  സര്‍ക്കാര്‍ ഈ തീരുമാനം ഉപേക്ഷിച്ചു.

ഇതോടെയാണ്  വാര്‍ഡുകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.ഭരണഘടനയും പഞ്ചായത്തീരാജ് -മുനിസിപ്പാലിറ്റി ആക്ടുകള്‍ പ്രകാരവുമാണ്  അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.  നിലവില്‍ 2001ലെയും 2011ലെയും സെന്‍സസ് പ്രകാരമാണ് തദ്ദേശഭരണവാര്‍ഡുകള്‍. ഈ ഇരട്ടരീതിയും ഇതോടെ ഒഴിവാകും.

 


പ്രധാന വാർത്തകൾ
 Top